പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎന്‍ജിഎ) 75-ാം സെഷനില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണരൂപം

Posted On: 26 SEP 2020 7:48PM by PIB Thiruvananthpuram

പൊതുസഭയുടെ ബഹുമാനപ്പെട്ട പ്രസിഡന്റ്. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ ഓരോ അംഗരാജ്യത്തേയും ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാര്‍ഷികത്തില്‍ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗമെന്ന നിലയില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. ഈ ചരിത്രപരമായ നിമിഷത്തില്‍ ഈ ആഗോള വേദിയില്‍ ഞാന്‍ എത്തിയിരിക്കുന്നത് ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ വികാരം പങ്കുവയ്ക്കാനാണ്.

ബഹുമാന്യരേ,

ഇന്നത്തെ ലോകം 1945ലേതില്‍ നിന്ന് പ്രകടമായി മാറിയിരിക്കുന്നു. ആഗോള സാഹചര്യം, ഉറവിടങ്ങള്‍-വിഭവങ്ങള്‍, പ്രശ്നങ്ങള്‍-പരിഹാരങ്ങള്‍ എല്ലാം വളരെയേറെ മാറിയിരിക്കുന്നു. അതത് സാഹചര്യമനുസരിച്ച് ആഗോള സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് ശേഷം ഇന്ന് നമ്മള്‍ വളരെ വ്യത്യസ്തമായ ഒരു കാലഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. 21-ാം നൂറ്റാണ്ടില്‍, ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമായ ആവശ്യങ്ങളും വെല്ലുവിളികളുമാണ് വര്‍ത്തമാന-ഭാവി കാലങ്ങളിലേത്. ആയതിനാല്‍ അന്താരാഷ്ട്ര സമൂഹം വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്: 1945ല്‍ ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളാണോ നിലവിലുള്ളത്? അത് ഇന്ന് പ്രസക്തമാണോ? നൂറ്റാണ്ടുകള്‍ മാറുന്നതിനനുസരിച്ച് നമ്മള്‍ മാറുന്നില്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്താനുള്ള കഴിവ് ദുര്‍ബലമാകും. ഐക്യരാഷ്ട്ര സംഘടനയുടെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ വളരെയധികം നേട്ടങ്ങള്‍ നമുക്ക് കാണാനാകും.

എന്നാല്‍ അതേസമയം ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ണായക ഇടപെടല്‍ ആവശ്യമായിരുന്ന നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. മൂന്നാമതൊരു ലോക മഹായുദ്ധം ഒഴിവാക്കിയെന്ന് നമുക്ക് പറയാനാകുമെങ്കിലും നിരവധി യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ഉണ്ടായത് നമുക്ക് തടയാനായില്ല. നിരവധി ഭീകരാക്രമണങ്ങള്‍ ലോകത്തെ വിറപ്പിക്കുകയും നിരവധി സ്ഥലങ്ങളില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുകകയും ചെയ്തു. നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യര്‍ക്കാണ് ഈ യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടമായത്. ലോകത്തെ പരിപോഷിപ്പിക്കുന്ന പൗരന്‍മാരായി മാറേണ്ടിയിരുന്ന നിരവധി കുട്ടികളാണ് ഈ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് വീടും സമ്പാദ്യങ്ങളും നഷ്ടമാകുകയും അഭയാര്‍ത്ഥികളായി മാറുകയും ചെയ്തു. ആ സംഭവങ്ങളെ നേരിടാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ നടപടികള്‍ പര്യാപ്തമായിരുന്നോ? ആവശ്യമായ നടപടികള്‍ ഇന്നും സ്വീകരിക്കുന്നുണ്ടോ? കഴിഞ്ഞ 8-9 മാസമായി ലോകം ഒന്നാകെ കോവിഡ് മഹാമാരിയെ നേരിടുകയാണ്. ഈ സംയുക്ത പോരാട്ടത്തിന് ഐക്യരാഷ്ട്ര സംഘന എന്ത് സംഭാവനയാണ് നല്‍കിയത്? എവിടെയാണ് സംഘടന ഫലപ്രദമായി പ്രതികരിച്ചത്?

