വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതവും വിശ്വാസ യോഗ്യവും ആക്കുന്നതിന് നടന്ന ഉന്നതതല യോഗത്തിൽ ടെലികോം മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് അധ്യക്ഷത വഹിച്ചു.

Posted On: 15 FEB 2021 5:07PM by PIB Thiruvananthpuramന്യൂഡൽഹി , ഫെബ്രുവരി 15,2021 മൊബൈൽ ഫോണിൽ അനാവശ്യമായ സന്ദേശങ്ങൾ, എസ്എംഎസ് വഴി ആവർത്തിച്ചുള്ള ഉപദ്രവം, വായ്പകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്കുള്ള ബുദ്ധിമുട്ടും ഉയർന്നുവരുന്ന ആശങ്കകളും പരിഹരിക്കാനും,ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും ഭദ്രവും ആക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി,കമ്മ്യൂണിക്കേഷൻ, നിയമ -നീതി വകുപ്പ് മന്ത്രി ശ്രീ രവിശങ്കർ പ്രസാദിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ഇന്ന്  ഉന്നതതല യോഗം ചേർന്നു. ടെലികോം സെക്രട്ടറി,അംഗങ്ങൾ, ഡി ഡി ജി (സേവനദാതാവ്) എന്നിവരും യോഗത്തിൽ പങ്കെടുത്തു.

 ടെലികോം വരിക്കാർക്ക് ശല്യമാകുന്ന വ്യക്തികൾ, തെറ്റായ ടെലി മാർക്കറ്റർമാർ  എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗത്തിൽ മന്ത്രി, ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അനാവശ്യമായ വാണിജ്യ സന്ദേശങ്ങളും കോളുകളും ഉപദ്രവത്തിന്റെ പരിധിയിൽ ഉൾപ്പെടും. സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും സാധാരണക്കാരൻ കഠിനാധ്വാനം ചെയ്ത പണം നഷ്ടപ്പെടുന്നതിനും ടെലികോം സ്രോതസ്സുകളെ ഉപയോഗിക്കുന്നതായി മന്ത്രി നിരീക്ഷിച്ചു. ഇത്തരം പ്രവർത്തനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ ശക്തവും വ്യക്തവുമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

 ഡു നോട്ട് ഡിസ്റ്റർബ് സേവനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വരിക്കാർക്ക് പോലും രജിസ്ട്രേഡ് ടെലിമാർക്കറ്റർമാരിൽ നിന്നും രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാരിൽ നിന്നും വാണിജ്യ സന്ദേശങ്ങൾ ലഭിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ടെലികോം സേവനദാതാക്കൾ, ടെലി മാർക്കറ്റർമാർ എന്നിവരെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കാനും മന്ത്രി ടെലികോം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. നിയമ ലംഘനം ഉണ്ടായാൽ ടെലി മാർക്കറ്റ്ർമാർക്ക് സാമ്പത്തിക പിഴ നല്കാനും ആവർത്തിച്ച് ലംഘനം ഉണ്ടായാൽ സേവന ബന്ധം വിച്ഛേദിക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

 അനാവശ്യ വാണിജ്യ സന്ദേശങ്ങളും ടെലികോം സ്രോതസ്സുകൾ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുകളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പരാതി പരിഹാരത്തിനായി ഒരു വെബ് /മൊബൈൽ ആപ്ലിക്കേഷൻ,എസ് എം എസ് അധിഷ്ഠിത സമ്പ്രദായം എന്നിവ വികസിപ്പിക്കാനും തീരുമാനമായി.ഇതുവഴി ഉപഭോക്താക്കൾക്ക് അനാവശ്യ വാണിജ്യ  സന്ദേശം  ലഭിക്കുന്നത് ഉൾപ്പെടെയുള്ള പരാതികൾ സമർപ്പിക്കാവുന്നതാണ്.

 ഇത്തരം തട്ടിപ്പുകളിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും വളരെ പെട്ടെന്ന് സമയബന്ധിതമായ നടപടി ഇത്തരം അപകടം കുറയ്ക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതുപ്രകാരം ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് എന്ന നോഡൽ ഏജൻസി രൂപീകരിക്കും.വിവിധ എൽ ഇ എ കൾ,ധനകാര്യ സ്ഥാപനങ്ങൾ,ടെലികോം സേവനദാതാക്കൾ എന്നിവരുടെ ഏകോപന ത്തോടെ ടെലികോം സ്രോതസ്സുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ അന്വേഷിക്കുക എന്നതായിരിക്കും ഡി ഐ യു വിന്റെ പ്രധാന ധർമ്മം.
 ലൈസൻസ് സർവീസ് ഏരിയ തലത്തിൽ, ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ(TAFCOP )എന്ന സമ്പ്രദായം രൂപീകരിക്കും. ഈ സമ്പ്രദായം ഡിജിറ്റൽ അന്തരീക്ഷത്തിലെ  ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും, പ്രധാനമായും മൊബൈൽ ഫോൺ വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുകയും ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.  

 

IE/SKY(Release ID: 1698200) Visitor Counter : 6