പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ വരാണാസിയില്‍ ദേവ് ദീപാവലി മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 30 NOV 2020 9:50PM by PIB Thiruvananthpuram

ഹര ഹര മഹാദേവാ!  ഹര ഹര മഹാദേവാ!  ഹര ഹര മഹാദേവാ!
 

കാശി കോട്‌വാളിനു സ്തുതി,  അന്നപൂര്‍ണ മാതാവിനും , ഗംഗ മാതാവിനും സ്തുതി.

കാശിയിലും രാജ്യമെമ്പാടുമുള്ള എല്ലാ ആളുകള്‍ക്കും കാര്‍ത്തിക പൗര്‍ണമി ദേവ ദീപാവലിയുടെ ഹൃദ്യമായ ആശംസകള്‍.

എല്ലാവര്‍ക്കും ഗുരുനാനാക്ക് ദേവജിയുടെ പ്രകാശ പര്‍വത്തിന്റെ ആശീര്‍വാദങ്ങളും നേരുന്നു.
 

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. രാധാ മോഹന്‍ സിങ്ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാരായ അഷുതോഷ് ജി, രവീന്ദ്ര ജിസ്വാള്‍ ജി, നീല്‍കണ്ഠ് തീവാരിജി, ഉത്തര്‍ പ്രദേശിലെ ബിജെപി പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംങ് ജി, നിയമസഭാംഗങ്ങളായ ശ്രീവാസ്തവ് ജി, അശോക് ധവാന്‍ ജി, ബിജെപി പ്രാദേശിക നേതാക്കളായ മഹേഷ്ഛന്ദ് ശ്രീ വാസ്തവ് ജി, വിദ്യാസാഗര്‍ റായ് ജി, മറ്റ് ബഹുമാന്യ വ്യക്തികളെ, കാശിയിലെ വാത്സല്യമുള്ള എന്റെ സഹോദരീ സഹോദരന്മാരെ,
 

ദൈവങ്ങളുടെ പ്രത്യേക മാസമായി കരുതുന്ന കാര്‍ത്തിക മാസത്തെ നമ്മള്‍,  കാശി നിവാസികള്‍ കാര്‍ത്തിക പുനവസി എന്നാണ് വിളിക്കുക. അതോടനുബന്ധിച്ച് ഈ ദിവസം ഗംഗയില്‍ സ്‌നാനം ചെയ്തു ഭിക്ഷ നല്കുന്ന പതിവും തലമുറകളായി നമുക്കുണ്ട്. പുരാതന കാലം മുതല്‍ ഭക്തര്‍ പഞ്ച ഗംഗാ ഘട്ടിലും ദശാസ്വമേഥ് ഘട്ടിലും ശീതള ഘട്ടിലും ആസി ഘട്ടിലും പുണ്യ സ്‌നാനത്തിനു വരുന്നു. ഗംഗാ തീരങ്ങള്‍ മുഴുവന്‍, ഗോദോവ്‌ലിയ, ജ്ഞാന്‍വപി ധര്‍മസ്ഥല തുടങ്ങിയ സ്ഥലങ്ങളെല്ലാം ജനങ്ങളെകൊണ്ടു നിറയുക പതിവാണ്.  പണ്ഡിറ്റ് രാംകിങ്കര്‍ മഹാരാജ് കാര്‍ത്തിക മാസത്തിലുടനീളം ബാബാ വിശ്വനാഥിന്റെ രാമകഥ ആലപിക്കും.  അദ്ദേഹത്തിന്റെ കഥ കേള്‍ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ എത്താറുണ്ട്.
 

സുഹൃത്തുക്കളെ,

ഗംഗാമാതാവിന്റെ സവിധത്തിലാണ് കാശി ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നത്.  മഹാദേവന്റെ അനുഗ്രഹത്താല്‍ ഇതിന്റെ ഭാഗമാകാന്‍ എനിക്കും ഭാഗ്യം സിദ്ധിച്ചിരിക്കുന്നു.  ഇന്ന് കാശിയിലെ ആറു വരി  ദേശീയപാതയുടെ ഉദ്ഘാടനവേളയില ഇവിടെ സന്നിഹിതനാകാനും എനിക്ക് അവസരം ലഭിച്ചു. ഇന്നു വൈകുന്നേരം ഞാന്‍ ദേവ ദീപാവലിക്കും സാക്ഷിയാകും. ഇവിടെ എത്തുന്നതിനു മുമ്പ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയില്‍ പോകുന്നതിനും എനിക്ക് അവസരം ലഭിച്ചു. ഇന്നു വൈകിട്ട് സാരനാഥിലെ ലേസര്‍ ഷോയും ഞാന്‍ കാണുന്നുണ്ട്. ഇതെല്ലാം മഹാദേവന്റെ അനുഗ്രഹവും,   കാശിയിലെ സമസ്ത ജനങ്ങളുടെയും പ്രത്യേക സ്‌നേഹവുമായി ഞാന്‍ കരുതുന്നു.
 

സുഹൃത്തുക്കളെ,

കാശിയെ സംബന്ധിച്ചിടത്തോളം പ്രത്യേക സന്ദര്‍ഭം കൂടിയാണ്. 100 വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണേശ്വരിയുടെ  വിഗ്രഹം ഇന്ത്യയിലേയ്ക്കു തിരികെ വരികയാണ്. അന്നപൂര്‍ണേശ്വരി വീണ്ടും സ്വന്തം ഭവനത്തിലേയ്ക്കു മടങ്ങിയെത്തുന്നു. ഇതു കാശിക്ക് ഭാഗ്യ നിമിഷമാണ്. നമ്മുടെ ദേവീദേവന്മാരുടെ പൗരാണിക വിഗ്രഹങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെയും അമൂല്യമായ പൈതൃകത്തിന്റെയും പ്രതീകങ്ങളാണ്.
 

സുഹൃത്തുക്കളെ,

കാശിയുടെ 84 സ്‌നാന ഘട്ടങ്ങളും ലക്ഷക്കണക്കിനു ദീപങ്ങളുടെ പ്രഭയില്‍ പ്രകാശിച്ചു നില്ക്കുന്നതു കാണുക വളരെ വിസ്മയകരമാണ്.  ഗംഗയുടെ തിരകള്‍ക്കു നടുവിലുള്ള ഈ പ്രകാശത്തിന് കൂടുതല്‍ ദൈവികമായ പരിവേഷമുണ്ട്. ആരാണ് ഇതിനു സാക്ഷികളാകുന്നത്. ഈ പൗര്‍ണമി നാളില്‍ കാശി മഹാദേവന്റെ മുന്നില്‍ ദേവ ദീപാവലി പൂര്‍ണ ചന്ദ്രനെ പോലെ മിന്നി തിളങ്ങുന്നു.

നാം ഇന്നു പഞ്ചഗംഗാ ഘട്ടില്‍ ദര്‍ശിക്കുന്ന ഈ ദീപാവലിയില്‍ ആദിശങ്കരാചാര്യാജിയാണ്  ആദ്യം   പ്രചോദിതനായത്. പിന്നീട് ഈ പാരമ്പര്യം തുടര്‍ന്നത് അഹല്യാഭായി ഹോല്‍ക്കര്‍ ജിയാണ്. അന്ന് പഞ്ചഗംഗയില്‍ അഹല്യാഭായി സ്ഥാപിച്ച 1000 ദീപങ്ങളുടെ സ്തംഭം ഈ പാരമ്പര്യത്തിന്റെ സാക്ഷിയാണ് ഇന്നും.
 