ബഹുമാന്യരേ,

ഐക്യരാഷ്ട്ര സംഘടനയില്‍ സമൂലമായ ഒരു പരിവര്‍ത്തനം ഇന്നിന്റെ ആവശ്യകതയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ താരതമ്യമില്ലാത്തതാണ്. എന്നാല്‍ യുന്നില്‍ പരിഷ്‌കരണം നടപ്പിലാകുന്നതിനായി ഇന്ത്യയിലെ ജനങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയാണ് എന്നതും വാസ്തവമാണ്. പരിഷ്‌കരണങ്ങള്‍ അതിന്റെ വസ്തുനിഷ്ഠമായ പൂര്‍ത്തീകരണത്തില്‍ എത്തിച്ചേരുമോ എന്ന ആശങ്കയിലാണ് ഇന്ന് രാജ്യത്തെ ജനങ്ങള്‍.

ഐക്യരാഷ്ട്ര സംഘടനയിലെ തീരുമാനമെടുക്കുന്ന വിഭാഗങ്ങളില്‍ പങ്കാളിയാക്കാതെ എത്ര കാലം മാറ്റിനിര്‍ത്തും? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം, ലോക ജനസംഖ്യയുടെ 18 ശതമാനമുള്ള രാജ്യം, നൂറുകണക്കിന് ഭാഷകളും ഭാഷാവകഭേദങ്ങളും ആശയധാരകളുമുള്ള രാജ്യം, നൂറ്റാണ്ടുകളോളം ആഗോള സാമ്പത്തിക ശക്തികളിലൊന്നായി നിലകൊള്ളുകയും നൂറുകണക്കിന് വര്‍ഷങ്ങള്‍ വൈദേശിക ഭരണത്തിന് കീഴില്‍ കഴിയുകയും ചെയ്ത രാജ്യമാണ് ഇന്ത്യ.

ബഹുമാന്യരേ,

ഞങ്ങള്‍ ശക്തരായിരുന്നപ്പോള്‍ ഞങ്ങള്‍ ലോകത്തിന് ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ല. ദുര്‍ബലരായപ്പോള്‍ ഞങ്ങള്‍ ലോകത്തിനൊരു ഭാരവുമായിട്ടില്ല.

ബഹുമാന്യരേ,

ലോകത്തിന്റെ വലിയൊരു ഭാഗത്തെ സ്വാധീനിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു രാജ്യം അക്കാലത്ത് എത്ര കാലമാണ് കാത്തിരിക്കേണ്ടത്?

ബഹുമാന്യരേ,

ഐക്യരാഷ്ട്ര സംഘന രൂപീകരിച്ചപ്പോള്‍ സ്വീകരിച്ച ആശയങ്ങള്‍ ഇന്ത്യയുടെ ആശയങ്ങളോട് വളരെയധികം സാമ്യമുള്ളതും ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വിഭിന്നവുമായിരുന്നില്ല. ലോകം മുഴുവന്‍ ഒരു കുടുംബം എന്ന 'വസുധൈവ കുടുംബകം' എന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും സ്വഭാവത്തിന്റെയും ചിന്തയുടേയും ഭാഗമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായപ്പോള്‍ ഇന്ത്യ ലോകത്തിന്റെയാകെ ക്ഷേമത്തിനാണ് എല്ലായ്പ്പോഴും മുന്‍ഗണന നല്‍കിയത്. 50ഓളം സമാധാന സംരക്ഷണ ദൗത്യങ്ങള്‍ക്ക് ധീരസൈനികരെ സംഭാവന ചെയ്ത രാജ്യമാണ് ഇന്ത്യ. സമാധാന പാലനത്തിനായുള്ള ദൗത്യത്തിനായി ഏറ്റവും കൂടുതല്‍ ധീര സൈനികര്‍ രക്തസാക്ഷിത്വം വഹിച്ചത് ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്‍കിയ സംഭാവനകള്‍ നോക്കിക്കാണുന്ന ഓരോ ഇന്ത്യക്കാരനും ഇന്ന് ഇന്ത്യക്ക് യുഎന്നില്‍ വര്‍ദ്ധിച്ച പങ്കാളിത്തത്തിന് അര്‍ഹതയുണ്ടെന്ന് കരുതുന്നു.

ബഹുമാന്യരേ ,

ഇന്ത്യയാണ് ഒക്ടോബര്‍ 2 ''അന്താരാഷ്ട്ര അഹിംസാദിനം'', ജൂണ്‍ 21 ''അന്താരാഷ്ട്ര യോഗ ദിനം'' എന്നിവ ആചരിക്കുന്നതിന് മുന്‍കൈ എടുത്തത്. അതുപോലെ തന്നെ ദുരന്ത നിവാരണ അടിസ്ഥാനസൗകര്യം, അന്താരാഷ്ട്ര സോളാര്‍ സഖ്യം എന്നിവ ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതിന് ഇന്ത്യയുടെ സംഭാവനകള്‍ നിര്‍ണായകമായിരുന്നു. ഇന്ത്യ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കതീതമായി എല്ലായ്പ്പോഴും മാനവികതയ്ക്കും മനുഷ്യസമൂഹത്തിനുമായി നിലകൊണ്ടു. എല്ലായ്പ്പോഴും ഇന്ത്യയുടെ നയങ്ങളുടെ ചാലകശക്തിയായി നിലകൊണ്ടത് ഇവയാണ്. പ്രദേശത്തെ എല്ലാവരുടേയും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കുമായി ഇന്ത്യ കൊണ്ടുവന്ന അയല്‍രാജ്യങ്ങളോടുള്ള നയമായ ആക്റ്റ് ഈസ്റ്റ് പോളിസി, ഇന്തോ പസിഫിക് പ്രദേശത്തെ ഇന്ത്യയുടെ നയം എന്നിവ ഇന്ത്യയുടെ മാനവിക മുഖമുള്ള നയങ്ങളുടെ നേര്‍കാഴ്ചയായി ആര്‍ക്കും കാണാവുന്നതാണ്. ഇന്ത്യയുടെ മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തവും സഹകരണവും ഈ നയങ്ങളില്‍ ഊന്നിയുള്ളതാണ്. ഏതെങ്കിലും രാജ്യത്തോട് ഇന്ത്യ സൗഹൃദം കാണിക്കുന്നു എന്നതിനര്‍ത്ഥം അത് മറ്റേതെങ്കിലും രാജ്യത്തിനെതിരാണെന്നല്ല. വികസന കാര്യത്തില്‍ ഇന്ത്യ ഏതെങ്കിലും രാജ്യവുമായി സഹകരിക്കുന്നത് അവരെ ചൂഷണം ചെയ്യാനോ ആശ്രിതരാക്കാനോ അല്ല. ഞങ്ങളുടെ വികസന നേട്ടങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കുവാന്‍ ഞങ്ങള്‍ ഒരിക്കലും മടി കാട്ടിയിട്ടില്ല.

ബഹുമാന്യരേ,

മഹാമാരി കൊണ്ട് കഷ്ടപ്പെടുന്ന കാലത്തും ഇന്ത്യയിലെ ആരോഗ്യ മേഖല 150 രാജ്യങ്ങളിലേക്ക് അത്യാവശ്യ മരുന്നുകള്‍ കയറ്റിയയച്ചു. ഏറ്റവുമധികം വാക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയില്‍, ഉല്‍പ്പാദിപ്പിക്കുന്ന വാക്സിന്‍ കൊവിഡ് മഹാമാരിയെ നേരിടാന്‍ ആഗോള സമൂഹത്തിനാകെ ലഭ്യമാക്കാന്‍ തയ്യാറാണെന്നു ഞാന്‍ ഉറപ്പ് നല്‍കുന്നു. വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ വാക്സിനുകളുടെ സുരക്ഷിത ശേഖരണത്തിനും വിതരണത്തിനുമായി എല്ലാ രാജ്യങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്യുന്നു.

ബഹുമാന്യരേ,

അടുത്ത ജനുവരി മുതല്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗം എന്ന നിലയിലുളള ഉത്തരവാദിത്വം ഇന്ത്യ നിര്‍വഹിക്കുന്നതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ അംഗരാജ്യങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഈ അഭിമാനവും അനുഭവവും ലോകത്തിനാകെ ക്ഷേമമുണ്ടാകുന്നതിനായി ഞങ്ങള്‍ ഉപയോഗിക്കും. ഇന്ത്യ എല്ലായ്പ്പോഴും സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കാണ് പിന്തുണ നല്‍കുന്നത്. മാനവികത, മനുഷ്യകുലം, മനുഷ്യത്വം എന്നിവയ്ക്കെതിരായ ഭീകരവാദം, കള്ളക്കടത്ത്, അനധികൃത ആയുധങ്ങള്‍, മയക്കുമരുന്ന്, കള്ളപ്പണം തുടങ്ങിയവയ്ക്കതിരെ പ്രതികരിക്കുന്നതില്‍ ഇന്ത്യ ഒരിക്കലും മടി കാട്ടില്ല. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, പാരമ്പര്യം, ആയിരക്കണക്കിന് വര്‍ഷത്തെ അനുഭവ സമ്പത്ത് എന്നിവ എല്ലായ്പ്പോഴും വികസ്വര രാജ്യങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കും. ഇന്ത്യയുടെ ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞ വികസന യാത്ര ലോക ക്ഷേമത്തിനായുള്ള യാത്രയെ ശക്തിപ്പെടുത്തും.

ബഹുമാന്യരേ,

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള പരിഷ്‌കരണം-പ്രകടനം-പരിവര്‍ത്തനം എന്ന മന്ത്രത്തിന്റെ ഫലമായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഈ അനുഭവം ലോകത്തെ മറ്റ് നിരവധി രാജ്യങ്ങള്‍ക്ക് ഉപകാരപ്രദമാണ്. 400 മില്യണ്‍ ജനങ്ങള്‍ക്ക് 4-5 വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് നിസാരമായ ഒരു കാര്യമായിരുന്നില്ല. എന്നാല്‍ അതിന് സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചു. പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്ന 600 മില്യണ്‍ ആളുകള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുക എന്നത് നിസാരമായ ഒരു കാര്യമായിരുന്നില്ല. എന്നാല്‍ ഇന്ത്യ അത് നേടി. 2-3 വര്‍ഷത്തിനുള്ളില്‍ 500 മില്യണിലധികം പേര്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുക എന്നത് നിസാരമായ ഒരു കാര്യമായിരുന്നില്ല. എന്നാല്‍ ഇന്ത്യക്ക് അതിന് കഴിഞ്ഞു. ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ന് ഇന്ത്യ മുന്‍പന്തിയിലുള്ള ഒരു രാജ്യമാണ്. ഇന്ന് ഇന്ത്യ കോടിക്കണക്കിന് പൗരന്‍മാര്‍ക്ക് ഡിജിറ്റല്‍ ആക്സസ് നല്‍കുന്നിലൂടെ ശാക്തീകരണവും സുതാര്യതയും ഉറപ്പുവരുത്തുന്നു. 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജന രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ബൃഹദ് ക്യാംപെയ്ന്‍ രാജ്യത്ത് നടക്കുന്നു. 150 മില്യണ്‍ ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വഴിയുള്ള കുടിവെള്ളമെത്തിക്കുന്ന പദ്ധതി ഇന്ത്യ നടപ്പിലാക്കുന്നു. അടുത്തിടെ ഇന്ത്യ 6 ലക്ഷം ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ മുഖേന ബന്ധിപ്പിക്കുന്ന ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

ബഹുമാന്യരേ,

കോവിഡ് അനുബന്ധ ഇന്ത്യയിലെ സാഹചര്യത്തില്‍ ''സ്വയം പര്യാപ്ത ഇന്ത്യ'' എന്ന ലക്ഷ്യം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുകയാണ്. സ്വയം പര്യാപ്ത ഇന്ത്യ ആഗോള സാമ്പത്തിക രംഗത്തിനും ഊര്‍ജമേകും. ഓരോ പദ്ധതിയുടേയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ പൗരന്‍മാര്‍ക്കിടയില്‍ വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. സ്ത്രീകള്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ നേതൃസ്ഥാനത്ത് എത്തിച്ചേരുന്നതിനും വലിയ തോതിലുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഇന്ന് രാജ്യത്തെ സ്ത്രീകള്‍. സ്ത്രീകള്‍ക്ക് 26 ആഴ്ച വേതനത്തോട് കൂടിയുള്ള പ്രസവാവധി നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും അവകാശങ്ങള്‍ക്കുമായി നിയമനിര്‍മാണങ്ങള്‍ നടത്തിയിരിക്കുന്നു.

ബഹുമാന്യരേ,

പുരോഗതിയിലേക്കുള്ള യാത്രയില്‍ ഇന്ത്യക്ക് ലോകത്തില്‍ നിന്ന് പഠിക്കാനും ലോകവുമായി സ്വന്തം അനുഭവങ്ങള്‍ പങ്കിടാനും ആഗ്രഹമുണ്ട്. 75ാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ അംഗങ്ങളും മഹത്തായ ഈ സംഘടനയുടെ പ്രാധാന്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് സംഭാവനകള്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ഉള്ളിലെ സ്ഥിരതയും ഐക്യരാഷ്ട്ര സംഘടനയുടെ ശാക്തീകരണവും ലോക ക്ഷേമത്തിന് അനിവാര്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ 75ാം വാര്‍ഷികത്തില്‍, ലോക ക്ഷേമത്തിനായി നാം സമര്‍പ്പിതരാകുമെന്നു ഒരിക്കല്‍ കൂടി പ്രതിജ്ഞ ചെയ്യാം.

നന്ദി  

****



(Release ID: 1659539) Visitor Counter : 395