പ്രധാനമന്ത്രിയുടെ ഓഫീസ്
റൂപെയ് കാര്‍ഡ് രണ്ടാം ഘട്ടം ഭൂട്ടാനില്‍ വിഡിയോ കോണ്‍ഫറണ്‍സിംങ് വഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
20 NOV 2020 3:51PM by PIB Thiruvananthpuram
ആദരണീയനായ ഭൂട്ടാന്‍ പ്രധാനമന്ത്രി ലിയോണ്‍ചെന്‍ ഡോ. ലോട്ടെ ടെഷറിംങ്, ഭൂട്ടാനിലും ഇന്ത്യയിലും നിന്നുള്ള വിശിഷ്ടാതിഥികളെ നമസ്‌കാരം,
എല്ലാ ഇന്ത്യാക്കാരെയും പോലെ എനിക്കും ഭൂട്ടാനോട് പ്രത്യേക സ്‌നേഹവും ബന്ധവും ഉണ്ട്. നിങ്ങളെ എപ്പോള്‍ കണ്ടാലും എനിക്ക് സ്വന്തമെന്ന പ്രത്യേക വികാരമാണ്.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അനന്യമായ ബന്ധവും പ്രത്യേക സൗഹൃദവും ഇരു രാജ്യങ്ങള്‍ക്കും അമൂല്യം മാത്രമല്ല, ലോകത്തിനു പോലും അനുപമമായ ഉദാഹരണം കൂടിയാണ്. ഭൂട്ടാനില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകളാണ് എന്നില്‍ നിറയെ. പുതിയ സംഭവങ്ങള്‍, പുതിയ പ്രചോദനങ്ങള്‍, ഓരോ മിനിറ്റിവും പുതിയ ആവേശം എല്ലാം കൊണ്ടും അതൊരു അവിസ്മരണീയ യാത്രയായിരുന്നു. ഡിജിറ്റല്‍, ശൂന്യാകാശം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ പരസ്പരം സഹകരിച്ചുകൊണ്ട് നാം സുപ്രധാനമായ നിരവധി സംരംഭങ്ങള്‍ അതിനു ശേഷം ആരംഭിച്ചു.
21-ാം നൂറ്റാണ്ടില്‍ ഇരു രാജ്യങ്ങളും പ്രത്യേകിച്ച് യുവ തലമുറകള്‍ തമ്മില്‍ സമ്പര്‍ക്കത്തിനുള്ള പുതിയ മാര്‍ഗ്ഗങ്ങളാണ് ഇവയെല്ലാം. ഭൂട്ടാനിലേയ്ക്കുള്ള എന്റെ പ്രഥമ സന്ദര്‍ശനത്തില്‍ തന്നെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ റൂപെയ് കാര്‍ഡ് പദ്ധതിയുടെ ആദ്യ ഘട്ടം നാം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കുകള്‍ പുറത്തിറക്കുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭൂട്ടാനില്‍ പണമിടപാടുകള്‍ നടത്താന്‍ ഇപ്പോള്‍ വളരെ സൗകര്യമാണ്. ഇതുവരെ ഭൂട്ടാനില്‍ 11000 റൂപെയ് പണം ഇടപാടുകള്‍ വിജയകരമായി നടന്നതായി അറിയാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. കോവിഡ് 19 മഹാമാരി അല്ലാതിരുന്നെങ്കില്‍ ഈ സംഖ്യ എത്രയോ ഉയര്‍ന്നേനെ.
അഭിലഷണീയമായ ഈ പദ്ധതിയുടെ രണ്ടാം ഘട്ടം നാം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഇതോടെ റൂപെയ് കാര്‍ഡ് ശൃംഖലയുടെ പൂര്‍ണ പങ്കാളിയായി ഭൂട്ടാനെ നാം സ്വാഗതം ചെയ്യുന്നു. ഈ നേട്ടത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാ ഭൂട്ടാന്‍ പൗരന്മാരെയും, ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ഞാന്‍ അഭിനന്ദിക്കുന്നു.ഇന്നു മുതല്‍ ഭൂട്ടാന്‍ നാഷണല്‍ ബാങ്ക് പുറത്തിറക്കുന്ന റൂപെയ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഇന്ത്യയിലെ ഒരു ലക്ഷം എടിഎമ്മുകളിലും 20 ലക്ഷം വ്യാപാര സ്ഥാപനങ്ങളിലും ഇത് ഉപയോഗിക്കാന്‍ കഴിയും.ഇന്ത്യയിലെയ്ക്ക് വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി വരുന്ന ഭൂട്ടാന്‍ പൗരന്മാര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഇതു ഭൂട്ടാനില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ രാജ്യത്തെ അനേക ലക്ഷം ജനങ്ങളുടെ ജീവിതങ്ങളെ പരിവര്‍ത്തനപ്പെടുത്തിക്കഴിഞ്ഞു.