സുഹൃത്തുക്കളെ

ദേവിയുടെയും ശിവന്റെയും സാക്ഷാത്ക്കാരങ്ങളാണ് കാശിയിലെ ജനങ്ങള്‍.  അതിനാല്‍ ദൈവങ്ങളാണ് ഈ 84 സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിനും ദീപങ്ങള്‍ തെളിക്കുന്നതും പ്രകാശം പരത്തുന്നതും. രാജ്യത്തിനു വേണ്ടി സ്വയം ബലി നല്കിയ അമൂല്യമായ ജീവിതങ്ങള്‍ക്കു വേണ്ടി കൂടിയാണ് ഈ ദീപങ്ങള്‍ തെളിക്കപ്പെടുന്നത്. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കായി നടത്തുന്ന ദേവ ദീപാവലിയുടെ പാരമ്പര്യത്തിനു പിന്നിലുള്ള കാശിയുടെ ചൈതന്യം എല്ലാവരെയും വികാര തരളിതമാക്കും.  രാജ്യരക്ഷയ്ക്കിടയില്‍ രക്തസാക്ഷിത്വം വരിച്ച ധീര സന്താനങ്ങള്‍ക്കു ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. അവര്‍ തങ്ങളുടെ യുവത്വം മുഴുവന്‍, അവരുടെ സ്വപ്‌നങ്ങളത്രയും ഭാരത മാതാവിന്റെ കാല്‍ച്ചുവട്ടില്‍ അര്‍പ്പിച്ചു.
 

സുഹൃത്തുക്കളെ,

അതിര്‍ത്തികളിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നവര്‍ക്കും തീവ്രവാദികളുടെഅഹങ്കാരത്തിനും രാജ്യത്തിനുള്ളില്‍ നിന്നു കൊണ്ട് വിഭാഗീയത ഗൂഢാലോചന നടത്തുന്നവര്‍ക്കും  ഉചിതമായ മറുപടിയാണ് രാഷ്ട്രം നല്കിക്കൊണ്ടിരിക്കുന്നത്. അതെ സമയം തന്നെ മാറ്റത്തിനു വേണ്ടിയും ദാരിദ്ര്യത്തിന്റെ ഇരുട്ടിനും അനീതിക്കും അവഗണനയ്ക്കും എതിരെയും രാജ്യം വിളക്കുകള്‍ തെളിക്കുന്നു.  ഇന്ന് പ്രധാന്‍ മന്ത്രി റോസ്ഗര്‍ യോജനയുടെ കീഴില്‍ പാവപ്പെട്ടവര്‍ക്ക് അവരുടെ തന്നെ  ഗ്രാമങ്ങളിലും ജില്ലകളിലും തൊഴില്‍ നല്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സ്വമിത്വ യോജനയുടെ കീഴില്‍ സാധാരണക്കാര്‍ക്ക് സ്വന്തം വീടുകള്‍ക്കുള്ള നിയമാനുസൃത അവകാശം നല്കിവരുന്നു. ഇന്ന് കൃഷിക്കാര്‍ ഇടനിലക്കാരില്‍ നിന്നും അവരുടെ  ചൂഷണത്തില്‍ നിന്നും സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു.  തെരുവു കച്ചവടക്കാരെ സഹായിക്കാനും മൂലധനം വായ്പയായി നല്കാനും ഇന്ന് ബാങ്കുകള്‍ മുന്നോട്ടു വരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സ്വനിധി യോജനയുടെ കാശിയിലെ ഗുണഭോക്താക്കളോട് ഞാന്‍ സംസാരിക്കുകയുണ്ടായി. ആത്മനിര്‍ഭര ഭാരതിന്റെ ഭാഗമായി രാജ്യം സ്വദേശത്തിനു വേണ്ടി ശബ്ദിക്കുന്നു.
 

സുഹൃത്തുക്കളെ,

പാവങ്ങളുടെയും ചൂഷിതരുടെയും നിരാലംബരുടെയും സേവനത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു ഗുരുനാനാക്ക് ദേവ് ജിയുടേത്. ഗുരു നാനാക്ക് ദേവ്ജിയുമായി കാശിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം വളരെ നാള്‍ കാശിയില്‍ ചെലവഴിച്ചിട്ടുണ്ട്. ഗുരുനാനാക്ക് ദേവജി ഇവിടെ വരികയും കാശിയിലെ ജനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗം കാണിച്ചു കൊടുത്തതിന്റെയും ചരിത്ര നിമിഷങ്ങള്‍ക്കു സാക്ഷിയാണ് ഇവിടുത്തെ ഗുരുബ ഗുരുദ്വാര. ഇന്നു നാം പരിഷ്‌കാരങ്ങളെക്കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ ഗുരുനാനാക്ക് ദേവ് ജി തന്നെ ഈ സമൂഹത്തിലെയും സംവിധാനത്തിലെയും മാറ്റങ്ങളുടെ ഏറ്റവും വലിയ പ്രതീകമായിരുന്നു.
 

സുഹൃത്തുക്കളെ,

അയോധ്യ, കാശി, പ്രയാഗ് മേഖല പൂര്‍ണമായും ഇന്ന് ആധ്യാത്മികതയുടെയും വിനോദസഞ്ചാരത്തിന്റെയും അനന്ത സാധ്യതകള്‍ക്കു സജ്ജമാവുകയാണ്. അയോധ്യാ വികസനത്തിന്റെ, പ്രയാഗിലെ കുംഭമേള സംഘാടനത്തിന്റെ,  വികസന പാതയിലൂടെ  കാശി അതിവേഗം നടത്തുന്ന മുന്നേറ്റത്തിന്റെ എല്ലാം വേഗത ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ സാകൂതം വീക്ഷിക്കുന്നു. കാശി വിശ്വനാഥ ക്ഷേത്ര പ്രദേശങ്ങള്‍ക്കു സമാനമായി ദുര്‍ഗകുണ്ഡ് പോലെ ആധ്യാത്മിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ വികസിപ്പിച്ചു വരുന്നു. മറ്റു ക്ഷേത്രങ്ങളും പരിക്രമ കേന്ദ്രങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്. സ്‌നാന ഘട്ടങ്ങളുടെ ചിത്രങ്ങളും അതി വേഗത്തില്‍മാറുകയാണ്. അവയും ശുഭെ - ഇ - ബനാറസിന്റെ അതീന്ദ്രിയ പ്രഭാവലയത്തിലേയ്ക്ക് വീണ്ടും കൂട്ടിചേര്‍ക്കപ്പെടുകയാണ്.  ഗംഗാ ജലവും ഇപ്പോള്‍ നിര്‍മലമായി വരുന്നു. ഇതാണ് പൗരാണിക കാശിയുടെ ആധുനിക സനാതനാവതാരം. ബനാറസിന്റെ നിത്യമായ പ്രത്യേകതയും.
 

സുഹൃത്തുക്കളെ,

ഇവിടെ നിന്ന് ഞാന്‍ പോകുന്നത് ബുദ്ധഭഗവാന്റെ ജന്മസ്ഥലമായ സാരനാഥിലേയ്ക്കാണ്. സാരനാഥിലെ അസ്തമയ വിനോദ സഞ്ചാര വികസനവും പൊതുജന ബോധനവും നിങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നല്ലോ. അത് ഇന്നു സാക്ഷാത്ക്കരിച്ചിരിക്കാന്‍ പോകുന്നു.  ബുദ്ധഭഗവാന്റെ  ദയയുടെയും കാരുണ്യത്തിന്റെയും അക്രമ രാഹിത്യത്തിന്റെയും  സന്ദേശങ്ങളാണ് ലേസര്‍ ഷോ യാഥാര്‍ത്ഥ്യമാക്കുന്നത്. ലോകം അക്രമത്തിന്റെയും അസ്വസ്ഥതയുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഭീഷണിയുടെ നിഴലില്‍ നില്ക്കുന്ന ഇന്നത്തെ സന്ദര്‍ഭത്തില്‍ ഈ സന്ദേശങ്ങള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. ബുദ്ധ ഭഗവാന്‍ പറയും വിദ്വേഷം  വിദ്വേഷത്തെ നിശബ്ദമാക്കുന്നില്ല. വിദ്വേഷത്തെ ശാന്തമാക്കുന്നത് മൈത്രിയാണ്. ഇതാണ് കാശിയില്‍ നിന്നുള്ള സന്ദേശം.  അതായത് ഈ ദീപങ്ങളെ പോലെ നമ്മുടെ മനസുകളും പ്രകാശിക്കണം. ഇതാണ് ദേവ ദീപാവലി അവതരിപ്പിക്കുന്ന പുണ്യം. മൊത്തത്തില്‍ ഇത് സാക്ഷാത്തായ ബോധ്യമാണ്. വികസന പാത ഒരുങ്ങി കഴിഞ്ഞു. ലോകം മുഴുവന്‍ അനുകമ്പയും ദയയും സ്വാംശീകരിക്കണം. ഈ നല്ല ആശംസകളോടെ ഒരിക്കല്‍ കൂടി ദേവ ദീപാവലിയുടെയും പ്രകാശ പര്‍വത്തിന്റെയും  ധാരാളം സൗഭാഗ്യങ്ങള്‍  നിങ്ങള്‍ക്ക് നേരുന്നു. ഇന്ന് ഇവിടെ വന്നപ്പോള്‍ എനിക്ക്  അത്യധികം സന്തോഷം തോന്നി. നിങ്ങളെ കണ്ടപ്പോള്‍ ഞാന്‍ ഉന്മേഷവാനായി. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു  ഈ കൊറോണ കാലത്ത് ഒരു ദിവസം പോലും  ഞാന്‍ നിങ്ങളില്‍ നിന്ന് അകലെയായിരുന്നില്ല.
 

സുഹൃത്തുക്കളെ, കൊറോണ രോഗികളുടെ കണക്കുകള്‍, ആശുപത്രികളില്‍ അതിനുള്ള ക്രമീകരണങ്ങള്‍, ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാന്‍ സന്നദ്ധ സംഘടനകള്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നു ഇതെല്ലാം ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. അന്നപൂര്‍ണേശ്വരിയുടെ ഈ ഭൂമിയില്‍  ആരും വിശക്കാതിരിക്കാന്‍  ആര്‍ക്കും മരുന്ന് ലഭിക്കാതിരിക്കാന്‍  നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ സേവന മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

ഇതുപോലെ ദീപ്തമായ ഒരു ചുറ്റുപാടില്‍ നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചതിനാല്‍ ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം മഹോത്സവമാണ്. ഗംഗാമാതാവ് ഒഴുകന്നതു പോലെ ഈ കൊറോണക്കാലത്തെയും അതിജീവിച്ച് നമ്മള്‍ വികസന പാതയില്‍ അതിദൃതം മുന്നേറും.എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും പിന്നിട്ട് നൂറ്റാണ്ടുകളായി ഗംഗാമാതാവ് നിരന്തരം ഒഴുകുകയാണ്. അങ്ങിനെയാണ് വികസനത്തിന്റെയും ഒഴുക്ക്.  ഈ വിശ്വാസവുമായി ഞാന്‍ ഡല്‍ഹിക്കു മടങ്ങും. നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി എന്റെ ഹൃദ്യമായ കൃതജ്ഞത.

ജെയ് കിസാല്‍ ജെയ് ഭാരത് മാതാ

ഹര ഹര മഹാദേവ
 

കുറിപ്പ് : പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ് ഇത്. മൂല പ്രഭാഷണം ഹിന്ദിയിലാണ്.

 

***


(Release ID: 1678535) Visitor Counter : 188