പ്രധാനമന്ത്രിയുടെ ഓഫീസ്‌

മദ്ധ്യപ്രദേശിലങ്ങോളമിങ്ങോളം സംഘടിപ്പിച്ച കിസ്സാന്‍ സമ്മേളനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

Posted On: 18 DEC 2020 6:25PM by PIB Thiruvananthpuram

നമസ്‌ക്കാരം,

മദ്ധ്യപ്രദേശിലെ കഠിനപ്രയത്‌നരായ സഹോദരി സഹോദരന്മാര്‍ക്ക് എന്റെ ആശംസകള്‍! ഈ പ്രത്യേക പരിപാടിക്കായി മദ്ധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഇവിടെ ഒത്തു കൂടിയിട്ടുണ്ട്. റെയ്‌സനില്‍ നിന്ന് നിരവധി കര്‍ഷര്‍ വന്നിട്ടുണ്ട്. ആയിരക്കണക്കിന് കര്‍ഷക സഹോദരി സഹോദരന്മാരെ നമ്മളുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഞാന്‍ നിങ്ങളെയൊക്കെ സ്വാഗതം ചെയ്യുന്നു. മുന്‍കാലങ്ങളില്‍ എം.പിയിലെ കര്‍ഷകര്‍ ആലിപ്പഴവും പ്രകൃതിദുരന്തവും മൂലം വലിയ നഷ്ടങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ അത്തരത്തിലുള്ള 35 ലക്ഷം കര്‍ഷകര്‍ക്കായി അറുനൂറുകോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്. ഇവിടെ ഒരു ഇടനിലക്കാരനുമില്ല, ഒരു കമ്മിഷനുമില്ല. ഇവിടെ ഒരു വെട്ടിക്കുറവുമില്ല. പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് നിക്ഷേപിക്കുന്നത്. സാങ്കേതികവിദ്യയാണ് അത് സാദ്ധ്യമാക്കിയത്. കഴിഞ്ഞ അഞ്ച് ആറുവര്‍ഷമായി ഇന്ത്യ സൃഷ്ടിച്ച ഈ ആധുനിക സംവിധാനം ഇന്ന് ലോകമാകെ തന്നെ ചര്‍ച്ചചെയ്യുകയും നമ്മുടെ രാജ്യത്തെ യുവതലമുറ ഇതിനായി അഗാധമായ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

 

സുഹൃത്തുക്കളെ,

ഇന്ന് ഈ പരിപാടിയില്‍ കര്‍ഷക ക്രെഡിറ്റ് കാര്‍ഡുകളും നിരവധി കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. മുമ്പ് കര്‍ഷക ക്രെഡിറ്റ് കാര്‍ഡ് എല്ലാവര്‍ക്കും ലഭിച്ചിരുന്നില്ല. എല്ലാ കര്‍ഷകര്‍ക്കും കര്‍ഷക ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് ചട്ടങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ കര്‍ഷകര്‍ക്ക് കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് വളരെ സുഗമമായി മൂലധനം ലഭിക്കുന്നുണ്ട്. ഇത് മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് പണം കടമെടുക്കുന്നതിന് നിര്‍ബന്ധിതരാക്കുന്നതില്‍ നിന്നും അവരെ മോചിപ്പിച്ചിട്ടുമുണ്ട്.
 

സുഹൃത്തുക്കളെ,

ഇന്ത്യയിലെ കൃഷിയ്ക്കും കര്‍ഷകര്‍ക്കും ഇനിയും പിന്നോക്കാവസ്ഥയില്‍ തുടരാനാവില്ല. വികസിതരാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്കും ലഭിക്കണം. അതിന് ഇനി വൈകിക്കൂട. സമയം നമുക്ക് വേണ്ടി കാത്തിരിക്കില്ല. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തില്‍ ആധുനിക സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് നമ്മുടെ കര്‍ഷകര്‍ നിസ്സഹരായിരിക്കുന്ന അവസ്ഥ ഇന്ത്യയില്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ വളരെ വൈകിക്കഴിഞ്ഞു. 25-30 വര്‍ഷങ്ങളായി ചെയ്യാതിരുന്ന പലതും ചെയ്യാന്‍ നമ്മള്‍ നിര്‍ബന്ധിരാകുകയാണ്. കഴിഞ്ഞ ആറുവര്‍ഷമായി കര്‍ഷകരുടെ ഓരോ ആവശ്യങ്ങളും മനസില്‍ കണ്ടുകൊണ്ട് നമ്മുടെ ഗവണ്‍മെന്റ് നിരവധി നടപടികളാണ് കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി, വര്‍ഷങ്ങളായി ചര്‍ച്ച മാത്രം ചെയ്തിരുന്ന കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും സാക്ഷാത്കരിച്ചു. കഴിഞ്ഞ കുറച്ചു സമയമായി കര്‍ഷകര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങളാണ് ചര്‍ച്ചചെയ്യുന്നത്.

 

സുഹൃത്തുക്കളെ,

കൃഷിയുമായി ബന്ധപ്പെട്ട ചെലവുകളില്‍ കര്‍ഷകരുടെ ചെലവ് കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് വളരെ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടത്തി. കര്‍ഷകര്‍ക്ക് വളരെ നാമമാത്രമായ വിലയ്ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ നല്‍കുന്നതിനുള്ള ഒരു വലിയ സംഘടിതപ്രവര്‍ത്തനം നടക്കുന്നു. കര്‍ഷകരെ ഊര്‍ജ്ജ ഉല്‍പ്പാദകര്‍ കൂടിയാക്കി മാറ്റുന്നതിനായും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാത്തിനുപരിയായി കര്‍ഷകര്‍ ധാന്യം ഉല്‍പ്പാദിപ്പിക്കുന്നതിനോടൊപ്പം തേനീച്ചവളര്‍ത്തലും മൃഗസംരക്ഷണവും മത്സ്യകൃഷിയും നമ്മുടെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് രാജ്യത്തെ തേനുല്‍പ്പാദനം ഏകദേശം 76,000 മെട്രിക് ടണ്‍ ആയിരുന്നു. ഇപ്പോള്‍ 1,20,000 മെട്രിക് ടണിലേറെ തേന്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് കയറ്റുമതി ചെയ്തിരുന്നതിന്റെ ഇരട്ടി തേന്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് കയറ്റുമതി ചെയ്യാനാകുന്നുണ്ട്.
 

സഹോദരി സഹോദരിമാരെ,

നമ്മുടെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ എടുക്കുന്ന നടപടികള്‍... കര്‍ഷകരുടെ ക്ഷേമത്തിനായി മദ്ധ്യപ്രദേശ് കൈകൊണ്ട നടപടികള്‍ നിങ്ങള്‍ക്ക് കാണാം. ഈ നടപടികളെല്ലാം പൂര്‍ണ്ണമായും കര്‍ഷകര്‍ക്കാണ് സമര്‍പ്പിക്കുന്നത്. ആ നടപടികളൊക്കെ ഞാന്‍ വരച്ചുകാട്ടാന്‍ തുടങ്ങിയാല്‍ സമയം തികയാതെ വരും. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ നല്‍കാം, അപ്പോള്‍ നിങ്ങള്‍ക്ക് നമ്മുടെ ഗവണ്‍മെന്‍ന്റിന്റെ ആത്മാര്‍ത്ഥത പരിശോധിക്കാം, നമ്മുടെ ട്രാക്ക് റെക്കാര്‍ഡ് പരിശോധിക്കുകയും നമ്മുടെ ശ്രേഷ്ഠമായ ഉദ്ദേശം മനസിലാക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ നമ്മള്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്‌ക്കാരങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ല, ഇവിടെ കാപട്യത്തിന് ഒരു സ്ഥാനവുമില്ല. കാര്‍ഷിക പരിഷ്‌ക്കരണത്തിന് ശേഷം പരത്തുന്ന ഏറ്റവും വലിയ കളവിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ പറയാം. ഈ കളവ് വീണ്ടും വീണ്ടും ഉറക്കെ ആവര്‍ത്തിക്കുകയാണ്.
 

നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ഞങ്ങളുടെ ഗവണ്‍മെന്റാണ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയത്. എം.എസ്.പി പിന്‍വലിക്കാനാണെങ്കില്‍ എന്തിനാണ് ഞങ്ങള്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയത്? നിങ്ങള്‍ അത് നടപ്പാക്കിയില്ല, ഞങ്ങള്‍ക്കും അതുതന്നെ ചെയ്യാന്‍ കഴിയുമായിരുന്നു. മറുവശത്ത്, നമ്മള്‍ അത് നടപ്പാക്കി. രണ്ടാമതായി, എം.എസ്.പിയെ നമ്മുടെ ഗവണ്‍മെന്റ് വളരെ ഗൗരവമായാണെടുക്കുന്നത്, അതുകൊണ്ടാണ് വിതയ്ക്കുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ എം.എസ്.പി പ്രഖ്യാപിച്ചത്. അത് തങ്ങളുടെ വിളകളുടെ എം.എസ്.പിയെക്കുറിച്ച് കാലേക്കൂട്ടി അറിയാന്‍ കര്‍ഷകരെ സഹായിക്കുകയും ചെയ്തു. എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതും അവരെ സഹായിച്ചു.
 

സുഹൃത്തുക്കളെ,

ഈ നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ട് ഇപ്പോള്‍ ആറുമാസത്തിലേറെയായി. നിയമങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ എം.എസ്.പി പ്രഖ്യാപിക്കുന്നത് പതിവാണ്. കൊറോണാ മഹാമാരിക്കെതിരായ പോരാട്ടം നടന്നുകൊണ്ടിരുന്നപ്പോഴും അത് അപ്രകാരം തന്നെ നടന്നു. പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയശേഷവും അതേ മണ്ഡികള്‍ വഴി എം.എസ്.പി പ്രകാരമുള്ള സംഭരണം അതേവഴിയില്‍ തന്നെ നടന്നു. നിയമങ്ങള്‍ ഉണ്ടാക്കിയശേഷവും എം.എസ്.പി പ്രഖ്യാപിക്കുകയും, അതേ മണ്ഡികള്‍ വഴിയുള്ള ഗവണ്‍മെന്റ് സംഭരണം നടക്കുകയും ചെയ്താല്‍, എം.എസ്.പി എടുത്തുകളഞ്ഞുവെന്ന ഈ നുണ ആരെങ്കിലും സ്വീകരിക്കുമോ. അതുകൊണ്ട് ഇതിനെക്കാളും വലിയ ഒരു നുണയും ഗൂഢാലോചനയുമില്ലെന്ന് ഞാന്‍ പറയും. അതുകൊണ്ട്, മുമ്പെത്തെപ്പോലെത്തന്നെ എം.എസ്.പി തുടരുമെന്നും അത് നിര്‍ത്തില്ലെന്നും രാജ്യത്തെ ഓരോ കര്‍ഷകര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു.
 

സുഹൃത്തുക്കളെ,

ധാന്യങ്ങള്‍ കൃഷിചെയ്യുന്നവരില്‍ രാഷ്ട്രീയം നടത്തുന്ന ആളുകള്‍ കര്‍ഷകരെ എത്രമോശമായാണ് കൈകാര്യം ചെയ്തിരുന്നതെന്നതിന് മറ്റൊരു ഉദാഹരണവുമുണ്ട്. രാജ്യത്ത് ധാന്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടായ 2014 ഓര്‍ക്കുക. ധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ധാന്യങ്ങളുടെ വില വര്‍ദ്ധിച്ചതിനോടൊപ്പം അടുക്കള ചിലവുകളും ഉയരുകയായിരുന്നു. പരമാവധി ധാന്യം ഉപഭോഗം നടത്തിയിരുന്ന സമയത്ത് രാജ്യത്ത് ധാന്യകൃഷി നശിപ്പിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തിയില്ല. കര്‍ഷകര്‍ അസ്വസ്ഥരായിരിക്കുകയൂം അവര്‍ മറ്റുരാജ്യങ്ങളില്‍ നിന്ന് ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ആഹ്‌ളാദിക്കുകയും ചെയ്തു. ഒരു പ്രകൃതിക്ഷോഭമോ പ്രതിസന്ധിയോ ഉണ്ടായാല്‍ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസിലാക്കാന്‍ കഴിയും, എന്തെന്നാല്‍ രാജ്യത്തെ പൗരന്മാരെ പട്ടിണിക്കിടാനാവില്ല. എന്നാല്‍ എന്തുകൊണ്ടാണ് ഇത് എപ്പോഴും എപ്പോഴും ഉണ്ടാകുന്നത്?
 

സുഹൃത്തുക്കളെ,

ഈ ആളുകള്‍ ധാന്യങ്ങള്‍ക്ക് എം.എസ്.പി വാഗ്ദാനം ചെയ്യില്ല ഇവര്‍ എം.എസ്.പിക്ക് കീഴില്‍ ധാന്യങ്ങള്‍ വാങ്ങുകയുമില്ല. 2014ന് മുമ്പുള്ള അഞ്ചുവര്‍ഷം അതായിരുന്നു സ്ഥിതി, അവര്‍ 1.5 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ മാത്രമാണ് കര്‍ഷകരില്‍ നിന്നും വാങ്ങിയിരുന്നത്. ഈ കണക്കുകള്‍ ഓര്‍ക്കണം. വെറും 1.5 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ മാത്രം! 2014ല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിച്ചശേഷം ഞങ്ങള്‍ നയം മാറ്റി വലിയ തീരുമാനങ്ങള്‍ എടുത്തു. ഞങ്ങള്‍ കര്‍ഷകരെ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
 

സഹോദരി സഹോദരന്മാരെ,

മുമ്പിലത്തേതുമായി താരതമ്യം ചെയ്യുമമ്പാള്‍ ഞങ്ങളുടെ ഗവണ്‍മെന്റ് 112 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ എം.എസ്.പി നല്‍കി കര്‍ഷകരില്‍ നിന്നും വാങ്ങി. അവരുടെ കാലത്തെ 1.5 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 112 ലക്ഷം മെട്രിക് ടണ്‍ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ! ധാന്യകര്‍ഷകര്‍ക്ക് അവരുടെ അഞ്ചുവര്‍ഷകാലം അവര്‍ എത്ര രൂപയാണ് നല്‍കിയത്. അവര്‍ 650 കോടി നല്‍കി, എന്നാല്‍ എന്താണ് ഞങ്ങളുടെ ഗവണ്‍മെന്റ് ചെയ്തത്? നമ്മള്‍ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് 50,000 കോടി രൂപ നല്‍കി. ഇന്ന് ധാന്യകൃഷിക്കാര്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ട്; ധാന്യങ്ങളുടെ വിലയും കുറഞ്ഞിട്ടുണ്ട്, അത് പാവങ്ങള്‍ക്ക് പ്രത്യക്ഷമായ ഗുണവുമായിട്ടുണ്ട്. ആര്‍ക്കാണോ കര്‍ഷകര്‍ക്ക് എം.എസ്.പി നല്‍കാന്‍ കഴിയാത്തതും എം.എസ്.പി പ്രകാരം ശരിയായി വാങ്ങാന്‍ സാധിക്കാതിരുന്നതും അവരാണ് കര്‍ഷകരെ എം.എസ്.പിയില്‍ തെറ്റിദ്ധരിപ്പിക്കുന്നത്.
 