ആദരണീയരെ സുഹൃത്തുക്കളെ,
നമുക്കു മധ്യേ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു മേഖല ബഹിരാകാശ ഗവേഷണമാണ്. ഇന്ത്യ എന്നും ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ളത് വികസനത്തിനു വേണ്ടി മാത്രമാണ്. ഇന്ത്യയും ഭൂട്ടാനും ഈ ലക്ഷ്യം പങ്കുവയ്ക്കുന്നു.
കഴിഞ്ഞ വര്‍ഷം ഭൂട്ടാനില്‍ ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിനുള്ള ഭൗമ നിലയം ഞാന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സംപ്രേക്ഷണത്തിനും ദുരന്ത നിവാരണത്തിനും ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഈ നിലയം സഹായകമായതില്‍ എനിക്ക് സന്തോഷമുണ്ട്. ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വച്ച് ഇന്നലെ അതിനുള്ള പ്രമാണ രേഖയില്‍ ഇന്നലെ ഞങ്ങള്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഇരു രാജ്യങ്ങളിലെയും വിവിധ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് ഇതു വഴിയൊരുക്കുകയും ചെയ്യും.
ഇന്ത്യ അതിന്റെ ബഹിരാകാശ മേഖല അടുത്ത കാലത്ത് സ്വകാര്യ സംരംഭകര്‍ക്ക് തുറന്നു നല്കുകയുണ്ടായി.അത് വിപ്ലവകരമായ പരിഷ്‌കാരമാണ്. ഇത് ശേഷിയും നവീകരണവും നൈപുണ്യവും പ്രോത്സാഹിപ്പിക്കു. ഭൂട്ടാന്റെ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഐഎസ്ആര്‍ഓയില്‍ അതിവേഗം നടക്കുന്നതില്‍ ഞാന്‍ പ്രത്യകിച്ചും സന്തുഷ്ടനാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചെറുപ്പക്കാരായ നാല് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഡിസംബറില്‍ ഐഎസ്ആര്‍ഒ സന്ദര്‍ശിക്കും. ഈ നാലു യുവശാസ്ത്രജ്ഞര്‍ക്ക് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഭൂട്ടാന്റെ മഹാരാജാവിന് രാജ്യത്തിന്റെ വികസനത്തിനായി ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് വലിയ ആഗ്രഹമുണ്ട് എന്ന് എനിക്ക് അറിയാം. അദ്ദേഹം അതു പ്രോത്സാഹിപ്പിക്കുന്നു. അതില്‍ അദ്ദേഹത്തിന് സ്വന്തമായ കാഴ്ച്ചപ്പാടും ഉണ്ട്.
അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് സാക്ഷാത്ക്കരിക്കുന്നതിന് അനുഭവവും സൗകര്യങ്ങളും പങ്കുവയ്ക്കുവാന്‍ ഇന്ത്യ എന്നും തയാറാണ്. അതുപോലെ തന്നെ വിവിര വാര്‍ത്താവിനിമയ സാങ്കേതിക വിദ്യാധിഷ്ടിത, വിജ്ഞാനാവലംബിത സമൂഹത്തെ ഭൂട്ടാനില്‍ സൃഷ്ടിക്കുന്നതിന് ഇന്ത്യ സഹായിക്കും . മൂന്നാം അന്തര്‍ദേശീയ ഇന്റര്‍നെറ്റ് കവാടം ഭൂട്ടാന് ലഭ്യമാക്കുന്നതിന് ബിഎസ്എന്‍എല്ലുമായുള്ള കരാരിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
ബഹുമാന്യരെ, സുഹൃത്തുക്കളെ,
നേരില്‍ കാണാനും ഈ സന്ദര്‍ഭത്തെ ആഘോഷിക്കാനും കഴിഞ്ഞെങ്കില്‍ നന്നായേനെ. എന്നാല്‍ കൊറോണ മൂലം അത് സാധ്യമല്ല. എന്നാല്‍ മറുവശത്ത് ഒരു തരത്തില്‍ പറഞ്ഞാന്‍ നാം ഈ സാങ്കേതിക സംരംഭങ്ങള്‍ ഉചിതമായ മാര്‍ഗ്ഗത്തില്‍ തന്നെ നാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഘോഷിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഭൂട്ടാനിലെ ജനങ്ങളും ഗവണ്‍മെന്റും പ്രദര്‍ശിപ്പിച്ച ക്ഷമയെയും അച്ചടക്കത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങലുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും വിജയവും നേരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ ഭൂട്ടാന് ഒപ്പമുണ്ട് എന്ന് ഞാന്‍ ഉറപ്പു തരുന്നു. നിങ്ങളുടെ ആവശ്യങ്ങളായിരിക്കും ഞങ്ങളുടെ ഉയര്‍ന്ന മുന്‍ഗണനകള്‍. ഒരിക്കല്‍ കൂടി നിങ്ങല്‍ക്കു വളരെ നന്ദി. രാജ കുടുംബത്തിന് ആയുരാരോഗ്യം നേരുന്നു.
കുറിപ്പ്:
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണിത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലാണ് പറഞ്ഞത്.
***
(Release ID: 1675964)
Visitor Counter : 109
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada