പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊറോണയോടുള്ള ഇന്ത്യന്‍ പ്രതികരണം ആത്മവിശ്വാസത്തിന്റേതും, സ്വാശ്രയത്വത്തിന്റേതും :  പ്രധാനമന്ത്രി
ഇത്തരത്തിലുള്ള വാക്‌സിനേഷന്‍ യജ്ഞം ലോകം ഇതുവരെ കണ്ടിട്ടില്ല :  പ്രധാനമന്ത്രി
കൊറോണയോടുള്ള ഇന്ത്യന്‍ പ്രതികരണം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത് :  പ്രധാനമന്ത്രി
മുന്‍നിര കൊറോണ പോരാളികള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
 

Posted On: 16 JAN 2021 12:19PM by PIB Thiruvananthpuramന്യൂഡല്‍ഹി, 15 ജനുവരി 2021

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.
വാക്‌സിനുകളുടെ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. സാധാരണഗതിയില്‍ ഒരു വാക്‌സിന്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളാണ് എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവിടെ ചുരുങ്ങിയ സമയം കൊണ്ട് രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഡോസുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഡോസുകള്‍ തമ്മില്‍ ഒരു മാസത്തെ അകലമുണ്ടാകും. വാക്‌സിന്‍ എടുത്തശേഷവും ജാഗ്രത കുറയ്ക്കരുത്. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ മനുഷ്യ ശരീരം കൊറോണയ്‌ക്കെതിരെയുള്ള ആവശ്യമായ പ്രതിരോധം കൈവരിക്കുകയുള്ളൂ.
വാക്‌സിനേഷന്‍ യജ്ഞത്തിന്റെ അനിതരസാധാരണമായ വലിപ്പം ചൂണ്ടിക്കാട്ടി കൊണ്ട് ആദ്യ റൗണ്ടില്‍ തന്നെ മൂന്ന് കോടിയോളം പേരാണ് വാക്‌സിനേഷന്‍ എടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് വാക്‌സിനേഷന്‍ എടുക്കുന്ന കുറഞ്ഞത് 100 രാജ്യങ്ങളുടെയെങ്കിലും ജനസംഖ്യയേക്കാള്‍ കൂടുതലാണ്. മുതിര്‍ന്ന പൗരന്മാരും, ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരും ഉള്‍പ്പെടുന്ന രണ്ടാംഘട്ടത്തില്‍ ഇത് 30 കോടിയാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങളില്‍ മാത്രമേ 30 കോടിയിലധികം ജനസംഖ്യയുള്ളൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വാക്‌സിനുമായി ബന്ധപ്പെട്ട കിംവദന്തികള്‍ക്കും, ഉപജാപങ്ങള്‍ക്കും കാതോര്‍ക്കരുതെന്ന് പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. വാക്‌സിനുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍, മെഡിക്കല്‍ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ മികവിന്റെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ആര്‍ജ്ജിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയ്‌ക്കെതിരെയുള്ള യോജിച്ചതും ധീരവുമായ പോരാട്ടം നടത്തിയതിന് ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊറോണയോടുള്ള ഇന്ത്യന്‍ പ്രതികരണത്തെ ആത്മവിശ്വാസത്തിന്റെയും, സ്വാശ്രയത്വത്തിന്റേ തുമായി അദ്ദേഹം വിശേഷിപ്പിച്ചു. ആത്മവിശ്വാസം ദുര്‍ബലമാകാതിരി ക്കാനുള്ള ദൃഢനിശ്ചയം ഓരോ ഇന്ത്യക്കാരനിലുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, പൊലീസ് സേനാംഗങ്ങള്‍, മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍  സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ നടത്തിയ സംഭാവനകള്‍ പ്രധാനമന്ത്രി ദീര്‍ഘമായി പ്രതിപാദിച്ചു. വൈറസിനെതിരെയുള്ള യുദ്ധത്തില്‍ തിരിച്ച് വീടണയാന്‍ കഴിയാതെ ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി വികാരാധീനനായി പറഞ്ഞു. നിരാശയുടെയും, ഭയത്തിന്റെയും അന്തരീക്ഷത്തില്‍ മുന്‍നിര പോരാളികള്‍ പ്രത്യാശ കൊണ്ടുവന്നു. അവര്‍ക്ക് ആദ്യം കുത്തിവയ്പ്പ് നല്‍കിയത് വഴി അവരുടെ സേവനങ്ങള്‍ രാജ്യം നന്ദിയോടെ അംഗീകരിച്ചിരിക്കുകയാണെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പ്രതിസന്ധിയുടെ ആദ്യ നാളുകള്‍ ഓര്‍ത്തെടുത്ത് കൊണ്ട് ശരിയായ സന്ദര്‍ഭങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2020 ജനുവരി 30 ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇന്ത്യ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. ഇന്നേക്ക് കൃത്യം ഒരു വര്‍ഷം മുമ്പ് ഇന്ത്യ ശരിയായ നിരീക്ഷണം തുടങ്ങിയിരുന്നു. 2020 ജനുവരി 17 ന് ഇന്ത്യ ആദ്യത്തെ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ നിരീക്ഷണത്തിന് വിധേയമാക്കിയ ആദ്യ രാഷ്ട്രങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
ജനതാ കര്‍ഫ്യൂവില്‍ അച്ചടക്കവും, ക്ഷമയും പാലിച്ച് ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ അഭ്യാസം ലോക്ഡൗണ്‍ കാലത്തേക്ക് രാജ്യത്തെ മാനസികമായി ഒരുക്കി. വിദേശങ്ങളില്‍ കുടുങ്ങിയപ്പോയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ചൈനയില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ പല ലോകരാജ്യങ്ങളും കൈവെടിഞ്ഞപ്പോള്‍ ഇന്ത്യ തങ്ങളുടെ മാത്രമല്ല, മറ്റു രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള പരിശോധനയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍  ഒരു ലബോറട്ടറി മൊത്തമായി തന്നെ രാജ്യത്തേക്ക് അയച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.
കൊറോണയോടുള്ള ഇന്ത്യയുടെ പ്രതികരണം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്രം, സംസ്ഥാനങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ഗവണ്‍മെന്റ് ഓഫീസുകള്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവയുടെ ഒറ്റക്കെട്ടായ ഏകോപിത ശ്രമത്തിന്റെ ഉദാഹരണമാണ് അതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിന് ശേഷം  അഭിമാനത്തിന്റെ ഈ ദിനം  നമ്മുടെ ശാസ്ത്രജ്ഞരുടെ സാമര്‍ത്ഥ്യത്തിന്റെയും, ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, പൊലീസ് സേനാംഗങ്ങള്‍,ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരുടെ കഠിനാധ്വാനത്തിന്റെയും ആഘോഷമാണെന്ന്  പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഏവരും ആരോഗ്യമുള്ളവരായിരിക്കട്ടെ 'സര്‍വേഭവന്തു സുഖിനഃ, സര്‍വേസന്തു നിരാമയാഃ, സര്‍വേഭദ്രാണി പശ്യന്തു, മാ കശ്ചിത് ദുഃഖ ഭാഗഭവേത്' (എല്ലാവരിലും  സന്തോഷവും ആരോഗ്യവും പുലരട്ടെ, എല്ലായിടത്തും നല്ലതു കാണാനാവട്ടെ).(Release ID: 1689031) Visitor Counter : 314