സുഹൃത്തുക്കളെ,

കാര്‍ഷിക പരിഷ്‌ക്കരണങ്ങളെക്കുറിച്ച് മറ്റൊരു നുണയും പ്രചരിക്കുന്നുണ്ട്, അത് എ.പി.എം.സികളെക്കുറിച്ചാണ്, ഗവണ്‍മെന്റ് മണ്ഡികളെക്കുറിച്ച് (സംഭരണവിപണികള്‍). ഈ നിയമത്തില്‍ നമ്മള്‍ എന്താണ് ചെയ്തത്? നിയമം കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യവും പുതിയ തെരഞ്ഞെടുക്കാനുള്ള അവസരവും നല്‍കി. ആര്‍ക്കെങ്കിലും രാജ്യത്ത് സോപ്പുവില്‍ക്കണമെന്നുണ്ടെങ്കില്‍ അത് ഒരു പ്രത്യേക കട വഴി മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന് ഗവണ്‍മെന്റ് തീരുമാനിക്കില്ല. ആര്‍ക്കെങ്കിലും സ്‌കൂട്ടറുകള്‍ വില്‍ക്കണമെങ്കില്‍ ഒരു പ്രത്യേക ഡീലറിലൂടെ മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന് ഗവണ്‍മെന്റ് തീരുമാനിക്കില്ല. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷമായി കര്‍ഷകരോട് നിങ്ങളുടെ വിളകള്‍ ഒരു പ്രത്യേക മണ്ഡിയിലൂടെ വില്‍ക്കാന്‍ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് പറയുന്നു. ഈ മണ്ഡികളിലല്ലാതെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മറ്റൊരിടത്തും വില്‍ക്കാനാവില്ല. ഈ നിയമത്തില്‍ നമ്മള്‍ എന്താണ് പറയുന്നതെന്നുവച്ചാല്‍ ലാഭകരമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ കര്‍ഷകന് അവന്റെ വിളകള്‍ ഇതേ മണ്ഡികളില്‍ തന്നെ വില്‍ക്കാം, എന്നാല്‍ മണ്ഡിക്ക് പുറത്ത് മികച്ച വില ലഭിക്കുകയാണെങ്കില്‍ അപ്പോള്‍ അവന് അവന്റെ അവകാശമുണ്ടായിരിക്കും. ഒരു ജനാധിപത്യത്തില്‍ എന്റെ കര്‍ഷകസുഹൃത്തുക്കള്‍ക്ക് ഇതിനുള്ള അവകാശവുമില്ലേ?
 

ഇപ്പോള്‍ കര്‍ഷകന് അവന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് എവിടെയാണോ മികച്ച വില ലഭിക്കുന്നത് അവിടെ വില്‍ക്കാം. മണ്ഡികളും നിലനില്‍ക്കും. മുമ്പു ചെയ്തിരുന്നതുപോലെ അവന് അവിടെ വില്‍ക്കാം. അത് അയാളെ ആശ്രയിച്ചിരിക്കും. വാസ്തവത്തില്‍ പുതിയ നിയമം കൊണ്ടുവന്നശേഷം കര്‍ഷകര്‍ അവരുടെ വിളകള്‍ മണ്ഡിക്ക് പുറത്ത് വിറ്റുതുടങ്ങി. അടുത്തിടെ ഒരു കൂട്ടം നെല്‍കൃഷിക്കാര്‍ ഒരു മില്ലുമായി കരാറില്‍ ഏര്‍പ്പെട്ടു. അവരുടെ വരുമാനത്തില്‍ 20% വര്‍ദ്ധനയുണ്ടായി. മറ്റൊരിടത്ത് ഒരായിരം ഉരുളക്കിഴങ്ങ കൃഷിക്കാര്‍ ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ഈടായി ഈ കമ്പനി അവരുടെ ചെലവിന്റെ 35% അധികം നല്‍കാമെന്ന് ഉറപ്പും നല്‍കി. മുളകും വാഴപ്പഴവും നേരിട്ട് വിറ്റപ്പോള്‍ ഒരുകര്‍ഷകന് അതിന്റെ വിലയുടെ ഇരട്ടി ലഭിച്ച ഒരു വാര്‍ത്തയും ഞാന്‍ വായിക്കുന്നു. എല്ലാ കര്‍ഷകര്‍ക്കും ഈ നേട്ടങ്ങളും അവകാശങ്ങളും ലഭിക്കേണ്ടേ?
 

ഇപ്പോള്‍ നിങ്ങള്‍ പറയു. മുന്‍കാലങ്ങളില്‍ മണ്ഡികളില്‍ തളച്ചിട്ട് ദ്രോഹിക്കപ്പെട്ട കര്‍ഷകരോടുള്ള പ്രായശ്ചിത്തമാണ് ഈ കാര്‍ഷികപരിഷ്‌ക്കാരങ്ങള്‍. ഞാന്‍ ആവര്‍ത്തിക്കുന്നു, നിയമം പുറപ്പെടുവിച്ച് ആറുമാസമായിട്ടും ഇന്ത്യയിലെ ഒരു ഭാഗത്തും ഒരു മണ്ഡിയും അടച്ചിട്ടില്ല. പിന്നെ എന്തിനാണ് ഈ നുണ പ്രചരിപ്പിക്കുന്നത്. വസ്തുതയെന്തെന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് എ.പി.എം.സികള്‍ ആധുനികവല്‍ക്കരിക്കാനും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുമായി 500 കോടിയിലേറെ രൂപയാണ് ചെലവഴിക്കുന്നത്. അപ്പോള്‍ ഈ എ.പി.എം.സികള്‍ അടച്ചുപൂട്ടുന്ന ചോദ്യംഎവിടെയാണ് ഉയരുന്നത്? ഒരുകാരണമോ അനുപ്രാസമോ ഇല്ലാതെ ആവര്‍ത്തിച്ച് വെറുതെ നുണ പ്രചരിപ്പിക്കുകയാണ്.
 

സുഹൃത്തുക്കളെ,

കാര്‍ഷികനിയമത്തിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ നുണ കൃഷി കരാറുകള്‍ സംബന്ധിച്ചാണ്. കൃഷികരാറുകള്‍ രാജ്യത്ത് ആദ്യമായിട്ടുള്ളതല്ല. പുതിയ നിയമങ്ങള്‍ ഉണ്ടാക്കി വളരെപ്പെട്ടന്നാണോ നമ്മള്‍ കൃഷികരാറുകള്‍ നടപ്പാക്കുന്നത്? അല്ല. വളരെക്കാലമായി കൃഷി കരാറുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലല്ല, മുന്‍കാലങ്ങള്‍ തൊട്ട് നിരവധി സംസ്ഥാനങ്ങളില്‍ കൃഷികരാറുകള്‍ ഉണ്ടാകുന്നുണ്ട്. അടുത്തിടെ 2019 മാര്‍ച്ച് എട്ടിലെ ഒരു പത്രവാര്‍ത്ത എനിക്ക് ചിലര്‍ അയച്ചുതന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഒരു ബഹുരാഷ്ട്ര കുത്തകയുമായി 800 കോടി രൂപയുടെ കാര്‍ഷികകരാര്‍ ആഘോഷിക്കുന്നത്. പഞ്ചാബിലെ നമ്മുടെ കര്‍ഷക സഹോദരി സഹോദരന്മാരുടെ കൃഷിക്ക് കൂടുതല്‍ നിക്ഷേപമുണ്ടാകുന്നത് നമ്മുടെ ഗവണ്‍മെന്റിന് സന്തോഷം നല്‍കുന്നതാണ്.

