നിതി ആയോഗ്
ഇന്ത്യൻ പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ : സത്യവും മിഥ്യയും
Posted On:
27 MAY 2021 12:01PM by PIB Thiruvananthpuram
രാജ്യത്തെ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനെ സംബന്ധിച്ച് നിരവധി മിഥ്യാധാരണകൾ പ്രചരിക്കുന്നുണ്ട്.
നീതി ആയോഗ് അംഗവും (ആരോഗ്യം), കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനായുള്ള (National Expert Group on Vaccine Administration-NEGVAC) ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ ചെയർമാനുമായ ഡോ.വിനോദ് പോൾ ഈ മിഥ്യാധാരണകളെ അഭിസംബോധന ചെയ്യുകയും വസ്തുതകൾ പങ്കു വയ്ക്കുകയും ചെയ്യുന്നു.
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച സത്യവും മിഥ്യയും
മിഥ്യാധാരണ 1: വിദേശത്ത് നിന്ന് വാക്സിനുകൾ വാങ്ങാൻ കേന്ദ്രം വേണ്ടത്ര പരിശ്രമം നടത്തുന്നില്ല
വസ്തുത: 2020 പകുതി മുതൽ കേന്ദ്ര സർക്കാർ എല്ലാ പ്രമുഖ അന്താരാഷ്ട്ര വാക്സിൻ നിർമ്മാതാക്കളുമായി തുടർച്ചയായി ചർച്ചകൾ നടത്തി വരുന്നു. ഫൈസർ, ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ എന്നീ വാക്‌സിൻ നിർമ്മാതാക്കളുമായി ഒന്നിലധികം തവണ ചർച്ചകൾ നടന്നു. അവരുടെ വാക്സിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സർക്കാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാൽ, ആഗോളതലത്തിൽ പരിമിതമായാണ് വാക്സിനുകൾ വിതരണത്തിനെത്തുന്നത്. കൂടാതെ കമ്പനികൾക്ക് അവരുടേതായ മുൻഗണനകളും വാക്സിൻ വിഹിതം അനുവദിക്കുന്നതിൽ പ്രതിബദ്ധതകളും പരിമിതികളും നിർബന്ധങ്ങളുമുണ്ട്. ഉത്പാദക രാജ്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. വാക്സിൻ ലഭ്യതയെക്കുറിച്ച് ഫൈസർ സൂചന നൽകിയ ഉടൻ തന്നെ കേന്ദ്ര സർക്കാർ കമ്പനിയുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് വാക്സിൻ ഡോസുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ഭാരത സർക്കാരിന്റെ ശ്രമഫലമായി, സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങൾ വേഗത്തിലാക്കുകയും, സമയബന്ധിതമായ അംഗീകാരം നൽകുകയും ചെയ്തതോടെ രണ്ട് തവണ റഷ്യയിൽ നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്തു. രാജ്യത്തെ കമ്പനികൾക്ക് സാങ്കേതിക കൈമാറ്റവും പൂർത്തിയാക്കിയതോടെ ഉടൻ തന്നെ സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കും.
മിഥ്യാധാരണ 2: ആഗോളതലത്തിൽ ലഭ്യമായ എല്ലാ വാക്സിനുകളും കേന്ദ്രം അംഗീകരിച്ചിട്ടില്ല
വസ്തുത: യുഎസ് എഫ്ഡിഎ, ഇഎംഎ, യുകെയുടെ എംഎച്ച്‌ആർഎ, ജപ്പാനിലെ പിഎംഡിഎ,എന്നിവയും ,ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിംഗിൽ ഔദ്യോഗികമായി അംഗീകരിച്ചവാക്സിനുകൾക്കും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഏപ്രിലിൽ തന്നെ കേന്ദ്രസർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട് .ഈ വാക്സിനുകൾ കുത്തിവയ്പ്പിന് മുമ്പുള്ള ബ്രിഡ്ജിംഗ് പരീക്ഷണങ്ങൾക്ക് വീണ്ടും വിധേയമാകേണ്ടതില്ല. മറ്റ് രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന അംഗീകൃത വാക്സിനുകൾക്ക് ഇന്ത്യയിലെ പരീക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിനായി ബ്രിഡ്ജിംഗ് വ്യവസ്ഥകൾ ഭേദഗതി ചെയ്തു. അംഗീകാരത്തിനായി വിദേശ വാക്‌സിൻ നിർമ്മാതാക്കൾ സമർപ്പിച്ച അപേക്ഷകളെല്ലാം ഇതിനോടകം ഡ്രഗ്സ് കൺട്രോളർ തീർപ്പാക്കിക്കഴിഞ്ഞു.
