മന്ത്രിസഭ
അഞ്ച് ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
23 DEC 2020 4:48PM by PIB Thiruvananthpuram
രാജ്യത്തെ ചലച്ചിത്രമേഖലയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനായി രാജ്യത്തെ അഞ്ച് ഫിലിം മീഡിയ യൂണിറ്റുകളുടെ ലയനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഫിലിംസ് ഡിവിഷന്‍, ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നിവയാണ് നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ലിമിറ്റഡില്‍ ലയിപ്പിച്ചത്.
വര്‍ഷത്തില്‍ 3000ത്തിലധികം സിനിമകളാണ് രാജ്യത്ത് നിര്‍മ്മിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായ മേഖലയാണ് ഇന്ത്യയിലേത്. ഈ മേഖലയുടെ വികസനത്തിനും പിന്തുണയ്ക്കുമായാണ് വിവിധ ഫിലിം യൂണിറ്റുകള്‍ ലയിപ്പിക്കുന്നത്. ഒരു കോര്‍പ്പറേഷന് കീഴില്‍ എല്ലാ യൂണിറ്റുകളും ലയിപ്പിക്കുന്നതിലൂടെ വിവിധ പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും മികച്ച ഏകോപനം സാധ്യമാകും. ഓരോ മേഖലയുടെയും കാര്യക്ഷമതയും വര്‍ധിക്കും.
വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ 1948 ലാണ് ഫിലിംസ് ഡിവിഷന്‍ ആരംഭിച്ചത്. പ്രധാനമായും ഗവണ്‍മെന്റ് പരിപാടികളുടെ പ്രചാരണത്തിനും ഇന്ത്യാചരിത്രത്തിന്റെ ദൃശ്യവല്‍ക്കരണത്തിനുമായി ഡോക്യുമെന്ററികളും ന്യൂസ് മാഗസിനുകളും നിര്‍മ്മിക്കുന്നതിനായാണ് ഇതാരംഭിച്ചത്.
സ്വയംഭരണ സ്ഥാപനമായ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി 1955 ലാണ് സൊസൈറ്റി നിയമപ്രകാരം രൂപവല്‍ക്കരിച്ചത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ചലച്ചിത്ര മാധ്യമത്തിലൂടെ മൂല്യാധിഷ്ഠിത വിനോദമൊരുക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം.
ഇന്ത്യന്‍ സിനിമാ പൈതൃകം സംരക്ഷിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ 1964 ലാണ് വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യക്കു തുടക്കം കുറിച്ചത്.
ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും പ്രോത്സാഹനത്തിനായി 1973 ല്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ചതാണ് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്.
ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സംഘടിതവും കാര്യക്ഷമവും സംയോജിതവുമായ വികസനത്തിനും പ്രോത്സാഹനത്തിനുമായാണ് 1975 ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍എഫ്ഡിസിക്കു തുടക്കം കുറിച്ചത്.
ഈ മീഡിയ യൂണിറ്റുകള്‍ ലയിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയതിനൊപ്പം സ്വത്തുക്കള്‍, ജീവനക്കാര്‍ എന്നിവയുടെ പങ്കിടലിനും മറ്റു പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി നടത്തിപ്പു ചുമതലക്കാരനെയും നിയമോപദേഷ്ടാവിനെയും നിയമിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജീവനക്കാരെ ആരെയും ഒഴിവാക്കാതെ അവരുടെ താല്‍പ്പര്യങ്ങള്‍ മാനിച്ചാകും ഈ പ്രക്രിയകള്‍ നടത്തുക.
ഫിലിം മീഡിയ യൂണിറ്റുകള്‍ ലയിപ്പിച്ചതോടെ ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള ചലച്ചിത്രങ്ങളും മറ്റും, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, അനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയുടെ എല്ലാ തരത്തിലുള്ള ഫീച്ചര്‍ ഫിലിമുകളിലും സന്തുലിതവും കേന്ദ്രീകൃതവുമായ വികസനം ഉറപ്പാക്കുക എന്നതാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നത്. ഒരേ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതിലൂടെ നഷ്ടമുണ്ടാകുന്നതു കുറയ്ക്കാനും ഈ നടപടികള്‍വഴി സാധിക്കും.
***
(Release ID: 1683085)
Visitor Counter : 233
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada