PIB Headquarters

രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു; 197 ദിവസത്തിന് ശേഷം 2.14 ലക്ഷം


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന രോഗബാധിതര്‍ 15,968

Posted On: 13 JAN 2021 5:30PM by PIB Thiruvananthpuram

 


രാജ്യത്തു കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം 2.14 ലക്ഷമായി (2,14,507) കുറഞ്ഞു. ആകെ രോഗബാധിതരുടെ  2.04% മാത്രമാണിത്. 197 ദിവസത്തിനുശേഷം ഇത് ഏറ്റവും താഴ്ന്ന നിലയിലാണ്. 2020 ജൂണ്‍ 30 ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 2,15,125 പേര്‍ ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍  2051 ന്റെ കുറവുണ്ടായി.

 

രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണവും  സ്ഥിരമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,000 ല്‍ താഴെ പുതിയ കേസുകളാണ് (15,968) രാജ്യത്തുള്ളത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,817 പേര്‍ രോഗമുക്തരായി. രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കുറവു സൃഷ്ടിച്ചു.
 
ആകെ രോഗമുക്തര്‍ 10,129,111 ആണ്, രോഗമുക്തി നിരക്ക് 95.51% ആയി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 99,14,604 ആയി.

രോഗമുക്തരായവരുടെ 81.83% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍; 4270. മഹാരാഷ്ട്രയില്‍ 3,282 പേരും  ഛത്തീസ്ഗഢില്‍ 1,207 പേരും രോഗമുക്തരായി.

 
പുതിയ കേസുകളില്‍ 74.82% 7 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് (5,507). മഹാരാഷ്ട്രയില്‍ 2,936 പുതിയ കേസുകളും കര്‍ണാടകയില്‍ 751 പുതിയ കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 202 മരണങ്ങളില്‍ 70.30% ഏഴ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 50 പേര്‍ മരിച്ചതായി മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും പശ്ചിമ ബംഗാളിലും യഥാക്രമം 25 ഉം 18 ഉം മരണങ്ങള്‍.
 
കോവിഡ് 19 വാക്‌സിനേഷന്‍ ഡ്രൈവ് 2021 ജനുവരി 16ന് ആരംഭിക്കും. ജനങ്ങളുടെ പങ്കാളിത്ത നയങ്ങള്‍ (ജാന്‍ ഭഗിദാരി), തെരഞ്ഞെടുപ്പ് അനുഭവം (ബൂത്ത് നയം) യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (യുഐപി) ഉപയോഗപ്പെടുത്തല്‍; നിലവിലുള്ള ആരോഗ്യ സേവനങ്ങളില്‍, പ്രത്യേകിച്ച് ദേശീയ പരിപാടികളിലും പ്രാഥമിക ആരോഗ്യ സംരക്ഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകള്‍; വിട്ടുവീഴ്ചയില്ലാത്ത ശാസ്ത്രീയ- നിയന്ത്രണ മാനദണ്ഡങ്ങളും എസ്ഒപികളും എന്നിവയെ  അടിസ്ഥാനമാക്കി രാജ്യവ്യാപകമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിട്ടയായതും സുഗമവുമായ വാക്‌സിനേഷനാണ് നടപ്പാക്കുന്നത്.
 
കോവിഡ് 19 വാക്‌സിന്‍ നല്‍കുന്നതില്‍ ആരോഗ്യസംരക്ഷണ തൊഴിലാളികള്‍ക്കും 3 കോടിയിലധികം വരുന്ന മുന്‍നിര തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. തുടര്‍ന്ന് 50 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ള 50 വയസ്സിന് താഴെയുള്ളവര്‍ക്കും ഉള്‍പ്പെടെ 27 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കും.

യുകെയില്‍ നിന്നുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നിലവില്‍ 102 ആണ്.  

 



(Release ID: 1688467) Visitor Counter : 306