മിഥ്യാധാരണ 3: വാക്‌സിനുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രം വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ല
വസ്തുത: 2020 ന്റെ തുടക്കം മുതൽ കൂടുതൽ കമ്പനികളെ വാക്സിൻ നിർമ്മാണത്തിന് പ്രാപ്തമാക്കുന്നതിനായി ഒരു സഹായിയുടെ ഫലപ്രദമായ പങ്ക് കേന്ദ്രസർക്കാർ വഹിക്കുന്നു. വാക്സിൻ നിർമ്മാണത്തിന് ബൗദ്ധിക സ്വത്തവകാശം ഉള്ള ഒരു ഇന്ത്യൻ കമ്പനി (ഭാരത് ബയോടെക്) മാത്രമേയുള്ളൂ. ഭാരത് ബയോടെക്കിന്റെ സ്വന്തം പ്ലാന്റുകൾ 1 ൽ നിന്ന് 4 ആയി വർദ്ധിപ്പിച്ചതിനുപുറമെ മറ്റ് 3 കമ്പനികൾ / പ്ലാന്റുകൾ കൂടി കോവാക്സിൻ ഉത്പാദനം ആരംഭിക്കുമെന്ന് സർക്കാർ ഉറപ്പാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉത്പാദനം പ്രതിമാസം 1 കോടിയിൽ നിന്ന് ഒക്ടോബറോടെ പ്രതിമാസം 10 കോടിയായി ഉയരും. മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് ഡിസംബറോടെ 4 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. കോവിഷീൽഡ് ഉൽപാദനം പ്രതിമാസം 6.5 കോടി ഡോസിൽ നിന്ന് 11 കോടി ഡോസായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തും.റഷ്യയും ഭാരത സർക്കാരും തമ്മിലുള്ള പങ്കാളിത്തത്തിൽ ഡോ. റെഡ്ഡിസിന്റെ സഹകരണത്തോടെ 6 കമ്പനികൾ സ്പുട്നിക് വാക്‌സിൻ നിർമ്മിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് സുരക്ഷ പദ്ധതി പ്രകാരമുള്ള ഉദാരമായ ഫണ്ടിംഗ് വഴിയും ദേശീയ ലബോറട്ടറികളിലെ സാങ്കേതിക സഹായം ലഭ്യമാക്കിയും തദ്ദേശീയ വാക്സിനുകൾ നിർമ്മിക്കാനുള്ള സൈഡസ് കാഡില, ബയോഇ, ജെനോവ എന്നിവയുടെ ശ്രമങ്ങളെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുന്നു. ഭാരത് ബയോടെക്കിന്റെ, മൂക്കിലൂടെ നൽകാവുന്ന ഒറ്റ ഡോസ് ഇൻട്രനാസൽ വാക്സിന്റെ വികസന പ്രക്രിയ സർക്കാർ സഹായത്തോടെ പുരോഗമിക്കുന്നു. 2021 അവസാനത്തോടെ രാജ്യത്തെ വാക്സിൻ നിർമ്മാതാക്കൾ 200 കോടിയിലധികം ഡോസുകൾ ഉത്പാദിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നത് സർക്കാരിൻെറ സ്ഥിരതയാർന്ന പിന്തുണയുടെയും പങ്കാളിത്തത്തിന്റെയും ഫലമായാണ്.
മിഥ്യാധാരണ 4: കേന്ദ്രം നിർബന്ധിത ലൈസൻസിംഗ് ഏർപ്പെടുത്തണം
വസ്തുത: നിർബന്ധിത ലൈസൻസിംഗ് വളരെ ആകർഷകമായ ഒരു ഉപാധിയല്ല. കാരണം ‘ഫോർമുല അഥവാ രാസസൂത്രം’ മാത്രമല്ല മറിച്ച് സജീവമായ പങ്കാളിത്തം, മാനവ വിഭവശേഷി, പരിശീലനം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത,ഉന്നത നിലവാരമുള്ള ബയോ സേഫ്റ്റി ലാബുകൾ എന്നിവ കൂടിയാണ് വാക്‌സിൻ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. സാങ്കേതിക കൈമാറ്റവും പ്രധാനമാണ്. സാങ്കേതിക ജ്ഞാനം ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തിയ കമ്പനികൾക്ക് സ്വന്തമാണ്. നിർബന്ധിത ലൈസൻസിംഗിനെക്കാൾ ഒരു പടി കൂടി കടന്ന് ഭാരത് ബയോടെക്കും മറ്റ് 3 സ്ഥാപനങ്ങളുമായും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ നാം കോവാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു.സ്പുട്നിക്ക് വാക്‌സിൻ നിർമ്മാണത്തിനും സമാനമായ സംവിധാനം പിന്തുടരുന്നു.
മിഥ്യാധാരണ 5: കേന്ദ്രം ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക് നൽകി കൈയൊഴിഞ്ഞു
വസ്തുത: വാക്സിൻ നിർമ്മാതാക്കൾക്ക് ധനസഹായം നൽകുന്നത് മുതൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും വിദേശ വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമാക്കുന്നതിന് വേഗത്തിൽ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളും കേന്ദ്ര സർക്കാർ നിർവ്വഹിച്ചു പോരുന്നു. കേന്ദ്രം വാങ്ങുന്ന വാക്സിൻ ഡോസുകൾ ജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കൈമാറുന്നു.സംസ്ഥാനങ്ങളുടെ നിരന്തര അഭ്യർത്ഥനകൾ മാനിച്ച് സ്വന്തമായി വാക്സിനുകൾ വാങ്ങാൻ ശ്രമമാരംഭിക്കാൻ ഭാരത സർക്കാർ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു
മിഥ്യാധാരണ 6: സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ കേന്ദ്രം നൽകുന്നില്ല
വസ്തുത: നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സുതാര്യമായ രീതിയിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിനുകൾ കേന്ദ്രം അനുവദിക്കുന്നു. വാക്സിൻ ലഭ്യതയെക്കുറിച്ച് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിക്കുന്നുണ്ട്. വാക്സിൻ ലഭ്യത സമീപഭാവിയിൽ വർദ്ധിക്കുകയും കൂടുതൽ വിതരണം സാധ്യമാവുകയും ചെയ്യും.
മിഥ്യാധാരണ 7: കുട്ടികൾക്ക് വാക്സിൻ നൽകാൻ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ല
വസ്തുത: ഇതുവരെ, ഒരു ലോകരാജ്യവും കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടില്ല. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ശുപാർശകൾ നിലവിലില്ല. രാജ്യത്ത് കുട്ടികളിലെ പരീക്ഷണം ഉടൻ ആരംഭിക്കും. എന്നാൽ, കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് പരീക്ഷണങ്ങൾക്ക് ശേഷം ലഭിക്കുന്ന മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ ശാസ്ത്രജ്ഞരുടെ നിർദ്ദേശപ്രകാരമായിരിക്കും.
(Release ID: 1722144)
Visitor Counter : 1743
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada