പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു

Posted On: 22 SEP 2020 12:18PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ അഭിസംബോധന  ചെയ്തു സംസാരിച്ചു.

എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം മനുഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകത്തിനു മുഴുവനും വേണ്ടി ഒരു സംഘടന രൂപീകൃതമായി, യുദ്ധങ്ങളുടെ നടുക്കങ്ങള്‍ക്കിയില്‍ നിന്ന് ഒരു പുതിയ പ്രതീക്ഷ ഉദയം ചെയ്തു - പ്രധാനമന്ത്രി പ്രസംഗമധ്യേ  പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പ്രമാണ പത്രത്തില്‍ ഒപ്പു വച്ച സ്ഥാപക രാഷ്ട്രമായ ഇന്ത്യ കുലീനമായ ആ  കാഴ്ച്ചപ്പാടിന്റെ ഭാഗമായിരുന്നു.കാരണം അതില്‍ പ്രതിഫലിച്ചത് സമസ്ത സൃഷ്ടിജാലങ്ങളെയും ഏക കുടുംബമായി കാണുന്ന വസുധൈവക കുടുംബകം എന്ന ഇന്ത്യയുടെ തത്വശാസ്ത്രമാണ്. 

 

ഐക്യരാഷ്ട്രസഭയുടെ  സമാധാന ദൗത്യങ്ങള്‍ക്കിടയില്‍ സമാധാനത്തിനും വികസനത്തിനും വേണ്ടി ജീവന്‍ ത്യജിച്ച ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുകയും,  ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം  ലോകം കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നു പ്രസ്താവിക്കുകയും ചെയ്തു. നേട്ടങ്ങള്‍ ഏറെ കൈവരിച്ചെങ്കിലും യഥാര്‍ത്ഥ ദൗത്യം ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്തതായി അവശേഷിക്കുന്നു എന്നാണ് ഇന്ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രഖ്യാപനത്തെ കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇന്ന് ഐക്യരാഷ്ട്രസഭ സ്വീകരിക്കുന്ന ഈ പ്രഖ്യാപനം യുദ്ധങ്ങള്‍ തടയുക, വികസനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അസമത്വം കുറയ്ക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ക്ക് ഉത്തോലകമായി വര്‍ത്തിക്കുക തുടങ്ങിയ ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നതിന്റെ  അംഗീകാരം കൂടിയാണ്. ഐക്യരാഷ്ട്ര സഭയ്ക്കു തന്നെ  നവീകരണം ആവശ്യമായിരിക്കുന്നു എന്നതിന്റെ അംഗീകാരം കൂടിയാണ് ഈ പ്രഖ്യാപനം എന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സമഗ്രമായ പരിഷ്‌കാരങ്ങള്‍ ഇല്ലാതെ സഭ വിശ്വാസ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. സഭയുടെ പഴഞ്ചന്‍ ഘടനകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുമില്ല. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ നമുക്ക് ആവശ്യം നവീകരിക്കപ്പെട്ട ബഹുസ്വരതയാണ്. അതാണ് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുക, എല്ലാ ഗുണഭോക്താക്കളുടെയും ശബ്ദമായി മാറുക, വര്‍ത്തമാന കാല വെല്ലുവിളികളെ അഭിസംബോധന ചെയ്യുക, മനുഷ്യ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ലക്ഷ്യത്തിനായി മറ്റു രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

****


(Release ID: 1657674) Visitor Counter : 394