പ്രധാനമന്ത്രിയുടെ ഓഫീസ്‌

അടല്‍ തുരങ്കം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ഹിമാചലിലെ ദുര്‍ഘടമായ പീര്‍ പഞ്ചല്‍ മലനിരകളില്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കിയ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനെയും ഇന്ത്യയിലെ എന്‍ജിനീയര്‍മാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

തുരങ്കം ഹിമാചല്‍ പ്രദേശ്, ലേ, ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളെ ശാക്തീകരിക്കും: പ്രധാനമന്ത്രി

കര്‍ഷകര്‍, വിനോദസഞ്ചാരികള്‍, സൈനികര്‍, യുവാക്കള്‍ എന്നിവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും: പ്രധാനമന്ത്രി.

അതിര്‍ത്തിപ്രദേശങ്ങളില്‍ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്ന് പ്രധാനമന്ത്രി

അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ദ്രുതഗതിയിലുള്ള നിര്‍വഹണം, സാമ്പത്തിക പുരോഗതിയുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി

Posted On: 03 OCT 2020 1:05PM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കം- അടല്‍ ടണല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മണാലിയില്‍  രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 9.02 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അടല്‍ തുരങ്കം, മണാലിയെ ലാഹൗല്‍ സ്പിതി താഴ്വരയുമായി  വര്‍ഷത്തില്‍ ഉടനീളം ബന്ധിപ്പിക്കുന്നു. നേരത്തെ കനത്ത ഹിമപാതം മൂലം വര്‍ഷത്തില്‍ ആറ് മാസവും ഈ താഴ്‌വരയിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലുള്ള (10,000 അടി) ഹിമാലയത്തിലെ പീര്‍ പഞ്ചാല്‍ മലനിരകളില്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കം നിര്‍മിച്ചത്. തുരങ്കം യാഥാര്‍ത്ഥ്യമാകുന്നതോടെ മണാലി-ലേ റോഡ് ദൂരം 46 കിലോമീറ്ററും യാത്രാ സമയം 4-5 മണിക്കൂറും കുറയും.

സെമി ട്രാന്‍സ്വേഴ്‌സ് വെന്റിലേഷന്‍ സംവിധാനം, എസ്.സി.എ.ഡി.എ നിയന്ത്രിത അഗ്നിശമന സംവിധാനം, ഇലുമിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സംവിധാനം തുടങ്ങിയ ഏറ്റവും നവീനമായ ഇലക്ട്രോ-മെക്കാനിക്കല്‍ സംവിധാനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മാണം നടത്തിയത്. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളും  ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി തുരങ്കത്തിന്റെ ദക്ഷിണ പ്രവേശന കവാടത്തില്‍ നിന്നും, ഉത്തര കവാടത്തിലേയ്ക്ക് യാത്ര ചെയ്യുകയും പ്രധാന തുരങ്കത്തില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന അടിയന്തര ബഹിര്‍ഗമന കവാടം സന്ദര്‍ശിക്കുകയും ചെയ്തു. 'ദ  മേക്കിംഗ് ഓഫ് അടല്‍ ടണല്‍' എന്നചിത്രപ്രദര്‍ശനം അദ്ദേഹം വീക്ഷിച്ചു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആഗ്രഹവും പ്രദേശത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെ ദശാബ്ദങ്ങളായുള്ള സ്വപ്നവും യാഥാര്‍ഥ്യമായ ഇന്ന്, ചരിത്രദിനമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ചടങ്ങിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ഹിമാചല്‍ പ്രദേശിന്റെ വലിയൊരു ഭാഗത്തിന്റെയും കേന്ദ്ര ഭരണ പ്രദേശമായ ലേ-ലഡാക്കിന്റെയും ജീവനാഡിയാകുന്ന തുരങ്കം മണാലിയില്‍ നിന്നും കെയ്ലോങ്ങിലേയ്ക്കുള്ള യാത്രാ സമയം 3-4 മണിക്കൂര്‍ കുറയ്ക്കും. ഇനി മുതല്‍ ഹിമാചല്‍ പ്രദേശിന്റെയും ലേ - ലഡാക്കിന്റെയും ഭാഗങ്ങള്‍ എല്ലായ്പ്പോഴും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെടുമെന്നും ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍, പഴം-പച്ചകറി കച്ചവടക്കാര്‍, യുവാക്കള്‍ എന്നിവര്‍ക്ക് തലസ്ഥാനമായ ഡല്‍ഹിയിലേയ്ക്കും മറ്റ് വിപണികളിലേയ്ക്കും സുഗമമായി ഇനി എത്താനാകും.
അതിര്‍ത്തി സുരക്ഷാസേനയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനും പട്രോളിങ്  പ്രവര്‍ത്തനങ്ങള്‍ക്കും, അതിര്‍ത്തിയിലെ ഈ കണക്ടിവിറ്റി പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, തൊഴിലാളികള്‍ എന്നിവരുടെ പരിശ്രമത്തെ പ്രധാനമന്ത്രി അഭിനനന്ദിച്ചു.
ഇന്ത്യയുടെ അതിര്‍ത്തി അടിസ്ഥാന സൗകര്യരംഗത്തിന്, അടല്‍ തുരങ്കം പുതുശക്തി നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകോത്തര സംവിധാനത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ഇത് നിലകൊള്ളുമെന്നും അഭിപ്രായപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനും പുരോഗതിക്കുമുള്ള ദീര്‍ഘനാളായുള്ള ആവശ്യപ്രകാരം പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തെങ്കിലും ദശാബ്ദങ്ങളായി അവ സ്തംഭനാവസ്ഥയിലായിരുന്നു എന്ന് ശ്രീ. മോദി പറഞ്ഞു.
തുരങ്കത്തിന്റെ അപ്രോച്ച് റോഡിന് 2002 ല്‍ അടല്‍ വാജ്പേയിയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടല്‍ ഗവണ്‍മെന്റിനുശേഷം, പദ്ധതി മന്ദഗതിയിലാവുകയും 2013- 2014 വരെ 1300 മീറ്റര്‍ (തുരങ്കത്തിന്റെ 1.5 കിലോമീറ്ററില്‍ താഴെ) വരെ മാത്രമാണ് നിര്‍മിക്കാനായത്. അതായത് പ്രതിവര്‍ഷം 300 മീറ്റര്‍ മാത്രം. ഇതേ വേഗതയില്‍ നിര്‍മാണം തുടരുകയാണെങ്കില്‍, 2040 ല്‍ മാത്രമേ തുരങ്കം പൂര്‍ത്തിയാക്കാനാവൂ എന്ന് വിദഗ്ധര്‍ വിശദീകരിച്ചു.
ഇതേ തുടര്‍ന്ന്, ഗവണ്‍മെന്റ്, പദ്ധതി ദ്രുതഗതിയിലാക്കുകയും ഓരോ വര്‍ഷവും 1400 മീറ്റര്‍ വീതം നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കണക്കാക്കിയിരുന്ന കാലയളവ് 26 വര്‍ഷമായിരുന്നെങ്കിലും ആറ് വര്‍ഷം കൊണ്ട് തുരങ്കം പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിക്കു അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയില്‍ ആകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്, അചഞ്ചലമായ രാഷ്ട്രീയ ഇച്ഛാശക്തിയും രാഷ്ട്ര പുരോഗതിക്ക് പ്രതിബദ്ധതയും ആവശ്യമാണ്. ഇത്തരം പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മാണ പുരോഗതി വൈകുന്നത്, ജനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹ്യവുമായ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താനിടയാകും.

