പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തരാഖണ്ഡില്‍ നമാമി ഗംഗേയ്ക്ക് കീഴിലുള്ള ആറു വമ്പന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

Posted On: 29 SEP 2020 1:37PM by PIB Thiruvananthpuram

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി ബേബി മയൂരാജി, മുഖ്യമന്ത്രി ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, ഡോ: രമേശ് പൊഖ്രിയാല്‍ നിശാങ്ക്ജി, ശ്രീ രത്തന്‍ലാല്‍ ഖത്താറിയജി, മറ്റ് ഉദ്യോഗസ്ഥരെ ഉത്തരാഖണ്ഡിലെ എന്റെ സഹോദരി സഹോദരന്മാരെ! ചാര്‍ദാമിന്റെ (നാലു ഗൃഹം) വിശുദ്ധി ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഈ പുണ്യഭൂമിക്ക് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.

ഗംഗാമാതാവിന്റെ ശുദ്ധി ഉറപ്പുവരുത്തുന്നതിനായി ഇന്ന് ആറു വമ്പന്‍പദ്ധതികള്‍ക്കാണ് സമാരംഭം കുറിയ്ക്കുന്നത്. മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഹരിദ്വാറിലും ഋഷികേശിലും ബദരീനാഥിലും മുനി കി റേത്തി എന്നിവിടങ്ങളിലുള്ള മ്യൂസിയങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതികള്‍ക്ക് വേണ്ടി ഞാന്‍ എന്റെ ഉത്തരാഖണ്ഡിലെ എല്ലാ സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നു.
 

സുഹൃത്തുക്കളെ,

അല്‍പ്പം മുമ്പ് ജല്‍ ജീവന്‍ മിഷന്റെ സുന്ദരമായ ലോഗോയും ഒരു മിഷന്‍ ഗൈഡും ഇവിടെ പുറത്തിറക്കി. ഗ്രാമങ്ങളിലെ എല്ലാ കുടുംബങ്ങളിലും ജലം എത്തിക്കുന്നതിനുള്ള ഒരു ബൃഹദ്പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍. മിഷന്റെ ഈ ലോഗോ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ എപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അതേസമയം ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് അനിവാര്യമായതുപോലെ ഈ ഗൈഡ് ഗ്രാമത്തിലെ ജനങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും സുപ്രധാനവുമാണ്. പദ്ധതിയുടെ വിജയം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും വലിയ വഴിയാണിത്.
 

സുഹൃത്തുക്കളെ, ഗംഗ എങ്ങനെ നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വാും വിശ്വാസവും പൈതൃകവുമായി തീരുന്നുവെന്നത് ഇന്ന് പുറത്തിറക്കിയ പുസ്തകത്തില്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ഉത്ഭവിക്കുന്ന ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമബംഗാളിലെ ഗംഗാ സാഗര്‍ വരെ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം പകുതിയുടെ ജീവിതം ഗംഗ സമ്പന്നമാക്കുന്നു. അതുകൊണ്ടുതന്നെ ഗംഗ ശുദ്ധമായിരിക്കേണ്ടത് അനിവാര്യമാണ്; ഗംഗാജിയുടെ തടസമില്ലാത്ത ഒഴുക്ക് അനിവാര്യമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഗംഗാ ശുദ്ധീകരണത്തിനായി ബൃഹദ് പ്രചരണപരിപാടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആ പ്രചരണപരിപാടികള്‍ക്ക് ജനപങ്കാളിത്തമില്ലായിരുന്നു, ദീര്‍ഘവീക്ഷണവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി ഗംഗയിലെ ജലം ഒരിക്കലും ശുദ്ധമായില്ല.
 

