ആഭ്യന്തരകാര്യ മന്ത്രാലയം

തീവ്ര ന്യൂനമര്‍ദ്ദം: ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ എൻ.സി.എം.സി യോഗം ചേർന്നു

Posted On: 01 DEC 2020 3:42PM by PIB Thiruvananthpuram

തമിഴ്നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ തീരത്തെ തീവ്രന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ദേശീയ ദുരന്ത പ്രതികരണ സമിതി (എന്‍.സി.എം.സി) വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേര്‍ന്നു. കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ് ഉപദേഷ്ടാവും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 

ഡിസംബര്‍ 2 മുതല്‍ 4 വരെ  തമിഴ്നാട്, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളുടെ തെക്കന്‍ തീരത്ത് കനത്ത മഴയോടൊപ്പം കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കാര്‍ഷിക വിളകള്‍ക്കും  അവശ്യ സേവനങ്ങള്‍ക്കും ഇത് നഷ്ടം സൃഷ്ടിക്കാനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡിസംബര്‍ 4 വരെ മത്സ്യബന്ധനം പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും രക്ഷാപ്രവര്‍ത്തകരെ വിന്യസിക്കുകയും ചെയ്തത് ഉള്‍പ്പെടെ, ബന്ധപ്പെട്ട ജില്ലകളിലെ ദുരന്ത പ്രതികരണ സമിതികള്‍ തയ്യാറാക്കിയതും സജ്ജീകരിച്ചതുമായ കാര്യങ്ങളെക്കുറിച്ച് കേരളം, തമിഴ്നാട് ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ് ഉപദേഷ്ടാവും എന്‍സിഎംസിയെ അറിയിച്ചു. 

ഈ പ്രദേശങ്ങളില്‍ ആവശ്യമായ രക്ഷാസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആവശ്യത്തിനുപകരിക്കുംവിധം ബാക്കി സംഘങ്ങള്‍ തമിഴ്നാട്ടില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ദേശീയ ദുരന്ത പ്രതികരണ സേനാ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. 

വ്യോമയാന, ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജ്ജ, ആഭ്യന്തര, ദുരന്ത പ്രതികരണ അതോറിറ്റി മന്ത്രാലയ സെക്രട്ടറിമാരും പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധിയും അവര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗത്തില്‍  വിശദീകരിച്ചു.

നാശനഷ്ടം വളരെക്കുറച്ചുമാത്രമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അവശ്യ സേവനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കാബിനറ്റ് സെക്രട്ടറി സംസ്ഥാന ഗവണ്‍മെന്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു.

 

***(Release ID: 1677401) Visitor Counter : 105