പ്രധാനമന്ത്രിയുടെ ഓഫീസ്‌

വൈഭവ് ഉച്ചകോടി ഒക്ടോബര്‍ രണ്ടിനു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 01 OCT 2020 9:35PM by PIB Thiruvananthpuram

വൈഷ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഒക്ടോബര്‍ രണ്ടിനു വൈകിട്ട് ആറരയ്ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
 

വിദേശത്തും രാജ്യത്തിനകത്തുമുള്ള ഇന്ത്യന്‍ ഗവേഷകരുടെയും അക്കാദമിക വിദഗ്ധരുടെയും ആഗോള വെര്‍ച്വല്‍ ഉച്ചകോടിയായ വൈഭവ് 2020 ഒക്ടോബര്‍ രണ്ടു മുതല്‍ 31 വരെയാണു നടക്കുക. രാജ്യത്തും പുറത്തുമായുള്ള അക്കാദമിക സ്ഥാപനങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ഇന്ത്യന്‍ വംശജരായ പ്രശസ്തരെ ഒരുമിച്ചുകൊണ്ടുവരികയും ആഗോള വികസനത്തിനായി അക്കാദമിക, ശാസ്ത്രസാങ്കേതിക അടിത്തറ ശക്തിപ്പെടുത്തുന്നതിന് യോജിച്ച പ്രവര്‍ത്തനത്തിനുള്ള പദ്ധതിയെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് ഉച്ചകോടി.
 

ഉദ്ഘാടനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വെബിനാറുകളിലൂടെയും വിഡിയോ കോണ്‍ഫറന്‍സുകളിലൂടെയും ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധര്‍ തമ്മിലുള്ള വിവിധ തലങ്ങളിലുള്ള ഇടപെടല്‍ ഈ പദ്ധതിയിലൂടെ നടക്കും. 55 രാജ്യങ്ങളില്‍നിന്നായി ഇന്ത്യന്‍ വംശജരായതും വിദേശത്തു കഴിയുന്നതുമായ 3000 അക്കാദമിക വിദഗ്ധരും ശാസ്ത്രജ്ഞരും ഒപ്പം രാജ്യത്തിനകത്തുള്ള 10,000 അക്കാദമിക വിദഗ്ധരും ശാസ്ത്രജ്ഞരും ഉച്ചകോടിയുടെ ഭാഗമാകും. ഇരുന്നൂറോളം അക്കാദമിക സ്ഥാപനങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ ശാസ്ത്ര സാങ്കേതിക വകുപ്പുകളും ചേര്‍ന്നാണ് ഒക്ടോബറില്‍ ഈ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
 

40 രാജ്യങ്ങളില്‍നിന്നുള്ള 1500ലേറെ പാനലിസ്റ്റുകളും 200ലേറെ മുന്‍നിര ഇന്ത്യന്‍ ഗവേഷണ, അക്കാദമിക സ്ഥാപനങ്ങളും 200 ചര്‍ച്ചാ സെഷനുകൡലായി 18 മേഖലകളെ കുറിച്ചും 80 വിഷയങ്ങളെ അധികരിച്ചും വെര്‍ച്വല്‍ ചര്‍ച്ച നടത്തും. സര്‍ദാര്‍ പട്ടേല്‍ ജയന്തി ദിനമായ ഒക്ടോബര്‍ 31നാണു സമാപന ചടങ്ങ്.

 

****


(Release ID: 1661978) Visitor Counter : 149