വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

51-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം(IFFI) 'ഹൈബ്രിഡ്' രൂപത്തിൽ സംഘടിപ്പിക്കും- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

Posted On: 14 DEC 2020 12:58PM by PIB Thiruvananthpuram

 അൻപത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) ഹൈബ്രിഡ് രൂപത്തിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ന്യൂഡൽഹിയിൽ അറിയിച്ചു. കൊറോണാ വൈറസിനെ ആധാരമാക്കിയുള്ള അന്താരാഷ്ട്ര കൊറോണവൈറസ് ചലച്ചിത്രമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന, ചലച്ചിത്രങ്ങൾ പ്രേക്ഷകർക്ക് ഓൺലൈനായി കാണാനാകുമെന്ന് ശ്രീ പ്രകാശ് ജാവദേക്കർ അറിയിച്ചു. അതേസമയം, ഉദ്ഘാടന, സമാപന പരിപാടികൾ ഗോവയിൽ ഒരു ചെറു സദസ്സിൽ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. മേളയിൽ ഈ വർഷം 21 നോൺ ഫീച്ചർ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

കൊറോണ വൈറസിനെ ആസ്പദമാക്കി 108 രാജ്യങ്ങളിൽനിന്നും 2800 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു എന്നത് ജനങ്ങളുടെ മികച്ച പ്രതിഭയ്ക്ക് ഉദാഹരണമാണെന്ന് ശ്രീ. പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു. ചലച്ചിത്രോത്സവ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

കൊറോണ വൈറസ് ആഗോളതലത്തിൽ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ 2020 ന്റെ  തുടക്കത്തിൽ തന്നെ ഈ പ്രതിസന്ധി മുന്നിൽകണ്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ  കീഴിൽ അക്ഷീണം പരിശ്രമിച്ചതിനാൽ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി  നേരിടാനായി എന്ന് അദ്ദേഹം പറഞ്ഞു.
 കൊറോണ വാക്സിൻ ഉടൻ രാജ്യത്ത് ലഭ്യമാകും. എന്നാൽ, ജനങ്ങൾ ജാഗ്രത കുറയ്ക്കരുത് എന്നും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു.

 ഇന്ത്യയെപ്പോലെ, ഒരു ബൃഹത് രാജ്യത്ത് കൊറോണ വൈറസിന്  എതിരെയുള്ള ബോധവൽക്കരണം, മികച്ച രീതിയിൽ സാധ്യമാക്കിയ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയെയും  വകുപ്പിനെയും,
കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്‌വി അഭിനന്ദിച്ചു.കൊറോണ വൈറസ്  ചലച്ചിത്രമേളയിലൂടെ, ഒരൊറ്റ സ്ഥലത്ത് ഇത്രയധികം ഹ്രസ്വചിത്രങ്ങൾ കൊണ്ടുവന്ന സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.

 

***


(Release ID: 1680563) Visitor Counter : 169