ധനകാര്യ മന്ത്രാലയം

ഇന്ത്യയിലെ തൊഴിൽ പരിഷ്കാരങ്ങളുടെ ചരിത്രത്തിലെ സുപ്രധാന വർഷങ്ങളായി 2019ഉം 2020 ഉം മാറുമെന്ന് സാമ്പത്തിക സർവ്വേ

Posted On: 29 JAN 2021 3:42PM by PIB Thiruvananthpuram

 

 

 

29 ഓളം കേന്ദ്ര തൊഴിൽ നിയമങ്ങളെ 4 ആയി ലഘൂകരിച്ച 2019, 2020 വർഷങ്ങൾ രാജ്യത്തെ തൊഴിൽ പരിഷ്കാരങ്ങളുടെ ചരിത്രത്തിലെ സുപ്രധാന കാലമായി രേഖപ്പെടുത്തുമെന്ന് 2020-21 സാമ്പത്തിക സർവ്വേ. കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ ആണ് സാമ്പത്തിക സർവ്വേ 2020-21 പാർലമെന്റിൽ അവതരിപ്പിച്ചത്.

 

തൊഴിൽ വിപണിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ഒപ്പം തന്നെ കുറഞ്ഞ വേതനം, അസംഘടിത തൊഴിലാളികളുടെ ക്ഷേമം, സ്വയംതൊഴിൽ ചെയ്യുന്നവർ, കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള നിയമപരിരക്ഷ തുടങ്ങിയ ഒട്ടേറെ പരിഷ്കാരങ്ങൾ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്താനായി.

 

2018-19 കാലയളവിൽ രാജ്യത്തെ തൊഴിലാളികൾ 51.8 കോടി വരുമെന്ന് സർവ്വേ നിരീക്ഷിക്കുന്നു. ഇതിൽ 48.8 കോടി പേർ തൊഴിൽ ചെയ്യുമ്പോൾ, മൂന്നു കോടി പേർ തൊഴിൽ രഹിതർ ആണ്. 2017-18 മുതൽ 2018-19 വരെയുള്ള കാലയളവിൽ രാജ്യത്തെ തൊഴിലാളികളുടെ എണ്ണത്തിൽ 0.85 കോടിയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്

 

2017-18 മുതൽ 2018-19 വരെയുള്ള കാലയളവിൽ രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 0.79 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. കുറവ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് ഗ്രാമീണമേഖലയിലും വനിതകൾക്കിടയിലുമാണ്. തൊഴിലാളികളിലെ സ്ത്രീസാന്നിധ്യം 2017-18 കാലയളവിൽ 17.5 ശതമാനമായിരുന്നത്, 2018-19 18.6 ശതമാനമായി ഉയർന്നു. 2018-19 കാലയളവിൽ രാജ്യത്ത് മികച്ച രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവാണ് കണക്കുകൾ എന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.

 

മേഖലകൾ തിരിച്ചുള്ള തൊഴിലാളികളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നത്, കാർഷികമേഖലയിൽ 21.5 കോടി പേർ തൊഴിൽ ചെയ്യുന്നു എന്നാണ്. രാജ്യത്തെ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർക്ക് (42.5 ശതമാനം) ജോലി നൽകുന്നത് കാർഷികമേഖലയാണ്. 'മറ്റു സേവനങ്ങൾക്ക്' കീഴിൽ 6.4 കോടി (13.8 ശതമാനം) പേരാണ് തൊഴിൽ കണ്ടെത്തുന്നത്.

 

രാജ്യത്തെ ആകെ തൊഴിലാളികളിൽ, 25 കോടി പേർ സ്വയം തൊഴിൽ ചെയ്യുന്നവരും, 12.2 കോടി പേർ സ്ഥിര വേതന/ശമ്പള തൊഴിലാളികളുമാണ്. 11.5 കോടി പേർ കാഷ്വൽ വിഭാഗത്തിൽ ഉൾപ്പെടുന്നു. രാജ്യത്തെ തൊഴിലാളികളുടെ 52 ശതമാനത്തോളം പേർ സ്വയംതൊഴിൽ ചെയ്യുന്നവരാണ്.

 

ദേശീയതലത്തിൽ എല്ലാ വിഭാഗക്കാർക്കും ഇടയിലെ തൊഴിലില്ലായ്മ നിരക്ക്, 2018-19 കാലയളവിൽ 5.8 ശതമാനമായി കുറഞ്ഞതായും, 2017-18 കാലയളവിൽ ഇത് 6.1 ശതമാനം ആയിരുന്നുവെന്നും സാമ്പത്തിക സർവ്വേ ചൂണ്ടിക്കാട്ടുന്നു.


(Release ID: 1693524) Visitor Counter : 379