2005 ല്‍ തുരങ്കത്തിന്റെ പ്രതീക്ഷിത നിര്‍മാണ ചെലവ് 900 കോടി രൂപയായിരുന്നു. പക്ഷേ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതുമൂലം, ഇന്ന് അതിന്റെ മൂന്നിരട്ടിയോളം ഏതാണ്ട് 3200  കോടി രൂപയോളം ചെലവിട്ടാണ് പണി പൂര്‍ത്തിയാക്കിയത്. അടല്‍ തുരങ്കത്തിന്റേതുപോലുള്ള സമീപനം മറ്റ് പ്രധാന പദ്ധതികള്‍ക്കും സ്വീകരിക്കേണ്ടതുണ്ടെന്ന് ശ്രീ. മോദി പറഞ്ഞു. വ്യോമസേനയ്ക്കാവശ്യമുള്ളതും, നയതന്ത്ര പ്രാധാന്യമുള്ളതുമായ ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി എയര്‍സ്ട്രിപ്പ്, 40 - 45 വര്‍ഷമായി പൂര്‍ത്തിയാക്കാനായിട്ടില്ല. ബോഗിബീല്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെങ്കിലും പിന്നീട് അതിന്റെ പുരോഗതി തടസ്സപ്പെട്ടു. അരുണാചലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായിരുന്നു ഇത്. 2014 നുശേഷം ഈ പാലത്തിന്റെ നിര്‍മാണത്തില്‍ അഭൂതപൂര്‍വമായ പുരോഗതി ഉണ്ടായതായും ഏകദേശം 2 വര്‍ഷം മുമ്പ് അടല്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാലത്തിന്റെ ഉദ്ഘാടനം നടന്നതായും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ മിഥിലാഞ്ചലിലെ രണ്ട് പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കോസി മഹാസേതുവിനും അടല്‍ജി ശിലാസ്ഥാപനം നിര്‍വഹിച്ചിരുന്നു. 2014 നുശേഷം, ഈ ഗവണ്‍മെന്റ് കോസി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ഏതാനും ആഴ്ചകള്‍ക്കുമുമ്പ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇപ്പോള്‍ സാഹചര്യം മാറിയിട്ടുണ്ടെന്നും, പാലം, റോഡ്, തുരങ്കം എന്നിങ്ങനെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഗതിവേഗം കൈവന്നതായും ശ്രീ. മോദി പറഞ്ഞു.
രാജ്യത്തെ സുരക്ഷാസേനയുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനകളിലൊന്ന് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ നേരത്തെ, ഇതിലും  വിട്ടുവീഴ്ചകള്‍ നേരിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധസേനയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച നിരവധി സംരംഭങ്ങളെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുന്‍ ഗവണ്‍മെന്റ് നടപ്പാക്കാതെയിരുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ആധുനിക യുദ്ധവിമാനം, ആധുനിക യന്ത്രത്തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ അതിശൈത്യകാലത്തേയ്ക്ക് വേണ്ട ഉപകരണങ്ങള്‍ എന്നിവയുടെ സംഭരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മുന്‍ ഗവണ്‍മെന്റുകള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായിരുന്നെന്നും നിലവില്‍ സാഹചര്യം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഉല്‍പ്പാദനരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇളവുകള്‍ അനുവദിച്ചതുപോലുള്ള പരിഷ്‌ക്കരണ നടപടികള്‍ രാജ്യത്ത് തന്നെ ആധുനിക ആയുധങ്ങള്‍ നിര്‍മിക്കുന്നതിന് വഴിതെളിക്കും.

'ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്' എന്ന പദവി സൃഷ്ടിച്ചതും പ്രതിരോധ സേനയുടെ ആവശ്യത്തിനായുള്ള ഉപകരണങ്ങളുടെ സംഭരണം, നിര്‍മാണം എന്നിവയുടെ ഏകോപനത്തിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതുമുള്ള പരിഷ്‌കരണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ ഇന്ത്യയുടെ നിലവാരം ഉയരുന്നതിന് ആനുപാതികമായി അടിസ്ഥാന സൗകര്യം, സാമ്പത്തികം, നയതന്ത്രം എന്നീ മേഖലകളിലും അതേ വേഗതയില്‍ പുരോഗതി ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്തമാകണമെന്ന രാജ്യത്തിന്റെ നിശ്ചദാര്‍ഢ്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് അടല്‍ തുരങ്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


***(Release ID: 1661333) Visitor Counter : 28