സുഹൃത്തുക്കളെ,

അതേ സമീപനം തന്നെയാണ് ഗംഗാ ജലം ശുദ്ധീകരിക്കുന്നതിനായി ഇപ്പോഴും സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥയും അതിന് സമാനമായി ദയനീയമാകുമായിരുന്നു. എന്നാല്‍ പുതിയ ചിന്തകളും പുതിയ സമീപനങ്ങളുമായി നമ്മള്‍ മുന്നോട്ടുപോയി. നമ്മള്‍ നമാമി ഗംഗാ ദൗത്യം എന്നത് ഗംഗാജിയുടെ ശുദ്ധീകരണത്തില്‍ മാത്രം ഒതുക്കിനിര്‍ത്താതെ അതിനെ രാജ്യത്തെ നദികളെ സംരക്ഷിക്കുന്നതിനുള്ള ബൃഹത്തായതും ഏറ്റവും സമഗ്രമായതുമായ പദ്ധതിയാക്കി മാറ്റി. അതേസമയം ഗവണ്‍മെന്റ് നാലുമുനയുള്ള തന്ത്രവുമായി പ്രവർത്തിച്ചു. ആദ്യമായി-ഗംഗയില്‍ മലിനജലം എത്തുന്നത് തടയുന്നതായി നമ്മള്‍ സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിച്ചു. രണ്ടാമതായി, അത്തരത്തിലുള്ള സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ അടുത്ത 10-15 വര്‍ഷത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നതായി നിര്‍മ്മിച്ചു. മൂന്നാമതായി, ഗംഗാനദിയുടെ തീരത്തുള്ള നൂറ് വന്‍ നഗരങ്ങള്‍/ടൗണുകളും 5000 ഗ്രാമങ്ങളേയും വെളിയിട വിസര്‍ജ്ജനമുക്തമാക്കി. നാലാമതായി ഗംഗാജിയുടെ കൈവഴികളിലെ മലിനീകരണം തടയുന്നതിനായി എല്ലാ വഴികളും ഉപയോഗിച്ചു.
 

സുഹൃത്തുക്കളെ,

സമഗ്രമായ ഈ സമീപനത്തിന്റെ ഫലത്തിന് ഇന്ന് നമ്മളെല്ലാം സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ 30,000കോടി രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ പൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുകയാണ്. ഇന്ന് തുടക്കം കുറിയ്ക്കുന്ന ഈ പദ്ധതിക്ക് പുറമെ ഈ സംഘടിത പ്രവര്‍ത്തനത്തിന് കീഴില്‍ ഉത്തരാഖണ്ഡിയുള്ള മറ്റ് പ്രധാനപ്പെട്ട പദ്ധതികളെല്ലാം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ആയിരക്കണക്കിന് കോടി ചെലവുവരുന്ന ഈ പദ്ധതികളെല്ലാം ചേര്‍ന്ന് ഉത്തരാഖണ്ഡിലെ മലിനജല പരിപാലനത്തിനുള്ള ശേഷി വെറും ആറുവര്‍ഷം കൊണ്ട് നാലിരട്ടിയാക്കി.
 

സുഹൃത്തുക്കളെ,

ഗംഗോത്രി, ബദരിനാഥ്, കേദാര്‍നാഥ്, ഹരിദ്വാര്‍ എന്നിവിടങ്ങളിലെ 130ലെറെ അഴുക്കുചാലുകളില്‍ നിന്നുള്ള മലിനജലം ഗംഗാജിയിലേക്ക് ഒഴുകുന്ന സ്ഥിതിവിശേഷമായിരുന്നു ഉത്തരാഖണ്ഡിലുണ്ടായിരുന്നത്. ഇന്ന് മികവാറുമുളള ഈ അഴുക്കുചാലുകളെല്ലാം അടച്ചുകഴിഞ്ഞു. ഋഷികേശിന് സമീപത്തുള്ള 'മുനി കി റേത്തി'യിലെ ചന്ദ്രശ്വേര്‍ നഗര്‍ അഴുക്കുചാലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഗംഗാജിയെ സന്ദര്‍ശിക്കുന്നവര്‍ അല്ലെങ്കില്‍ ചങ്ങാടം ഊന്നുന്നവരൊക്കെ ഈ അഴുക്കുചാലുകള്‍ മൂലം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ നാലുനില സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യുകയാണ്. ഹരിദ്വാറിലും അത്തരത്തിലുള്ള 20 അഴുക്കുചാലുകള്‍ അടച്ചുകഴിഞ്ഞു.
 

സുഹൃത്തുക്കളെ, പ്രയാഗ്‌രാജ് കുംഭത്തില്‍ ഗംഗാജിയുടെ ശുദ്ധത ലോകത്തെ എല്ലാഭാഗത്തുനിന്നുമുള്ള ഭക്തര്‍ അനുഭവിച്ചതാണ്. ഇപ്പോള്‍ ഹരിദ്വാര്‍ കുംഭത്തില്‍ ലോകത്തിനാകെ ശുദ്ധമായ ഗംഗയില്‍ കുളിക്കുന്നതിനുള്ള അനുഭവമുണ്ടാകും. അതിനുള്ള നിരന്തരപ്രയത്‌നം നടന്നുകൊണ്ടിരിക്കുകയാണ്.
 

സുഹൃത്തുക്കളെ,

നമാമി ഗംഗാ ദൗത്യത്തിന് കീഴില്‍ ഗംഗാജിയിലെ നൂറുക്കണക്കിന് സ്‌നാനഘട്ടങ്ങള്‍ സുന്ദരമാക്കുകയും ഗംഗാവിഹാറിനായി ആധുനികമായ നദീമുഖത്തിന്റെ നിര്‍മ്മാണം നടത്തുകയും ചെയ്തു. ഹരിദ്വാറിലെ നദീമുഖം തയാറായി കഴിഞ്ഞു. ഇപ്പോള്‍ ഗംഗാ മ്യൂസിയം കൂടി ആരംഭിക്കുന്നതോടെ ഈ പ്രദേശം കൂടുതല്‍ മനോഹരമാകും. ഗംഗയുമായി ബന്ധപ്പെട്ട പൈതൃകത്തെക്കുറിച്ച് ഹരിദ്വാര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് മനസിലാക്കുള്ള ഒരു മാധ്യമവും കൂടിയായിരിക്കും ഈ മ്യൂസിയം.
 

സുഹൃത്തുക്കളെ,

ഇപ്പോള്‍ നമാമി ഗംഗേ അഭിയാന്‍ ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുയാണ്. ഗംഗയുടെ ശുദ്ധീകരണത്തിനൊപ്പം ഇപ്പോള്‍ ഗംഗയുമായി ചേര്‍ന്നുള്ള പ്രദേശങ്ങളുടെ സാമ്പത്തിക പരിസ്ഥിതി വികസനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ജൈവകൃഷിയുടെയും ആയുര്‍വേദ സസ്യ കൃഷികളുടെയും ഗുണങ്ങള്‍ ഉത്തരാഖണ്ഡ് ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുണ്ട്. ഗംഗാജിയുടെ ഇരുവശത്തും മരങ്ങള്‍ നടുന്നതിന് പുറമെ ജൈവകൃഷിക്കുള്ള ഒരു ഇടനാഴിയും വികസിപ്പിച്ചിട്ടുണ്ട്. ഗംഗയിലെ ജലത്തെ മെച്ചപ്പെടുത്താനുള്ള ഈ പദ്ധതികള്‍ക്ക് സമതലങ്ങളിലെ മിഷന്‍ ഡോള്‍ഫിനില്‍ നിന്ന് പ്രചോദനം ലഭിക്കും. ഓഗസ്റ്റ് 15നാണ് മിഷന്‍ ഡോള്‍ഫിന്‍ പ്രഖ്യാപിച്ചത്. ഗംഗാജിയിലെ ഡോള്‍ഫിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രചോദനം നല്‍കും.
 

സുഹൃത്തുക്കളെ,

പണം വെള്ളംപോലെ ഒഴുകികൊണ്ടിരിക്കുകയും, എന്നാല്‍ ഫലം കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ നിന്നും ഇന്ന് രാജ്യം പുറത്തുവന്നിരിക്കുന്നു. ഇന്ന് പണം വെള്ളം പോലെ ഒഴുകിപോകുകയുമില്ല, അത് വെള്ളത്തില്‍ മുങ്ങിപ്പോകുകയുമില്ല, എന്നാല്‍ ഓരോ പൈസയൂം ജലത്തില്‍ ചെലവഴിക്കും. വെള്ളം പോലെ സുപ്രധാനമായ ഒരു വിഷയം വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ചിതറിക്കിടക്കുന്ന സാഹചര്യമായിരുന്നു നമ്മുടേത്. ആ മന്ത്രാലയങ്ങളില്‍ വകുപ്പുകള്‍ തമ്മില്‍ ഒരു ഏകോപനമുണ്ടായിരുന്നില്ല, ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള വ്യക്തമായ ഒരു മാര്‍ഗ്ഗരേഖയും ഉണ്ടായിരുന്നില്ല. അതിന്റെ ഫലമായി ജലസേചനം അല്ലെങ്കില്‍ കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തിലെ പ്രശ്‌നങ്ങള്‍ വഷളായികൊണ്ടേയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് നിരവധി വര്‍ഷങ്ങളായിട്ടും പൈപ്പ്‌വെള്ളം വെറും 15 കോടി കുടുംബങ്ങള്‍ക്കപ്പുറം എത്തിയിരുന്നില്ല, ഒന്നു സങ്കല്‍പ്പിച്ചുനോക്കു. ഉത്തരാഖണ്ഡിലെ ആയിരിക്കണക്കിന് കുടുംബങ്ങളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. പര്‍വതങ്ങളിലെ ഗ്രാമങ്ങളില്‍ യാത്രമാര്‍ഗ്ഗങ്ങള്‍ ബുദ്ധിമുട്ടുള്ളിടത്ത് നമ്മുടെ അമ്മമാരും സഹോദരിമാരും പുത്രിമാരും കുടിവെള്ളം ഒപ്പിക്കുന്നതിനായി നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചിരുന്നു. അവര്‍ക്ക് അവരുടെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായും രാജ്യത്തെ വെള്ളവുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും പരിഹരിക്കുന്നതിനുമായി ജലശക്തി മന്ത്രാലയം രൂപീകരിച്ചു.

