ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

അന്താരാഷ്ട്ര വയോജന ദിനത്തിൽ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർദ്ധൻ ആരോഗ്യപരമായ വാർദ്ധക്യ ദശാബ്ദത്തിന് (2020-30) തുടക്കം കുറിച്ചു

Posted On: 01 OCT 2020 1:16PM by PIB Thiruvananthpuram



വയോജനങ്ങളുടെ ആരോഗ്യത്തിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അന്താരാഷ്ട്ര വയോജന ദിനമായ ഇന്ന്, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ ആവർത്തിച്ച് വ്യക്തമാക്കി. സമഗ്രവും താങ്ങാനാവുന്ന ചെലവിൽ ഗുണനിലവാരമുള്ള വയോജന പരിപാലന സേവനങ്ങൾ പ്രാഥമിക, ദ്വിതീയ തല ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുക, ജില്ലാ ആശുപത്രികൾ മുതൽ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ വരെ ഒപി സേവനങ്ങൾ, എല്ലാ ജില്ലാ ആശുപത്രികളിലും 10 കിടക്കകളുള്ള വയോജന വാർഡ്, പുനരധിവാസ സേവനങ്ങൾ, മുതിര്‍ന്നവര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം ലഭ്യമാക്കുന്ന സംവിധാനം വികസിപ്പിക്കുക എന്നിവ പ്രായമായവർക്കുള്ള ദേശീയ ആരോഗ്യ പരിചരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ ആണ്.

ആരോഗ്യപരമായ വാർദ്ധക്യ ദശാബ്ദത്തിനു (2020-2030) തുടക്കം കുറിച്ച 2020 ഒക്ടോബർ ഒന്നു മുതൽ ഈ വർഷം മുഴുവൻ അവരുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗവൺമെന്റ്, പൊതുസമൂഹം,  അന്താരാഷ്ട്ര ഏജൻസികൾ, മാധ്യമങ്ങൾ, സ്വകാര്യ മേഖല എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് ആണ് വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികൾക്ക് തുടക്കം കുറിക്കുന്നത്.

'വയോജന പരിപാലനത്തിൽ മഹാമാരിയുടെ സ്വാധീനം' എന്നതാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വയോജന ദിന സന്ദേശം. കോവിഡ് 19 പോലുള്ള മഹാമാരിയിൽ പ്രായമുള്ളവർ നേരിടുന്ന ഉയർന്ന രോഗ സാധ്യത പരിഗണിച്ച് അവരെ ദുർബലവിഭാഗങ്ങളുടെ പട്ടികയിൽ കേന്ദ്ര ഗവൺമെന്റ് ഉൾപ്പെടുത്തിയിരിക്കുന്നു. രോഗപ്രതിരോധത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, ബോധവൽക്കരണം എന്നിവയോടൊപ്പം ആവശ്യമായ മരുന്നുകളും വീടുകൾ കേന്ദ്രീകരിച്ചുള്ള പരിചരണവും ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ സംസ്ഥാന ഗവൺമെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

***


(Release ID: 1660686) Visitor Counter : 545