പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വാമിത്വ പദ്ധതിക്കു കീഴില്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് ഒക്ടോബര്‍ 11 ന് പ്രധാനമന്ത്രി തുടക്കം കുറിക്കും


ഗ്രാമീണ ഇന്ത്യയില്‍ പരിവര്‍ത്തനാത്മക സ്വാധീനം ചെലുത്തുകയും ദശലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കുകയും ചെയ്യുന്ന ഇടപെടല്‍


നാലുവര്‍ഷത്തിനിടയില്‍ ഘട്ടം ഘട്ടമായി 6.62 ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരും

ഗ്രാമീണരുടെ സാമ്പത്തിക ആസ്തിയായി ഭൂമിയെ ഉപയോഗിക്കുന്നതിന് ഇത് വഴിയൊരുക്കും.

Posted On: 09 OCT 2020 1:26PM by PIB Thiruvananthpuram

 ഗ്രാമീണ ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്നതും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ശാക്തീകരിക്കുന്നതിനുമുള്ള ചരിത്രപരമായ ഇടപെടലിന്റെ ഭാഗമായി സ്വാമിത്വ പദ്ധതിക്കു കീഴില്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ വിതരണത്തിന് ഒക്ടോബര്‍ 11 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തുടക്കം കുറിക്കും.
 ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ലക്ഷത്തോളം പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാകുന്ന  എസ്.എം.എസ് ലിങ്ക് വഴി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.  ആറ് സംസ്ഥാനങ്ങളിലായി 763 ഗ്രാമങ്ങള്‍ക്കാണു ഇതിന്റെ പ്രയോജനം ലഭിക്കുക. ഉത്തര്‍പ്രദേശില്‍ നിന്ന് 346, ഹരിയാനയില്‍ നിന്ന് 221, മഹാരാഷ്ട്രയില്‍ നിന്ന് 100, മധ്യപ്രദേശില്‍ നിന്ന് 44, ഉത്തരാഖണ്ഡില്‍ നിന്ന് 50, കര്‍ണാടകയില്‍ നിന്ന് 2 എന്നിങ്ങനെയാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന ഗ്രാമങ്ങളുടെ എണ്ണം. മഹാരാഷ്ട്ര ഒഴികെയുള്ള ഈ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗുണഭോക്താക്കള്‍ക്ക് ഒരു ദിവസത്തിനകം പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ ഫിസിക്കല്‍ കോപ്പികള്‍ നേരിട്ട് ലഭിക്കും - പ്രോപ്പര്‍ട്ടി കാര്‍ഡിന്റെ നാമമാത്രമായ ചിലവ് വീണ്ടെടുക്കുന്നതിനുള്ള ഒരു സംവിധാനം മഹാരാഷ്ട്രയിലുണ്ട്, അതിനാല്‍ ഇതിന് ഒരു മാസത്തെ സമയമെടുക്കും.

 വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് ഗ്രാമീണരുടെ സാമ്പത്തിക ആസ്തിയായി സ്വത്ത് ഉപയോഗിക്കുന്നതിന് ഈ നീക്കം വഴിയൊരുക്കും.  ദശലക്ഷക്കണക്കിന് ഗ്രാമീണ സ്വത്തുടമകള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഇത്രയും വലിയൊരു പരിശ്രമം നടപ്പിലാക്കുന്നത്് ഇതാദ്യമായാണ്.

 ചടങ്ങില്‍ പ്രധാനമന്ത്രി ചില ഗുണഭോക്താക്കളുമായി സംവദിക്കും. രാവിലെ 11 നു തുടങ്ങുന്ന ചടങ്ങില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി പങ്കെടുക്കും.  
 
 2020 ഏപ്രില്‍ 24 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ച പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ കേന്ദ്രമേഖല പദ്ധതിയാണ് സ്വാമിത്വ.

 രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പദ്ധതി നാലുവര്‍ഷത്തിനിടയില്‍ (2020-2024) ഘട്ടംഘട്ടമായി നടപ്പാക്കും.  ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒരു ലക്ഷത്തോളം ഗ്രാമങ്ങളും പഞ്ചാബിലെയും രാജസ്ഥാനിലെയും ഏതാനും അതിര്‍ത്തി ഗ്രാമങ്ങളുമാണു തുടര്‍ച്ചയായ ഓപ്പറേറ്റിംഗ് സിസ്റ്റം (സിആര്‍എസ്) സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനൊപ്പം പ്രാഥമിക ഘട്ടത്തില്‍ (2020-21) ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 ഈ ആറ് സംസ്ഥാനങ്ങളും ഗ്രാമീണ മേഖലയിലെ ഡ്രോണ്‍ സര്‍വേയ്ക്കും പദ്ധതി നടപ്പാക്കുന്നതിനുമായി സര്‍വേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു.  ഈ സംസ്ഥാനങ്ങള്‍ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് ഫോര്‍മാറ്റിനും ഡ്രോണ്‍ അധിഷ്ഠിത സര്‍വേയ്ക്കായി ഉള്‍പ്പെടുത്തേണ്ട ഗ്രാമങ്ങള്‍ക്കും അന്തിമരൂപം നല്‍കി.  ഭാവിയിലെ ഡ്രോണ്‍ പറക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി കോര്‍സ് ശൃംഖല സ്ഥാപിക്കുന്നതിനായി പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു.

 പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ക്ക് വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത നാമകരണമുണ്ട്.  ഹരിയാനയിലെ 'ടൈറ്റില്‍ ഡീഡ്', കര്‍ണാടകയിലെ 'റൂറല്‍ പ്രോപ്പര്‍ട്ടി ഓണര്‍ഷിപ്പ് റെക്കോര്‍ഡ്സ് (ആര്‍പിആര്‍)'', മധ്യപ്രദേശില്‍ 'അധികര്‍ അഭിലേഖ്', മഹാരാഷ്ട്രയല്‍ 'സന്നദ്', ഉത്തരാഖണ്ഡിലെ 'സ്വാമിതാ അഭിലേഖ്', ഉത്തര്‍പ്രദേശില്‍ 'ഘരൗണി'എന്നിങ്ങനെയാണ് പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.


***


(Release ID: 1663204) Visitor Counter : 289