പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി വാരണസിയിലെ ഡോക്ടർമാരുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചു


അലംഭാവത്തിനെതിരെ ആരോഗ്യ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുകയും ബനാറസ്, പൂർവഞ്ചൽ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് ആവശ്യപ്പെടുകയുക ചെയ്തു

‘മൈക്രോ-കണ്ടെയ്‌ൻമെന്റ് സോണുകൾ’, ‘മരുന്നുകളുടെ ഹോം ഡെലിവറി’ തുടങ്ങിയ സംരംഭങ്ങളെ പ്രകീർത്തിച്ചു

രോഗിയുടെ വീട്ടുവാതിൽക്കൽ ചികിത്സ എത്തിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ ഭാരം കുറയ്ക്കും: പ്രധാനമന്ത്രി

Posted On: 21 MAY 2021 2:16PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ ഡോക്ടർമാരുമായും ഉദ്യോഗസ്ഥരുമായും ഇന്ന് വീഡിയോ കോൺഫറൻസിലൂടെ  സംവദിച്ചു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ  വർധിപ്പിക്കുന്നതിനും   ആവശ്യമായ മരുന്നുകൾ ,  വെന്റിലേറ്ററുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയ നിർണായക ഉപകരണങ്ങളുടെ  വേണ്ടത്ര വിതരണം ഉറപ്പുവരുത്തുന്നതിനും സഹായിച്ച നിരന്തരവും സജീവവുമായ നേതൃത്വത്തിന് വാരണാസിയിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. കോവിഡിന്റെ വ്യാപനം തടയൽ,  പ്രതിരോധ കുത്തിവയ്പ്പ് നില, ഭാവിയിലെ വെല്ലുവിളികൾക്കായി ജില്ലയെ ഒരുക്കുന്നതിനുള്ള നിലവിലുള്ള നടപടികൾ, പദ്ധതികൾ എന്നിവയുൾപ്പെടെ  കഴിഞ്ഞ ഒരു മാസത്തിൽ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. മ്യൂകോർമൈക്കോസിസിന്റെ ഭീഷണിയെക്കുറിച്ച് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും രോഗം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പ്രധാനമന്ത്രിയെ അറിയിച്ചു.

കോവിഡിനെതിരായ  പോരാട്ടത്തിൽ   തുടർച്ചയായ പരിശീലനത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു.  പാരാമെഡിക്കൽ സ്റ്റാഫുകൾക്കും,പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക്  പരിശീലന സെഷനുകളും വെബിനാറുകളും നടത്താൻ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും നിർദ്ദേശിച്ചു. ജില്ലയിൽ വാക്സിൻ പാഴാക്കുന്നത് കുറയ്ക്കുന്നതിന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാശിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ, വാർഡ് ബോയ്സ്, ആംബുലൻസ് ഡ്രൈവർമാർ, മറ്റ് മുൻ‌നിര ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. ബനാറസിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഓക്സിജന്റെയും ഐസിയു കിടക്കകളുടെയും എണ്ണം വർദ്ധിപ്പിച്ചിത്തിനും  പണ്ഡിറ്റ് രാജൻ മിശ്ര കോവിഡ് ഹോസ്പിറ്റൽ ഇത്രയും ഹ്രസ്വമായ അറിയിപ്പിൽ സജീവമാക്കിയ രീതിയെ അദ്ദേഹം പ്രശംസിച്ചു. വാരണാസിയിലെ ഇന്റഗ്രേറ്റഡ് കോവിഡ് കമാൻഡ് സംവിധാനം വളരെ നന്നായി പ്രവർത്തിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വാരണാസിയുടെ ഉദാഹരണം ലോകത്തെ പ്രചോദിപ്പിക്കുന്നുവെന്ന്  പ്രധാനമന്ത്രി പറഞ്ഞു. 

