പ്രധാനമന്ത്രിയുടെ ഓഫീസ്
162 മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം കെയര്‍ ഫണ്ട് ട്രസ്റ്റ് 201.58 കോടി രൂപ അനുവദിച്ചു
Posted On:
05 JAN 2021 5:02PM by PIB Thiruvananthpuram
രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍ 162 മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ (പിഎം കെയെര്‍സ്) ഫണ്ട് ട്രസ്റ്റ് 201.58 കോടി രൂപ അനുവദിച്ചു. പ്ലാന്റുകളുടെ കമ്മിഷനിംങ്, സെന്‍ട്രല്‍ മെഡിക്കല്‍ സപ്ലൈ സ്റ്റോര്‍ നടത്തിപ്പ് എന്നിവയ്ക്കായി മൊത്തം പദ്ധതി ചെലവ് 137.33 കോടി രൂപയാണ്. വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍(എഎംസി)കള്‍ക്കായി ഏകദേശം 64.25 കോടി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സംവിധാനമായ സെന്‍ട്രല്‍ മെഡിക്കല്‍ സപ്ലൈ സ്റ്റോര്‍ വഴിയാണ് സംഭരണം നടത്തുക.
മൊത്തം 32 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിട്ടാണ് 154.19 മെട്രിക് ടണ്‍ ശേഷിയുള്ള 162 പ്ലാന്റുകള്‍ സ്ഥാപിക്കുക. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഭരണാധികാരികളുമായി ആലോചിച്ച ശേഷമാണ് ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഗവണ്‍മെന്റ് ആശുപത്രികളുടെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. പ്ലാന്റുകള്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തെ ഗുണമേന്മാ ഉത്തരവാദിത്വം ഉണ്ട്. അടുത്ത ഏഴു വര്‍ഷത്തേയ്ക്ക് വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍(എഎംസി) പദ്ധതിയുടെ ഭാഗമായി ഉണ്ട്. പതിവുള്ള നടത്തിപ്പും പരിപാലനവും അതാത് ആശുപത്രികളോ സംസ്ഥാന ഗവണ്‍മെന്റുകളോ ചെയ്യണം. വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ അവസാനിച്ച ശേഷം വരുന്ന അറ്റകുറ്റ പ്പണികളും ആശുപത്രികളുടെയോ അല്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെയോ ചുമതലയാണ്.
ചെലവു കുറഞ്ഞതും ഫലപ്രദവുമായ രീതിയില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ശാസ്ത്രീയമായി ദീര്‍ഘ കാലത്തേയ്ക്ക് ഉയര്‍ത്താനും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഗുരുതരമായ കോവിഡ് -19 രോഗികള്‍ക്കുള്ള ചികിത്സയില്‍ തടസം കൂടാതെയുള്ളതും അടിയന്തിരവുമായ പൂര്‍വാവശ്യമാണ് ഓക്‌സിജന്റെ വിതരണം. ഇതു കൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അനേകായിരം രോഗികള്‍ക്കും ചികിത്സയുടെ ഭാഗമായി വിവിധ ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ആവശ്യമുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തില്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകളുടെ സ്ഥാപനം സുപ്രധാനമാണ്. സാധാരണ ഓക്‌സിജന്‍ ധാരാളമായി സംഭരിച്ചു വയ്ക്കുന്നതിനോ സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനോ ഉള്ള സൗകര്യങ്ങള്‍ പല ആശുപത്രികളലും കുറവാണ്. പുതിയ സംവിധാനം വഴി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പൊതുജനാരോഗ്യ പരിപാലന രംഗത്ത് മൊത്തത്തില്‍ ഓക്‌സിജന്‍ വിതരണം വര്‍ധിക്കുക മാത്രമല്ല, രോഗികള്‍ക്ക് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ സമയത്തു തന്നെ ഓക്‌സിജന്‍ ലഭ്യമാക്കാനും സാധിക്കും.
(Release ID: 1686505)
Visitor Counter : 290
Read this release in:
Odia
,
Marathi
,
English
,
Gujarati
,
Urdu
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Tamil
,
Telugu
,
Kannada