പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആയുര്‍വേദ ദിനത്തില്‍ രണ്ട് ആയുര്‍വേദ സ്ഥാപനങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

Posted On: 13 NOV 2020 12:19PM by PIB Thiruvananthpuram

അഞ്ചാം ആയുര്‍വേദ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രണ്ട് ആയുര്‍വേദ സ്ഥാപനങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. ജാംനഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ.), ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ.) എന്നിവയാണ് നാടിനു സമര്‍പ്പിച്ചത്. ഇവ രണ്ടും രാജ്യത്തെ ആയുര്‍വേദമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളാണ്. ആദ്യത്തേതിന് പാര്‍ലമെന്റ് നിയമത്തിലൂടെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ (ഐ.എന്‍.ഐ.) പദവി നല്‍കിയിട്ടുണ്ട്. രണ്ടാമത്തേത് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഡീംഡ് സര്‍വകലാശാലയായി കണക്കാക്കിയിട്ടുണ്ട്. ആയുഷ് മന്ത്രാലയം 2016 മുതലാണ് ധന്വന്തരി ജയന്തി 'ആയുര്‍വേദ ദിന'മായി ആചരിക്കുന്നത്.

 കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീ ശ്രീപദ് നായിക് (സ്വതന്ത്ര ചുമതല), ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെഹ്‌ലോട്ട്, രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോ ഗബ്രിയേസസ് ചടങ്ങില്‍ വീഡിയോ സന്ദേശം നല്‍കി. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ആഗോള പരിരക്ഷ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയും ആരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത മരുന്നുകളുടെ പ്രോത്സാഹനത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത വൈദ്യത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ തെരഞ്ഞെടുത്തതിന് ലോകാരോഗ്യ സംഘടനയ്ക്കും ഡയറക്ടര്‍ ജനറലിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ആയുര്‍വേദം ഇന്ത്യന്‍ പാരമ്പര്യമാണെന്നും ഇന്ത്യയുടെ പരമ്പരാഗത അറിവ് മറ്റ് രാജ്യങ്ങളെയും സമ്പുഷ്ടമാക്കുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകങ്ങളില്‍ നിന്നും വേദഗ്രന്ഥങ്ങളില്‍ നിന്നും വീട്ടുവൈദ്യങ്ങളില്‍ നിന്നും ആയുര്‍വേദത്തെക്കുറിച്ചുള്ള അറിവുകള്‍ വെളിപ്പെടുത്തേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ആവശ്യങ്ങള്‍ക്കനുസരിച്ച് പുരാതനമായ ഈ അറിവ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ശാസ്ത്രത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നമ്മുടെ പുരാതന വൈദ്യശാസ്ത്ര പരിജ്ഞാനവുമായി സംയോജിപ്പിച്ച് രാജ്യത്ത് പുതിയ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഓള്‍ ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥാപിക്കപ്പെട്ടു. ആയുര്‍വേദം ഇന്ന് ഒരു ബദല്‍ മാത്രമല്ല, രാജ്യത്തിന്റെ ആരോഗ്യ നയത്തിന്റെ പ്രധാന അടിത്തറയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലേയിലെ സോവ-റിഗ്പയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റ് പഠനങ്ങള്‍ക്കുമായി നാഷണല്‍ സോവ-റിഗ്പ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ കാലഘട്ടത്തില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ആവശ്യം ലോകമെമ്പാടും അതിവേഗം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സെപ്റ്റംബറില്‍ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 45 ശതമാനം വര്‍ദ്ധിച്ചു.

ആയുര്‍വേദ മരുന്നുകള്‍, ഔഷധസസ്യങ്ങള്‍, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന പോഷകാഹാരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകക്ഷേമത്തിനായി ഇന്ത്യയുടെ സംഭാവന വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആയുഷ് മന്ത്രാലയം വികസിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. നമ്മുടെ കയറ്റുമതി കൂടുകയും നമ്മുടെ കര്‍ഷകരുടെ വരുമാനും വര്‍ധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഉത്ഭവത്തിനുശേഷം ആയുര്‍വേദ സസ്യങ്ങളായ അശ്വഗന്ധ, ചിറ്റമൃത് (ഗിലോയ്), തുളസി തുടങ്ങിയവയുടെ വില വളരെയധികം വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വഗന്ധയുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. ഇതിന്റെ നേരിട്ടുള്ള നേട്ടം ഈ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്ന നമ്മുടെ കര്‍ഷകരിലേക്ക് എത്തിച്ചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

 

***(Release ID: 1672640) Visitor Counter : 271