ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ആകെ നൽകിയ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു 

Posted On: 26 MAY 2021 3:41PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിമെയ് 26, 2021
 
രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു കൊണ്ട് ഇന്ന് നിർണായക നേട്ടം കൈവരിച്ചു. വാക്സിനേഷൻ യജ്ഞത്തിന്റെ 130 -മത് ദിവസം, 20 കോടി ഡോസ് ആണ് കടന്നത്. ഇന്ന് രാവിലെ 7:00  മണി വരെ ലഭ്യമായ കണക്ക് പ്രകാരം, ആകെ നൽകിയ 20,06,62,456 ഡോസുകളിൽ, 15,71,49,593 ആദ്യ ഡോസും, 4,35,12,863 രണ്ടാം ഡോസും ആണ്.
 
യുഎസ്എയ്ക്ക് ശേഷം വെറും 130 ദിവസത്തിനുള്ളിൽ ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 124 ദിവസം കൊണ്ടാണ് യുഎസ്എ 20 കോടി ഡോസിൽ എത്തിയത്.
 
കൂടാതെ, 'ഔഅർ വേൾഡ് ഇൻ ഡാറ്റയിലും' നിരവധി വാർത്താ ലേഖനങ്ങളിലും ലഭ്യമായ വിവരങ്ങൾ  അനുസരിച്ച്, പ്രമുഖ രാജ്യങ്ങളിലെ കോവിഡ്-19 വാക്സിനേഷൻ വിവരങ്ങൾ ഇപ്രകാരമാണ് : യു.കെ.-168 ദിവസത്തിനുള്ളിൽ 5.1 കോടി, ബ്രസീൽ-128 ദിവസത്തിനുള്ളിൽ 5.9 കോടി, ജർമ്മനി-149 ദിവസത്തിനുള്ളിൽ 4.5 കോടി.
 
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം, രാജ്യത്തെ 45 വയസ്സിനു മുകളിലുള്ള 34 ശതമാനത്തിലധികം ജനങ്ങൾക്ക് ഇതുവരെ കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിൻ ലഭിച്ചിട്ടുണ്ട്. അതുപോലെ, 60 വയസ്സിന് മുകളിലുള്ളവരിൽ 42 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിൻ ലഭിച്ചിട്ടുണ്ട്.
 
കോവിഡ്-19  നെതിരായ വാക്സിനേഷൻ യജ്ഞത്തിൽ ഇന്ത്യ ഇതുവരെ മൂന്ന് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇവയിൽ രണ്ടെണ്ണം ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ചതാണ്- സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണവ. റഷ്യൻ നിർമ്മിത സ്പുട്നിക്ക് V വാക്സിനാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച മൂന്നാമത്തെ വാക്സിൻ. ഏതാനും സ്വകാര്യ ആശുപത്രികളിൽ ഈ വാക്സിൻ ഉപയോഗിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ ഉപയോഗം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
RRTN

(Release ID: 1722059) Visitor Counter : 253