പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി വാരാണസിയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു

Posted On: 09 NOV 2020 1:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വാരാണസിയില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. 220 കോടി രൂപയുടെ 16 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരാണസിയില്‍ 400 കോടി രൂപയുടെ 14 പദ്ധതികള്‍ ഇതിനോടകംതന്നെ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 സാരാനാഥിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, രാംനഗര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയുടെ നവീകരണം,  മലിനജല സംസ്‌കരണ പദ്ധതികള്‍, പശുക്കളുടെ  സംരക്ഷണത്തിനായുള്ള പ്രത്യേക സൗകര്യങ്ങള്‍, വിത്ത് ശേഖര സംവിധാനം,  നൂറ് മെട്രിക് ടണ്‍ ശേഷിയുള്ള കാര്‍ഷിക വിള സംഭരണ കേന്ദ്രം, സംയോജിത ഊര്‍ജജ്ജ വികസന പദ്ധതിയുടെ  രണ്ടാംഘട്ടം, സമ്പൂര്‍ണ്ണാനന്ദ് സ്റ്റേഡിയത്തില്‍ കായിക താരങ്ങള്‍ക്കായി പാര്‍പ്പിട സമുച്ചയം, വാരാണസി നഗര സ്മാര്‍ട്ട്  ലൈറ്റിംഗ്  പദ്ധതി, 105 അംഗന്‍വാടി കേന്ദ്രങ്ങള്‍, പശുക്കള്‍ക്കായുള്ള 102  ആശ്രയ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

 വാരണാസി നഗരത്തിലെയും ഗ്രാമപ്രദേശത്തെയും  വികസന പരിപാടികളില്‍ വിനോദസഞ്ചാരവും  ഉള്‍പ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു.  ഗംഗാനദിയുടെ ശുചീകരണം,ആരോഗ്യ സേവനം, റോഡ്, അടിസ്ഥാനസൗകര്യ വികസനം, വിനോദസഞ്ചാരം, വൈദ്യുതി, യുവജനക്ഷേമം, കായികം, കാര്‍ഷിക മേഖല തുടങ്ങി ഇന്ന്  ഉദ്ഘാടനം ചെയ്ത വികസന പരിപാടികള്‍, വാരണാസി കൈവരിച്ച വികസന വേഗതയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗംഗാ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായ മലിനജല നിര്‍മ്മാര്‍ജ്ജന  സംവിധാനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
 ഗംഗയിലെ കടവുകളുടെ  നവീകരണം,  അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ പ്രകൃതിവാതകം ഉപയോഗിക്കല്‍, ദശാശ്വമേധ കടവിലെ ടൂറിസ്റ്റ് പ്ലാസ തുടങ്ങി വാരണാസിയില്‍  നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഗംഗാനദിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാശിയിലേക്ക് പുതിയ അവസരങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   ഇവിടുത്തെ കടവുകളുടെ സ്ഥിതി ക്രമാനുഗതമായി പുരോഗമിക്കുന്നതായി പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. ഗംഗാ കടവുകളുടെ ശുചീകരണത്തിലൂടെയും  സൗന്ദര്യ വല്‍ക്കരണത്തിലൂടെയും സാരനാഥിനും ഒരു പുതിയ മുഖം കൈവന്നിരിക്കുന്നതായി  അദ്ദേഹം പറഞ്ഞു.  ഇന്ന് ഉദ്ഘാടനം ചെയ്ത, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സാരനാഥിന്റെ  പ്രതാപം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 വൈദ്യുത കമ്പികള്‍ തൂങ്ങിക്കിടക്കുന്ന പ്രശ്‌നത്തില്‍ നിന്നും കാശി  ഇന്ന് ഒരുപരിധിവരെ സ്വതന്ത്രമായതായി ശ്രീ  മോദി പറഞ്ഞു. ഭൂമിക്കടിയിലൂടെ ഇലക്ട്രിക് വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ  മറ്റൊരു ഘട്ടം ഇന്ന്  പൂര്‍ത്തിയായി.  സ്മാര്‍ട്ട് എല്‍.ഇ.ഡി ലൈറ്റ് കാശിയുടെ തെരുവോരങ്ങളെ  പ്രകാശമാനമാക്കുകയും മനോഹാരിത വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും ശ്രീ നരേന്ദ്ര മോദി  പറഞ്ഞു.

 

***
 


(Release ID: 1671418) Visitor Counter : 257