പ്രധാനമന്ത്രിയുടെ ഓഫീസ്‌

'പ്രബുദ്ധ ഭാരത'ത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

Posted On: 31 JAN 2021 3:46PM by PIB Thiruvananthpuram

സ്വാമി വിവേകാനന്ദന്‍ ആരംഭിച്ച മാസികയായ 'പ്രബുദ്ധ ഭാരതത്തിന്റെ' 125-ാം വാര്‍ഷികാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്തു. നമ്മുടെ രാജ്യത്തിന്റെ ചൈതന്യം ഉദ്‌ഘോഷിക്കുന്ന പേരാണ് സ്വാമി വിവേകാനന്ദന്‍ മാസികയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വെറും രാഷ്ട്രീയമോ, ഭൗമശാസ്ത്രപരമോ ആയ അസ്തിത്വത്തിനുമപ്പുറം 'ഉദ്ബുദ്ധമായ ഇന്ത്യ' രൂപീകരിക്കാന്‍ സ്വാമിജി ആഗ്രഹിച്ചിരുന്നു. ''നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്‌കാരിക പ്രജ്ഞയായാണ് സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ കണ്ടിരുന്നത്' പ്രധാനമന്ത്രി പറഞ്ഞു.


മൈസൂര്‍ മഹാരാജാവിനും സ്വാമി രാമകൃഷ്ണാനന്ദയ്ക്കും അയച്ച കത്തുകള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനായി സ്വാമിജിയ്ക്കുണ്ടായിരുന്ന രണ്ട് വ്യക്തമായ ചിന്തകള്‍ എടുത്തു പറഞ്ഞു. ആദ്യത്തേത്, പാവപ്പെട്ടവര്‍ക്ക് സ്വന്തമായി എളുപ്പത്തില്‍ ശാക്തീകരണം നേടാനായില്ലെങ്കില്‍, അവരിലേയ്ക്ക് ശാക്തീകരണമെത്തിക്കുക. രണ്ടാമതായി, അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരെക്കുറിച്ച്, 'അവര്‍ക്ക് ആശയങ്ങള്‍ നല്‍കുക; അവര്‍ക്കു ചുറ്റും ലോകത്ത് എന്ത് നടക്കുന്നുവെന്ന് കാണുന്നതിന് അവരുടെ കണ്ണുകള്‍ തുറക്കേണ്ടതുണ്ട്; എങ്കില്‍ മാത്രമേ അവര്‍ അവരുടെ മോക്ഷത്തിനായി പരിശ്രമിക്കൂ'' എന്ന് പറഞ്ഞു. ഈ സമീപനത്തോടെയാണ് ഇന്ത്യ ഇന്ന് മുന്നോട്ട് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'പാവപ്പെട്ടവര്‍ക്ക് ബാങ്കിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ബാങ്ക്, പാവപ്പെട്ടവരിലെത്തണം. അതാണ് ജന്‍ധന്‍ യോജന ചെയ്തത്. പാവപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് നേടാന്‍ കഴിയുന്നില്ലെങ്കില്‍, ഇന്‍ഷുറന്‍സ് അവരിലേക്കെത്തണം. ഇതാണ് ജന്‍ സുരക്ഷ പദ്ധതി ചെയ്തത്. പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷ ലഭ്യമാകുന്നില്ലെങ്കില്‍, നാം തീര്‍ച്ചയായും ആരോഗ്യ സുരക്ഷ പാവപ്പെട്ടവരിലെത്തിക്കണം. ഇതാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ചെയ്തത്. റോഡ്, വിദ്യാഭ്യാസം, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം എന്നിവയെല്ലാം രാജ്യത്തിന്റെ ഓരോ മൂലയിലും പ്രത്യേകിച്ചും പാവപ്പെട്ടവരിലെത്തിക്കുന്നു. ഇത് പാവപ്പെട്ടവരില്‍ അഭിലാഷങ്ങള്‍ ജ്വലിപ്പിക്കുന്നു. ഈ അഭിലാഷങ്ങളാണ് രാജ്യത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്' പ്രധാനമന്ത്രി പറഞ്ഞു.

 


പ്രതിസന്ധിയില്‍ നിസ്സഹായരായി അനുഭവപ്പെടരുതെന്ന സ്വാമിജിയുടെ സമീപനത്തിന് ഉദാഹരണമാണ് കോവിഡ് 19 മഹാമാരിക്കാലത്ത് ഗവണ്‍മെന്റ് സ്വയം മുന്നോട്ട് വന്ന് ചെയ്തകാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പരാതി പറയുന്നതിന് പകരം, അന്താരാഷ്ട്ര സൗരസഖ്യത്തിലൂടെ ഇന്ത്യ പരിഹാരവുമായി മുന്നോട്ട് വന്നു. 'സ്വാമി വിവേകാനന്ദന്റെ ദര്‍ശനത്തിലൂന്നിയ പ്രബുദ്ധ ഭാരതം ഇങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഇന്ത്യയാണിത്' പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പറ്റിയുള്ള സ്വാമി വിവേകാനന്ദന്റെ വലിയ സ്വപ്‌നങ്ങളും ഇന്ത്യയിലെ യുവാക്കളിലുള്ള അദ്ദേഹത്തിന്റെ അഗാധമായ വിശ്വാസവും ഇന്ത്യയിലെ ബിസിനസ് നേതാക്കള്‍, കായിക പ്രതിഭകള്‍, സാങ്കേതിക വിദഗ്ധര്‍, പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, നൂതനാശയ വിദഗ്ധര്‍ തുടങ്ങിയവരില്‍ പ്രതിഫലിക്കുന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. തിരിച്ചടികളെ അതിജീവിക്കാനും അവയെ പഠനത്തിന്റെ ഭാഗമായി കാണാനുമുള്ള പ്രായോഗിക വേദാന്തത്തെപ്പറ്റിയുള്ള സ്വാമിജിയുടെ ഉപദേശങ്ങളിലൂടെ മുന്നേറാന്‍ യുവാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭയരഹിതരും പൂര്‍ണമായും ആത്മവിശ്വാസമുള്ളവരുമാകുകയും വേണം. ലോകത്തിന് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയതിലൂടെ അനശ്വരനായ സ്വാമി വിവേകാനന്ദനെ പിന്തുടരാന്‍ പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. 

 

ആത്മീയവും സാമ്പത്തികവുമായ പുരോഗതിയെ വ്യത്യസ്തമായിട്ടല്ല സ്വാമി വിവേകാനന്ദന്‍ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തെ കാല്‍പ്പനികവല്‍ക്കരിക്കുന്ന സമീപനത്തിന് അദ്ദേഹം എതിരായിരുന്നു. പ്രബുദ്ധനായ ആത്മീയ നേതാവായി സ്വാമിജിയെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, പാവപ്പെട്ടവരുടെ സാമ്പത്തിക പുരോഗതിക്കുള്ള ആശയത്തെ അദ്ദേഹം നിഷേധിച്ചിരുന്നില്ലെന്നും പറഞ്ഞു.


സ്വാമിജിയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രബുദ്ധ ഭാരതം 125 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. യുവാക്കളെ വിദ്യാസമ്പന്നരാക്കാനും രാജ്യത്തെ പ്രബുദ്ധമാക്കാനുമുള്ള അദ്ദേഹത്തിന്റെ ദര്‍ശനത്തിലൂന്നിയാണ് അവ സൃഷ്ടിക്കപ്പെട്ടത്. സ്വാമി വിവേകാനന്ദന്റെ ചിന്തകളെ അനശ്വരമാക്കാന്‍ ഇത് നിര്‍ണായക സംഭാവനകള്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

 

***


(Release ID: 1693758) Visitor Counter : 526