ധനകാര്യ മന്ത്രാലയം
നഗര പ്രദേശങ്ങളിലെ പൊതുഗതാഗതസൗകര്യ വര്‍ധനവിനു കേന്ദ്രബജറ്റിൽ ഊന്നല്‍
പൊതുഗതാഗത സേവനത്തെ പിന്തുണയ്ക്കുന്നതിനു 18,000 കോടി രൂപയുടെ പുതിയ പദ്ധതി
'മെട്രോലൈറ്റ്', 'മെട്രോനിയോ' എന്നീ രണ്ട് പുതിയ സാങ്കേതികവിദ്യകള്‍ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളുടെ
അനുബന്ധ മേഖലകളില്‍ വിന്യസിക്കും
Posted On:
01 FEB 2021 1:48PM by PIB Thiruvananthpuram
ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2021-22ലെ കേന്ദ്രബജറ്റില്‍ നഗരപ്രദേശങ്ങളിലെ പൊതുഗതാഗത സംവിധാനത്തിന് ഉയര്‍ന്ന പരിഗണന.മെട്രോ റെയില്‍ ശൃംഖല വിപുലീകരിക്കുന്നതിലൂടെയും ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും നഗരപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ പറഞ്ഞു. പൊതുഗതാഗത സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 18,000 കോടി രൂപ ചെലവില്‍ പുതിയ പദ്ധതി ആരംഭിക്കും. സ്വകാര്യ മേഖലയെ ഈ മേഖലയില്‍ കൂടുതല്‍ പ്രാപ്തരാക്കുന്നതിനായി പിപിപി ( പ്രവര്‍ത്തിപ്പിച്ചു പരിപാലിച്ചു സ്വന്തമാക്കുക) മാതൃകയില്‍ 20,000 ത്തിലധികം ബസുകള്‍ക്ക് ധനസഹായം നല്‍കും. ഈ പദ്ധതി വാഹന മേഖലയെ ശക്തിപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നാണു കണക്കുകൂട്ടല്‍. നഗരവാസികളുടെ യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ രാജ്യമെമ്പാടും അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം 702 കിലോമീറ്റര്‍ പരമ്പരാഗത മെട്രോയും 27 നഗരങ്ങളില്‍ 1,016 കിലോമീറ്റര്‍ മെട്രോയും ആര്‍ആര്‍ടിഎസും (റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) നിര്‍മ്മാണത്തിലാണ്. രണ്ടാം നിര നഗരങ്ങളിലും ഒന്നാം നിര നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഒരേതരം സൗകര്യങ്ങളും സുരക്ഷയും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്ന മെട്രോ റെയില്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് 'മെട്രോലൈറ്റ്', 'മെട്രോ നിയോ' എന്നീ
രണ്ട് പുതിയ സാങ്കേതികവിദ്യകള്‍ വിന്യസിക്കും.
താഴെപ്പറയുന്ന പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് :
- കൊച്ചി മെട്രോറെയുടെ രണ്ടാംഘട്ടത്തിലെ 11.5 കിലോമീറ്ററിനു 1957.05 കോടി.
- 63,246 കോടി രൂപ ചെലവില്‍ 118.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ മെട്രോ റെയില്‍വേ രണ്ടാം ഘട്ടം.
- 14,788 കോടി രൂപ ചെലവില്‍ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു മെട്രോ റെയില്‍വേ പദ്ധതി 2 എ, 2 ബി.
- നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതി രണ്ടാം ഘട്ടം, നാസിക് മെട്രോ എന്നിവയ്ക്കു യഥാക്രമം 5,976 കോടി രൂപയും 2,092 കോടി രൂപയും.
***
(Release ID: 1693968)
Visitor Counter : 270