പകർച്ചവ്യാധി നിയന്ത്രിച്ച  മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ബനാറസ്, പൂർവഞ്ചൽ ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇപ്പോൾ ഒരു നീണ്ട യുദ്ധത്തിൽ ഏർപ്പെടാൻ അവരെ ആഹ്വാനം  ചെയ്തു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ രാജ്യത്ത് നടപ്പാക്കി വരുന്ന  പദ്ധതികളും പ്രചാരണങ്ങളും കൊറോണയ്‌ക്കെതിരെ പോരാടുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിൽ നിർമ്മിച്ച ശൗചാലയങ്ങൾ , ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള സൗജന്യ ചികിത്സാ സൗകര്യങ്ങൾ, ഉജ്വാല പദ്ധതിക്ക് കീഴിലുള്ള ഗ്യാസ് സിലിണ്ടറുകൾ, ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ അല്ലെങ്കിൽ ഫിറ്റ് ഇന്ത്യ പ്രചാരണം , യോഗയെക്കുറിച്ചുള്ള അവബോധം, ആയുഷ് തുടങ്ങിയ സംരംഭങ്ങൾ  കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ  ജനങ്ങളുടെ  ശക്തി വർദ്ധിപ്പിച്ചു.

കോവിഡ് കൈകാര്യം ചെയ്യലിൽ  പ്രധാനമന്ത്രി ഒരു പുതിയ മന്ത്രം നൽകി: " രോഗി എവിടെയോ  ചികിത്സ അവിടെ."   രോഗിയുടെ പടിവാതിൽക്കൽ ചികിത്സ എത്തിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ ഭാരം കുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൈക്രോ കണ്ടൈൻമെൻറ് സോണുകളുടെ സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും  മരുന്നുകളുടെ ഹോം ഡെലിവെറിയെ അഭിനന്ദിക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിൽ ഈ പ്രചാരണം   കഴിയുന്നത്ര സമഗ്രമാക്കണമെന്ന് അദ്ദേഹം ആരോഗ്യ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഡോക്ടർമാരെയും ലാബുകളെയും ഇ-മാർക്കറ്റിംഗ് കമ്പനികളെയും ഒരുമിച്ച് കൊണ്ടുവന്ന് "കാശി കവച് " എന്ന ടെലി മെഡിസിൻ സൗകര്യം ഒരുക്കിയതും  വളരെ നൂതനമായ ഒരു സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളിൽ കോവിഡ് -19 നെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ആശ,  എ എൻ എം  സഹോദരിമാർ  വഹിച്ച പ്രധാന പങ്ക് പ്രധാനമന്ത്രി  ഊന്നിപ്പറഞ്ഞു. അവരുടെ കഴിവുകളും അനുഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ആരോഗ്യ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. ഈ രണ്ടാം തരംഗത്തിനിടയിൽ, മുൻനിര തൊഴിലാളികൾക്ക് ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്പ് നൽകിയതിനാൽ ജനങ്ങളെ സുരക്ഷിതമായി സേവിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരുടെയും അവസരം വരുമ്പോൾ വാക്സിൻ എടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

യുപി ഗവണ്മെന്റിന്റെ  സജീവമായ ശ്രമങ്ങളെത്തുടർന്ന് പൂർവഞ്ചൽ മേഖലയിലെ ‘കുട്ടികളിൽ  എൻസെഫലൈറ്റിസ് കേസുകൾ  ഗണ്യമായി നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉദാഹരണം പ്രധാനമന്ത്രി നൽകി, അതേ  സംവേദനക്ഷമതയോടും ജാഗ്രതയോടും കൂടി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരോടും ഡോക്ടർമാരോടും  അദ്ദേഹം അഭ്യർത്ഥിച്ചു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ബ്ലാക്ക് ഫംഗസ് ഉയർത്തുന്ന പുതിയ വെല്ലുവിളിക്കെതിരെ പ്രധാനമന്ത്രി  മുന്നറിയിപ്പ് നൽകി. ഇത് കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ മുൻകരുതലുകളും ക്രമീകരണങ്ങളും ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിനെതിരായ പോരാട്ടത്തിൽ വാരണാസിയിലെ ജനപ്രതിനിധികൾ നൽകിയ നേതൃത്വത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. പൊതുജനങ്ങളുമായി ബന്ധം പുലർത്താൻ അദ്ദേഹം ജനപ്രതിനിധികളോട് അഭ്യർത്ഥിക്കുകയും വിമർശനങ്ങൾക്കിടയിലും അവരുടെ ആശങ്കയോട് പൂർണ്ണ സംവേദനക്ഷമത കാണിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഏതെങ്കിലും പൗരന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ജന പ്രതിനിധികളുടെ ഉത്തരവാദിത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരം വൃത്തിയായി നിലനിർത്താമെന്ന വാഗ്ദാനം പാലിച്ചതിന് വാരാണസിയിലെ ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

 

***


(Release ID: 1720644) Visitor Counter : 277