 

സുഹൃത്തുക്കളെ,

രാജ്യത്ത് മുമ്പ് കാര്‍ഷികകരാറുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചട്ടങ്ങളില്‍ നമ്മുടെ കര്‍ഷകര്‍ക്ക് വലിയ ഒരുഅപകടമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് പുതിയ നിയമത്തിന് കീഴില്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകള്‍ കൊണ്ടുവന്നു. കാര്‍ഷിക കരാറില്‍ കര്‍ഷകര്‍ക്ക് നമ്മള്‍ പരമാവധി ഗുണം ഉറപ്പാക്കി. കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ കഴിയാത്തവിധം നിയമപരമായ വ്യവസ്ഥകള്‍ നമ്മള്‍ ഉറപ്പാക്കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ അല്ലെങ്കില്‍ തല്‍പ്പരകക്ഷികള്‍ കര്‍ഷകര്‍ക്ക്‌ന ല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണം. പുതിയ നിയമം രൂപീകരിച്ചശേഷം കര്‍ഷകര്‍ തങ്ങളുടെ പ്രദേശത്തെ എസ്.ഡി.എമ്മുകളോട് പരാതിപ്പെടുന്നതും പരാതിപ്പെട്ടുകഴിഞ്ഞ് ചുരുക്കം ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് അവര്‍ക്ക് കുടിശികകള്‍ ലഭിച്ചതുമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.
 

സുഹൃത്തുക്കളെ,

കരാര്‍കൃഷിക്ക് കീഴില്‍ വിള ഉല്‍പ്പാദനത്തില്‍ മാത്രമാണ് കരാര്‍ ഒതുങ്ങി നില്‍ക്കുന്നത്. നിയമം കര്‍ഷകരോടൊപ്പമാണ് നില്‍ക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട് കരാറിന് ഒന്നും ചെയ്യാനില്ല. പ്രകൃതിദുരന്തം ഉണ്ടായാല്‍ പോലും കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് ലഭിക്കും. പുതിയ നിയമപ്രകാരം മൂലധനം നിക്ഷേപിക്കുന്ന തല്‍പ്പരകക്ഷിക്ക് പെട്ടെന്ന് അതിനേക്കാള്‍ വലിയ ലാഭം ലഭിക്കുകയാണെങ്കില്‍ കരാറില്‍ നിശ്ചയിച്ച തുകയ്ക്ക് ഉപരിയായി കുടുതല്‍ ലഭിക്കുന്ന ലാഭത്തില്‍ നിന്നും ഒരുവിഹിതം കര്‍ഷകന് നല്‍കണം.
 

സുഹൃത്തുക്കളെ,

കരാറില്‍ ഏര്‍പ്പെടുകയെന്നതില്‍ നിര്‍ബന്ധവുമില്ല. കരാറില്‍ ഏര്‍പ്പെടണമോ വേണ്ടയോ എന്നതൊക്കെ കര്‍ഷകനെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ പച്ചപരമാര്‍ത്ഥിയായ കര്‍ഷകനെ ആരുംപറ്റിക്കരുതെന്ന് കരുതിയാണ് വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടുള്ളത്. പുതിയ നിയമത്തിലെ പിഴകള്‍ സ്‌പോണ്‍സര്‍മാര്‍ക്കുള്ളതാണ് കര്‍ഷകര്‍ക്കല്ല. കരാര്‍ റദ്ദ്‌ചെയ്യാന്‍ സ്‌പോണ്‍സറിന് അധികാരവുമില്ല. അയാള്‍ കരാര്‍ റദ്ദാക്കുകയാണെങ്കില്‍ അദ്ദേഹം കര്‍ഷകര്‍ക്ക് വലിയ പിഴ നല്‍കേണ്ടിവരും. എന്നാല്‍ കരാര്‍ റദ്ദാക്കണമെന്ന് കര്‍ഷകന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരു പിഴയുമില്ലാതെ അയാള്‍ക്കത് ചെയ്യാനുമാകും. സുഗമമായ ഭാഷയില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ കരാര്‍ കൃഷിയുടെ ഒരു രൂപരേഖ തയാറാക്കി അത് കര്‍ഷകര്‍ക്ക് പങ്കുവയ്ക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത് അപ്പോള്‍ കര്‍ഷകരെ ആര്‍ക്കും വഞ്ചിക്കാന്‍ കഴിയില്ല.
 