ചെറിയകാലയളവുകൊണ്ട് ജലശക്തി മന്ത്രാലയം സാഹചര്യം ശരിയായി കൈകാര്യം ചെയ്യുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വെള്ളവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് പുറമെ ഇപ്പോള്‍ മന്ത്രാലയം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എല്ലാ കുടുംബങ്ങളിലും ജലം ലഭ്യമാക്കുന്നതിനുള്ള ദൗത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ന് ജലജീവന്‍ മിഷന്റെ കീഴില്‍ പ്രതിദിനം ഒരു ലക്ഷം കുടുംബങ്ങളെയാണ് എടുത്തുകൊണ്ടുപോകാവുന്ന കുടിവെള്ള സൗകര്യവുമായി ബന്ധിപ്പിക്കുന്നത്. വെറും ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ രണ്ടുകോടിയിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചുകഴിഞ്ഞു. ഇവിടെ ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്രജിയും അദ്ദേഹത്തിന്റെ ടീമും വെറും ഒരുരൂപയ്ക്ക് കുടിവെള്ളകണക്ഷന്‍ എന്ന നിലയില്‍ ഒരു പടി മുന്നിലാണ്. 2022 ഓടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും വെള്ളം എത്തിക്കുന്നതിനുള്ള ഒരു ലക്ഷ്യം ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് തയാറാക്കിയതില്‍ എനിക്ക് ആഹ്‌ളാദമുണ്ട്. ഈ കൊറോണാ മഹാമാരിയുടെ കാലത്തും; അതായത് കഴിഞ്ഞ നാലഞ്ചുമാസങ്ങള്‍ക്കുള്ളില്‍ ഉത്തരാഖണ്ഡിലെ 50,000 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ഇത് ഉത്തരാഖണ്ഡ ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നത്.
 

സുഹൃത്തുക്കളെ,

ജല്‍ജീവന്‍ മിഷന്‍ എന്നത് എല്ലാ ഗ്രാമങ്ങളിലും എല്ലാ പാവപ്പെട്ടവരുടെ വീടുകളിലും വെള്ളം എത്തിക്കുകയെന്നതിനുള്ള ഒരു സംഘടിതപ്രവര്‍ത്തനം മാത്രമല്ല, ഒപ്പം ഗ്രാമസ്വരാജ് എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിന് പ്രാത്സാഹനം നല്‍കുന്നതിനുമുള്ള ഒരു പ്രചരണപ്രവര്‍ത്തനം കൂടിയാണ്. ഒരു ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ എങ്ങനെ സമ്പൂര്‍ണ്ണ പരിവര്‍ത്തനമുണ്ടാകുന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണിത്. നേരത്തെ ഗവണ്‍മെന്റ് പദ്ധതികള്‍ ദല്‍ഹിയിലാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. എവിടെ ടാങ്കുകള്‍ നിര്‍മ്മിക്കണം, എവിടെ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കണം, ഏത് ഗ്രാമത്തില്‍ വേണം എന്നതുപോലെ എല്ലാ തീരുമാനങ്ങളില്‍ ഭൂരിഭാഗവും  ദല്‍ഹിയിലാണ് എടുത്തിരുന്നത്.എന്നാല്‍ ഇപ്പോള്‍ ജലജീവന്‍ മിഷന്‍ ഈ രീതിയാകെ മാറ്റി. ഇപ്പോള്‍ പദ്ധതിയുടെ സ്ഥാനനിര്‍ണ്ണയം, തയാറെടുപ്പ് തുടങ്ങി ഗ്രാമങ്ങളിലെ ജലവുമായിബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കാനുള്ള അവകാശം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കി. ജലപദ്ധതികളുടെ ആസൂത്രണവും, പരിപാലനവും നടത്തിപ്പും ഉള്‍പ്പെടെ മുഴുവന്‍ തയാറെടുപ്പുകളും ഇപ്പോള്‍ ഗ്രാമപഞ്ചായത്തുകളും ജലകമ്മിറ്റികളുമാണ് നടത്തുന്നത്. ജലകമ്മിറ്റികളിലെ അംഗങ്ങളിലെ 50% പേര്‍ ഗ്രാമങ്ങളിലെ സഹോദരിമാരും പുത്രിമാരുമായിരിക്കണമെന്നതും ഉറപ്പാക്കിയിട്ടുണ്ട്.
 

സുഹൃത്തുക്കളേ,

ഇന്ന് പുറത്തിറക്കിയ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ സഹോദരിമാര്‍-പെണ്‍മക്കള്‍, ജലസമിതി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്ക് ഏറ്റവും ഉപകാരപ്പെടും.  നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പുറമെ മറ്റാര്‍ക്കും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ജലത്തിന്റെ മൂല്യം, ജലത്തിന്റെ ആവശ്യകത എന്നിവ ഗുണഫലങ്ങൾ കൊണ്ടുവരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനാല്‍, ജലവുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലിയും അമ്മമാരുടെയും സഹോദരിമാരുടെയും കൈകളിലേക്ക് പോകുമ്പോള്‍, അവര്‍ വളരെ സംവേദനക്ഷമതയോടും ഉത്തരവാദിത്തത്തോടും കൂടി ഈ ചുമതല നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്, മാത്രമല്ല അത് നല്ല ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

 

അവര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഒരു ദിശ കാണിക്കുകയും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുകയും ചെയ്യും.  ജലപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ജല്‍ ജീവന്‍ മിഷന്‍ ഗ്രാമവാസികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജല്‍ ജീവന്‍ മിഷന്‍ ഒക്ടോബര്‍ 2 മുതല്‍, അതായത് ഗാന്ധി ജയന്തി മുതല്‍ മറ്റൊരു പ്രചാരണ പരിപാടി ആരംഭിക്കാന്‍ പോകുന്നുവെന്ന് എന്നോട് പറഞ്ഞു. 100 ദിവസത്തെ പ്രത്യേക ക്യാംപെയി്നാണ് രാജ്യത്ത് എല്ലാ സ്‌കൂളുകള്‍ക്കും അംഗന്‍വാടിയിലേക്കും പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത്.  ഈ ക്യാംപെയി്ന്‍ മികച്ച വിജയം നേരുന്നു.

 

സുഹൃത്തുക്കളേ,
 

നമാമി ഗംഗെ ക്യാംപെയി്ന്‍, ജല്‍ ജീവന്‍ ദൗത്യം അല്ലെങ്കില്‍ ശുചിത്വ ഭാരത് അഭിയാന്‍ എന്നിങ്ങനെയുള്ളവ പല പരിപാടികളും കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ വലിയ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്.  സാധാരണക്കാരുടെയും സാമൂഹിക വ്യവസ്ഥയുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ എന്നെന്നേക്കുമായി കൊണ്ടുവരാന്‍ സഹായിക്കുന്ന പരിഷ്‌കാരങ്ങളാണിവ.  കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തില്‍ ഇതിന് കൂടുതല്‍ ആക്കം ലഭിച്ചു.  ഇപ്പോള്‍ സമാപിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ ഉണ്ടായി.  ഈ പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരെ ശാക്തീകരിക്കും.  എന്നാല്‍ ഇന്ന് ചില ആളുകള്‍ എങ്ങനെ പ്രതിഷേധിക്കുന്നുവെന്നത് മാത്രമാണ് രാജ്യം കാണുന്നത്.

 

സുഹൃത്തുക്കളേ,

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യം കര്‍ഷകരെ പല ചങ്ങലകളില്‍ നിന്നും മോചിപ്പിച്ചു.  ഇപ്പോള്‍ രാജ്യത്തെ കൃഷിക്കാരന് തന്റെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും എവിടെ നിന്നും വില്‍ക്കാന്‍ കഴിയും.  എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുമ്പോള്‍ ഈ ആളുകള്‍ പ്രതിഷേധം ആരംഭിച്ചു.  രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ തുറന്ന വിപണിയില്‍ വില്‍ക്കാന്‍ ഈ ആളുകള്‍ ആഗ്രഹിക്കുന്നില്ല.  കൃഷിക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരണമെന്ന് ഈ ആളുകള്‍ ആഗ്രഹിക്കുന്നത്. കര്‍ഷകര്‍ കൊള്ളയടിക്കപ്പെടണമെന്നും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് ധാന്യങ്ങള്‍ വാങ്ങി ലാഭമുണ്ടാക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.  കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ അവര്‍ എതിര്‍ക്കുന്നു.  അവര്‍ ആരാധിക്കുന്ന കാര്യങ്ങള്‍ക്ക് തീകൊളുത്തി ഈ ആളുകള്‍ ഇപ്പോള്‍ കര്‍ഷകരെ അപമാനിക്കുകയാണ്.

 

സുഹൃത്തുക്കളേ,
 

വര്‍ഷങ്ങളായി ഈ ആളുകള്‍ തറവില (എംഎസ്പി) നടപ്പാക്കുമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.  സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അനുസരിച്ച് എംഎസ്പി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്തു.  ഇന്ന് ഈ ആളുകള്‍ എംഎസ്പിയില്‍ തന്നെ കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.  രാജ്യത്ത് എംഎസ്പി മാത്രമല്ല, അതേസമയം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും.  എന്നാല്‍ ചില ആളുകള്‍ക്ക് ഈ സ്വാതന്ത്ര്യം സഹിക്കാന്‍ കഴിയില്ല.  കള്ളപ്പണം സമ്പാദിക്കാനുള്ള മറ്റൊരു മാര്‍ഗം അവസാനിച്ചതിനാല്‍ അവര്‍ക്ക് പ്രശ്നങ്ങളുണ്ട്.

 

സുഹൃത്തുക്കളേ,

കൊറോണയുടെ ഈ കാലയളവില്‍, ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്ന്‍, ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, റുപേ കാര്‍ഡ് എന്നിവ ആളുകളെ എങ്ങനെ സഹായിച്ചിട്ടുണ്ടെന്ന് രാജ്യം കണ്ടു.  പക്ഷേ, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, ഞങ്ങളുടെ സര്‍ക്കാര്‍ ഈ പ്രവൃത്തി ആരംഭിച്ചപ്പോള്‍, ഈ ആളുകള്‍ എങ്ങനെയാണ് അതിനെ എതിര്‍ത്തത്!  അവരുടെ കണ്ണില്‍, രാജ്യത്തെ ദരിദ്രര്‍, രാജ്യത്തെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ നിരക്ഷരരും അജ്ഞരുമായിരുന്നു.  രാജ്യത്തെ ദരിദ്രര്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിനോ ഡിജിറ്റല്‍ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന ദരിദ്രരുടെ ആശയത്തെയോ ഈ ആളുകള്‍ എല്ലായ്‌പ്പോഴും എതിര്‍ത്തു.

 

സുഹൃത്തുക്കള്‍,

വണ്‍ നേഷന്‍-വണ്‍ ടാക്‌സ് - ജിഎസ്ടി എന്ന ആശയത്തെയും ഈ ആളുകള്‍ എതിര്‍ത്തുവെന്ന് രാജ്യം കണ്ടു.  ജിഎസ്ടി കാരണം രാജ്യത്തെ ഗാര്‍ഹിക വസ്തുക്കളുടെ നികുതി ഗണ്യമായി കുറഞ്ഞു.  മിക്ക ഗാര്‍ഹിക വസ്തുക്കളിലും അടുക്കള അവശ്യവസ്തുക്കളിലും 0 അല്ലെങ്കില്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ള നികുതിയുണ്ട്.  നേരത്തെ ഇവയ്ക്ക് കൂടുതല്‍ നികുതി ചുമത്തുകയും ആളുകള്‍ക്ക് അവരുടെ പോക്കറ്റില്‍ നിന്ന് കൂടുതല്‍ പണം ചിലവഴിക്കുകയും ചെയ്തിരുന്നു.  പക്ഷേ, ഈ ആളുകള്‍ക്ക് ജിഎസ്ടിയുമായി പ്രശ്‌നമുണ്ട്;  അവര്‍ അതിനെ കളിയാക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളേ,

ഞങ്ങളുടെ സര്‍ക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ കൊണ്ടുവന്നപ്പോള്‍ ഉത്തരാഖണ്ഡിലെ ആയിരക്കണക്കിന് മുന്‍ സൈനികര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കി.  അക്കാലത്തും ഈ ആളുകള്‍ പ്രതിഷേധിച്ചിരുന്നു.  വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍ നടപ്പാക്കിയതിനുശേഷം, മുന്‍ സൈനികര്‍ക്ക് 11,000 കോടി രൂപ കുടിശ്ശികയായി സര്‍ക്കാര്‍ നല്‍കി.  ഇവിടെ ഉത്തരാഖണ്ഡില്‍ ഒരു ലക്ഷത്തിലധികം മുന്‍ സൈനികര്‍ ഈ പദ്ധതിയില്‍ നിന്ന് പ്രയോജനം നേടി.  എന്നാല്‍ ഒരു റാങ്ക്-വണ്‍ പെന്‍ഷന്‍ നടപ്പിലാക്കുന്നതില്‍ ഈ ആളുകളുമായി എല്ലായ്‌പ്പോഴും ഒരു പ്രശ്‌നമുണ്ട്.  ഈ ആളുകള്‍ വണ്‍ റാങ്ക്-വണ്‍ പെന്‍ഷനേയും എതിര്‍ത്തു.

 

സുഹൃത്തുക്കളേ,
 

വര്‍ഷങ്ങളായി, രാജ്യത്തിന്റെ സേനയായ രാജ്യത്തിന്റെ വ്യോമസേനയെ ശക്തിപ്പെടുത്താന്‍ ഈ ആളുകള്‍ ഒന്നും ചെയ്തില്ല.  ആധുനിക യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന് വ്യോമസേന ആവശ്യപ്പെട്ടു.  എന്നാല്‍ ഈ ആളുകള്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ടിരുന്നു.  ഫ്രഞ്ച് സര്‍ക്കാരുമായി റാഫേല്‍ യുദ്ധവിമാന കരാര്‍ ഞങ്ങളുടെ സര്‍ക്കാര്‍ നേരിട്ട് ഒപ്പിട്ടപ്പോള്‍ അവര്‍ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങി.  ഇന്ത്യന്‍ വ്യോമസേനയില്‍ റാഫേലിനെ ഉള്‍പ്പെടുത്തി, ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിച്ചു.  എന്നിട്ടും അവര്‍ അതിനെ എതിര്‍ക്കുന്നു.  ഇന്ന് റാഫേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  അംബാല മുതല്‍ ലേ വരെയുള്ള അതിന്റെ അലര്‍ച്ച ഇന്ത്യന്‍ ധൈര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.



 

സുഹൃത്തുക്കളേ,
 

ഏകദേശം നാല് വര്‍ഷം മുമ്പ് രാജ്യത്തെ ധീരഹൃദയങ്ങള്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തി തീവ്രവാദ താവളങ്ങള്‍ നശിപ്പിച്ചിരുന്നു.  എന്നാല്‍ നമ്മുടെ പുരുഷന്മാരുടെ ധൈര്യത്തെ പ്രശംസിക്കുന്നതിനുപകരം, ഈ ആളുകള്‍ ശസ്ത്രക്രിയാ ആക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുകയായിരുന്നു.  സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും എതിര്‍ക്കുന്നതിലൂടെ, ഈ ആളുകള്‍ അവരുടെ യഥാര്‍ത്ഥ നിറങ്ങളും ഉദ്ദേശ്യങ്ങളും രാജ്യത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.  രാജ്യത്തിനുവേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്നത് ഈ ആളുകള്‍ക്ക് ഒരു ശീലമായി മാറിയിരിക്കുന്നു.  അവരുടെ കൈവശമുള്ള ഒരേയൊരു രാഷ്ട്രീയ തന്ത്രമാണിത് - എതിര്‍ക്കുക!  ഓര്‍ക്കുക, ഇന്ത്യയുടെ മുന്‍കൈയില്‍, ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോള്‍, ഇന്ത്യയിലെ ഈ ആളുകള്‍ അതിനെ എതിര്‍ക്കുകയായിരുന്നു.  നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ രാജ്യവുമായി പ്രവേശിക്കുന്നതിനുള്ള ചരിത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍, ഈ ആളുകള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയായിരുന്നു.  ഇന്നുവരെ, അവരുടെ ഭാഗത്തുനിന്നുള്ള ഒരു പ്രധാന നേതാവും സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ചിട്ടില്ല.  എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? 

