പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ -ജര്‍മനി നേതാക്കളുടെ വീഡിയോ-ടെലികോണ്‍ഫറന്‍സ്

Posted On: 06 JAN 2021 7:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജര്‍മനിയുടെ പ്രധാനമന്ത്രി ഫെഡറല്‍ ചാന്‍സലര്‍ ഡോ. ഏയ്ഞ്ചല മെര്‍ക്കലുമായി ഇന്ന് വീഡിയോ ടെലികോണ്‍ഫറന്‍സ് നടത്തി.

യൂറോപ്യന്‍-ആഗോളതലങ്ങളിലെ സുസ്ഥിരവും ശക്തവുമായ നേതൃത്വത്തില്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ദീര്‍ഘകാലമായി വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-ജര്‍മനി നയപങ്കാളത്തത്തിന്റെ വളര്‍ച്ചയ്ക്ക് വഴികാട്ടിയായതിന് അദ്ദേഹം അവര്‍ക്ക് നന്ദി അറിയിച്ചു.

കോവിഡ് 19 മഹാമാരിയോടുള്ള പ്രതികരണം, ഉഭയകക്ഷി ബന്ധം, പ്രാദേശിക-ആഗോള പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി, ചാന്‍സലര്‍ മെര്‍ക്കലിനെ അറിയിച്ചു. ലോകത്തിന്റെ പ്രയോജനത്തിനായി തങ്ങളുടെ കഴിവുകള്‍ വിനിയോഗിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ചാന്‍സലര്‍ മെര്‍ക്കലിന് അദ്ദേഹം ഉറപ്പുനല്‍കി. ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്നുവന്ന കോവിഡിന്റെ പുതിയ തരംഗം വളരെ വേഗത്തില്‍ അവസാനിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അന്താരാഷ്ട്ര സൗര സഖ്യത്തില്‍ (ഐഎസ്എ) ചേരാനുള്ള ജര്‍മനിയുടെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ദുരന്ത നിവാരണ സംവിധാന കൂട്ടായ്മയില്‍ ജര്‍മനിയുമായുള്ള സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആരംഭിച്ചതിന്റെ  70-ാം വാര്‍ഷികവും നയപങ്കാളിത്തത്തിന്റെ ഇരുപതാം വാര്‍ഷികവും ഇക്കൊല്ലമാണെന്നു ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും ആറാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനുകള്‍ (ഐജിസി) 2021-ന്റെ തുടക്കത്തില്‍ തന്നെ നടത്താനും അതിനായുള്ള കാര്യപരിപാടികള്‍ സജ്ജമാക്കാനും ധാരണയായി.

 

***



(Release ID: 1686752) Visitor Counter : 236