രാജ്യരക്ഷാ മന്ത്രാലയം
മിസൈൽ ആക്രമണത്തിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ഡിആർഡിഒ,നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചു
Posted On:
05 APR 2021 12:39PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 5, 2021
മിസൈൽ ആക്രമണത്തിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നൂതന ചാഫ് ടെക്നോളജി വികസിപ്പിച്ചു .ഡിആർഡിഒ യുടെ ജോധ്പൂരിലെ ഡിഫൻസ് ലബോറട്ടറി (ഡിഎൽജെ) ഈ നിർണായക സാങ്കേതികവിദ്യയുടെ മൂന്ന് വകഭേദങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹ്രസ്വ ദൂര ചാഫ് റോക്കറ്റ് (SRCR), മധ്യ ദൂര ചാഫ് റോക്കറ്റ് (MRCR), ദീർഘദൂര ചാഫ് റോക്കറ്റ് (LRCR) എന്നിവ ഇന്ത്യൻ നാവികസേനയുടെ ഗുണപരമായ ആവശ്യകതകൾക്ക് അനുസൃതമായാണ് വികസിപ്പിച്ചിരിക്കുന്നത്.
അടുത്തിടെ നാവികസേനയുടെ കപ്പലിൽ അറേബ്യൻ സമുദ്രത്തിൽ വെച്ച് ഈ മൂന്ന് വകഭേദങ്ങളുടെയും പരീക്ഷണങ്ങൾ നടത്തി പ്രകടനം തൃപ്തികരമാണെന്ന് കണ്ടെത്തിയിരുന്നു.
ശത്രുക്കളുടെ റഡാറിൽ നിന്നും, റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന മിസൈലുകളിൽ നിന്നും നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് കൗണ്ടർമെഷർ സാങ്കേതികവിദ്യയാണ് ചാഫ്.
എതിരാളികളിൽ നിന്നുള്ള ഭാവി ഭീഷണികളെ നേരിടാനുള്ള വൈദഗ്ദ്ധ്യം ഇതിലൂടെ ഡിആർഡിഒ നേടി. വലിയ തോതിൽ നിർമ്മാണത്തിനായി ഈ സാങ്കേതികവിദ്യ, വ്യവസായ മേഖലയ്ക്ക് കൈമാറി.
ഈ നിർണായക നേട്ടത്തിന് ഡിആർഡിഒ, ഇന്ത്യൻ നാവികസേന, വ്യവസായമേഖല എന്നിവയെ പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
IE/SKY
(Release ID: 1709648)
Visitor Counter : 261