 

സുഹൃത്തുക്കളേ,
 

പാവപ്പെട്ടവര്‍ക്കുള്ള 10 ശതമാനം സംവരണം തീരുമാനിച്ചപ്പോഴും അവര്‍ അതിനെതിരെ നിന്നു. നവംബര്‍ 26 ന് ഭരണഘടനാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയായിരുന്നു.  ഡോ. ബാബാസാഹേബ് അംബേദ്കറിനെ അവര്‍ എതിര്‍ക്കുകയായിരുന്നു.  സുഹൃത്തുക്കളേ, അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഭൂമിപുജന്‍ കഴിഞ്ഞ മാസം ചെയ്തു.  ഈ ആളുകള്‍ ആദ്യം സുപ്രീം കോടതിയില്‍ രാമക്ഷേത്രത്തെ എതിര്‍ക്കുകയും പിന്നീട് ഭൂമിപുജനെ എതിര്‍ക്കുകയും ചെയ്തു.  ഓരോ ദിവസം കഴിയുന്തോറും, പ്രതിഷേധത്തിനുവേണ്ടി മാത്രം പ്രതിഷേധിക്കുന്ന ഈ ആളുകള്‍ രാജ്യത്തിനും സമൂഹത്തിനും അപ്രസക്തമാവുകയാണ്.  അത് അവര്‍ക്ക് ഒരു ആവനാഴി, അസ്വസ്ഥത, നിരാശ എന്നിവയാണ്.  ഈ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ നാല് തലമുറകള്‍ രാജ്യം ഭരിച്ചു.  മറ്റുള്ളവരുടെ ചുമലില്‍ കയറി ദേശീയ താല്‍പ്പര്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും എതിര്‍ത്തുകൊണ്ട് അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇന്ന് അവര്‍ ആഗ്രഹിക്കുന്നു.

 

സുഹൃത്തുക്കളേ,
 

അധികാരത്തില്‍ വരാന്‍ ഒരിക്കലും അവസരം ലഭിക്കാത്ത ഇത്തരം നിരവധി ചെറിയ പാര്‍ട്ടികള്‍ നമ്മുടെ രാജ്യത്തുണ്ട്.  തുടക്കം മുതല്‍ അവര്‍ എതിര്‍പ്പുമായി വളരെയധികം സമയം ചെലവഴിച്ചു.  ഇത്രയും വര്‍ഷമായി പ്രതിപക്ഷത്തിരുന്നിട്ടും അവര്‍ ഒരിക്കലും രാജ്യത്തെ എതിര്‍ത്തിട്ടില്ല, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല.  എന്നാല്‍ ചില ആളുകള്‍ കുറച്ച് വര്‍ഷങ്ങളായി എതിര്‍പ്പിലാണ്.  അവരുടെ തന്ത്രവും മനോഭാവവും ഇന്ന് രാജ്യത്തിന് വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയും.  അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കിടയിലും, രാജ്യത്തിന്റെ താല്‍പ്പര്യത്തിനായി ഒരു സ്വാശ്രയ ഇന്ത്യയ്ക്കുള്ള ഈ പ്രധാന പരിഷ്‌കാരങ്ങള്‍;  രാജ്യത്തിന്റെ വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്;  രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും രാജ്യം ശക്തമാക്കാനും തുടരും.

 

വികസന പദ്ധതികള്‍ക്കായി നിങ്ങള്‍ക്കെല്ലാവര്‍ക്കും വീണ്ടും അഭിനന്ദനങ്ങള്‍!

 

സ്വയം പരിപാലിക്കാന്‍ ഞാന്‍ എല്ലാവരോടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.  ആരോഗ്യത്തോടെ തുടരുക!  ബാബ കേദറിന്റെ കൃപ നമ്മോടൊപ്പമുണ്ടാകട്ടെ.
 

വളരെ നന്ദി!  ജയ് ഗംഗെ!

 

*****


(Release ID: 1660515) Visitor Counter : 253