രാജ്യരക്ഷാ മന്ത്രാലയം

62 കന്റോൺമെന്റ് ബോർഡുകളിലെ താമസക്കാർക്ക് പൗര സേവനങ്ങൾ ലഭ്യമാക്കുന്നതിന് 'ഇ -ഛവാനി 'പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവ കേന്ദ്ര പ്രതിരോധ   മന്ത്രി ഉദ്ഘാടനം ചെയ്തു. സദ് ഭരണത്തിലേക്കുള്ള  വലിയ ചുവടുവെപ്പാണ്  'ഇ -ഛവാനി  എന്ന് ശ്രീ രാജ് നാഥ് സിംഗ്.

Posted On: 16 FEB 2021 2:08PM by PIB Thiruvananthpuram
 
 
 പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന്(16.2.2021) ന്യൂഡൽഹിയിൽ 'ഇ -ഛവാനി'  പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവ ഉദ്ഘാടനം ചെയ്തു. രാജ്യമെമ്പാടുമുള്ള 62 കന്റോൺമെന്റ് ബോർഡുകളിലെ താമസക്കാരായ 20 ലക്ഷത്തോളം പേർക്ക് ഓൺലൈൻ പൗര സേവനങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കും. വാടക കലാവധി പുതുക്കൽ, ജനന, മരണ സർട്ടിഫിക്കറ്റ്, വാട്ടർ, സ്വിവറേജ് കണക്ഷൻ,വ്യാപാര ലൈസൻസ്, മൊബൈൽ ടോയ്‌ലറ്റ് ലൊക്കേറ്റർ എന്നിവയ്ക്കായുള്ള അപേക്ഷ, വിവിധതരം നികുതികൾ,ഫീസ് എന്നിവ അടയ്ക്കൽ എന്നിവ ഇനി ഒരു ബട്ടൺ ക്ലിക്കിലൂടെ നേടാനാകും. e GOV ഫൗണ്ടേഷൻ,ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഡയറക്ടറേറ്റ് ജനറൽ ഡിഫൻസ് എസ്റ്റേറ്റ്(DGDE ),നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ എന്നിവ സംയുക്തമായി വികസിപ്പിച്ച ഈ പ്ലാറ്റ്ഫോം താമസക്കാർക്ക് വീടുകളിൽ ഇരുന്ന് സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
 
രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഗവൺമെന്റിന്റെ പ്രതിബദ്ധത ചടങ്ങിൽ സംസാരിച്ച പ്രതിരോധ  മന്ത്രി  ആവർത്തിച്ച് വ്യക്തമാക്കി. സുഗമമായ ജീവിതം ഉറപ്പാക്കുന്ന സേവനങ്ങൾ നൽകിക്കൊണ്ട് ഭരണസംവിധാനത്തെ പൗര സൗഹൃദമാക്കാൻ ഗവൺമെന്റ് ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. സദ്ഭരണം പ്രോത്സാഹിപ്പിക്കുന്നതിനും, ജനങ്ങൾക്ക്  സുഗമമായ ജീവിതം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ആവിഷ്കരിച്ച പദ്ധതികളാണ് 'മിനിമം ഗവൺമെന്റ്- മാക്സിമം ഗവേണൻസ്, ഡിജിറ്റൽ ഇന്ത്യ,ഇ -ഗവേണൻസ് എന്നിവ.ഇ -ഛവാനി പോർട്ടൽ ഈ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.
 
 നവ ഇന്ത്യയുടെ വീക്ഷണത്തിന്റെ ഭാഗമായി കന്റോൺമെന്റ് ബോർഡുകളുടെ പ്രവർത്തനം പരിവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട നൂതന ശ്രമമാണ്  'ഇ -ഛവാനി' പോർട്ടൽ. കണ്ടോൺമെന്റ് ബോർഡിലെ താമസക്കാർക്ക് സുതാര്യവും ഫലപ്രദവുമായ സേവനങ്ങളും  സമയബന്ധിതമായ പരിഹാരവും ഉറപ്പുവരുത്തുന്നതിന് ഈ പോർട്ടൽ സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോർട്ടൽ കൂടുതൽ പൗര സൗഹൃദമാക്കുന്നതിന് ഗുണഭോക്താക്കളിൽ നിന്നും കൃത്യമായ ഇടവേളകളിൽ അഭിപ്രായം സ്വരൂപിക്കാൻ പ്രതിരോധ  മന്ത്രി ബന്ധപ്പെട്ട ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
 
 പ്രതിരോധം, സാമ്പത്തികരംഗം, വ്യാപാരം, ഐടി,കൃഷി, നിക്ഷേപം തുടങ്ങിയ മേഖലകളിലെ ശക്തമായ സാന്നിധ്യം കൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ആഗോള തലത്തിൽ ശക്തി കേന്ദ്രവും അവസരങ്ങളുടെ ഭൂമിയുമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 കന്റോൺമെന്റ് പ്രദേശത്തെ താമസക്കാർക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിന് നടപടിക്രമങ്ങൾ പോർട്ടലിൽ ലളിതമാക്കിയിട്ടുണ്ട് എന്ന് പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ പറഞ്ഞു. വസ്തു, കെട്ടിട നികുതി അടക്കൽ, വാടക പിരിക്കൽ, കമ്മ്യൂണിറ്റി സെന്റർ ബുക്ക് ചെയ്യൽ തുടങ്ങിയ കൂടുതൽ സൗകര്യങ്ങൾ ആധാർ അധിഷ്ഠിത പോർട്ടലിലൂടെ കൂട്ടിച്ചേർക്കും എന്ന് അദ്ദേഹം പറഞ്ഞു. 62 സ്വതന്ത്ര പോർട്ടലുകൾ ചേർന്ന   'ഇ -ഛവാനി പദ്ധതി പൂർത്തിയാക്കിയതിന് e GOV ഫൗണ്ടേഷൻ,ബി ഇ എൽ, ഡി ജി ഡി ഇ,എൻ ഐ സി എന്നിവയെ ഡോ. അജയകുമാർ അഭിനന്ദിച്ചു.
 സംയുക്ത പ്രതിരോധ സേന മേധാവി ജനറൽ ബിപിൻ റാവത്ത്, ഡി ജി ഡി ഇ ഡയറക്ടർ ശ്രീമതി ദീപാ ബജ്വ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, സൈനിക  ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 നിങ്ങളുടെ ആൻഡ്രോയ്ഡ് മൊബൈൽ ഫോണിൽ 'ഇ -ഛവാനി  ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
https://play.google.com/store/apps/details?id=org.egovernment.echhawani.citizen


(Release ID: 1699002) Visitor Counter : 232