സുഹൃത്തുക്കളെ,

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കര്‍ഷകര്‍ പുതിയ കാര്‍ഷികനിയമങ്ങളെ ആലിംഗനം ചെയ്യുന്നതിലും ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നവരെ തിരസ്‌ക്കരിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. ഇപ്പോഴും ചില കര്‍ഷകരില്‍ ആശങ്കയുണ്ടെങ്കില്‍ അവരോട് പുനര്‍ചിന്തനം നടത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ സംഭവിച്ചിട്ടില്ലാത്തതിനെക്കുറിച്ചും ഇനി ഭാവിയില്‍ സംഭവിക്കില്ലാത്തതിനെക്കുറിച്ചും നുണകളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുന്ന ശക്തികളില്‍ ജാഗ്രതവേണം. എന്റെ കര്‍ഷക സഹോദരി സഹോദരന്മാരെ ഈ ആളുകളെ തിരിച്ചറിയുക. ഇവര്‍ എല്ലായ്‌പ്പോഴും കര്‍ഷകരെ ഒറ്റുകൊടുത്തിട്ടുള്ളവരാണ്. അവര്‍ മുമ്പ് കര്‍ഷകരെ ദുരുപയോഗം ചെയ്തു, ഇപ്പോഴും അവര്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ വാക്കുകള്‍ക്ക് ശേഷവും ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ശേഷവും ആര്‍ക്കെങ്കിലും എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ ഏത് വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും അവരുടെ ആശങ്കകളെ അഭിസംബോധനചെയ്യാനും തയാറാണെന്നാണ് വിനയത്തോടെ കൈകൂപ്പിക്കൊണ്ട് ആ കര്‍ഷക സഹോദരങ്ങളോട് പറയാനുള്ളത്. രാജ്യത്തെ കര്‍ഷകരും അവരുടെ ക്ഷേമവുമാണ് ഞങ്ങളുടെ മുന്‍ഗണകളില്‍ ഒന്ന്.
 

സുഹൃത്തുക്കളെ,

ഇന്ന് ഞാന്‍ വിശദമായി തന്നെ സംസാരിക്കുകയും നിരവധി വിഷയങ്ങളിലെ സത്യങ്ങള്‍ രാജ്യത്തിന് മുന്നില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ അഭിവന്ദ്യനായ അടല്‍ജിയുടെ ജന്മവാര്‍ഷികമായ ഡിസംബര്‍ 25ന് ഒരിക്കല്‍ കൂടി കര്‍ഷകരുമായി ഞാന്‍ വിശദമായി സംസാരിക്കുന്നുണ്ട്. ആ ദിവസം കിസാന്‍ സമ്മാന്‍ നിധിയുടെ മറ്റൊരു ഗഡു കോടിക്കണക്കിന് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. എന്റെ രാജ്യത്തിലെ കര്‍ഷകര്‍ കാലത്തിനനുസരിച്ച് മാറാനും സ്വാശ്രയ ഇന്ത്യ ഉണ്ടാക്കാനായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചുകഴിഞ്ഞു.

ഈ പുതിയ തീരുമാനത്തിലൂടെ നമ്മള്‍ പുതിയ മേഖലകളിലേക്ക് അടിവയ്ക്കുകയും രാജ്യം വിജയിക്കുകയും അതിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുകയും ചെയ്യും. ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി മദ്ധ്യപ്രദേശ് ഗവണ്‍മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു, ഇന്ന് മദ്ധ്യപ്രദേശിലെ ദശലക്ഷക്കണക്കിന് കര്‍ഷകരുമായി സംസാരിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് നിങ്ങള്‍ക്കെല്ലാം ഞാന്‍ നന്ദിരേഖപ്പെടുന്നുത്തു. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്കെല്ലാം ശുഭാംശസകള്‍ നേരന്നു.
 

അനവധി നിരവധി നന്ദി!
 

വസ്തുതാനിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശം തര്‍ജ്ജിമയാണ്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്. 

 

***



(Release ID: 1683206) Visitor Counter : 200