പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വാരണാസിയിലെ വിവിധ വികസനപദ്ധതികളുടെ അവലോകനം നടത്തി
Posted On:
19 JUN 2020 3:51PM by PIB Thiruvananthpuram
വാരണാസിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പദ്ധതികളുടെ അവലോകനയോഗം ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു. കാശി വിശ്വനാഥമന്ദിര്‍ സമുച്ചയത്തിന്റെ പുരോഗതി ഉയര്‍ത്തിക്കാട്ടികൊണ്ട് രൂപകല്‍പ്പനയുടെ (ലേ ഔട്ട്) ഡ്രോണ്‍ വിഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കോവിഡ്-19ന്റെ കാര്യക്ഷമമായ നിയന്ത്രണത്തിന് കൈക്കൊണ്ട പരിശ്രമങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
-കാശി വിശ്വനാഥ പരിസറിന്റെ വികസനത്തോടെ മണ്ണിനടിയിലായിപ്പോയ എല്ലാ പഴയ ക്ഷേത്രങ്ങളും കണ്ടെത്തി സുരക്ഷിതമായി സംരക്ഷിക്കണമെന്ന് കാശി വിശ്വനാഥ ധാം പദ്ധതി അവലോകനം ചെയ്യവേ പ്രധാനമന്ത്രി നിര്‍ദേശിച്ചു. അവയുടെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പാരമ്പര്യം നിലനിര്‍ത്തുന്നതിന് വിദഗ്ധരുടെ സഹായം തേടണം. ഈ ക്ഷേത്രങ്ങളുടെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണം, അതിലൂടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അവയുടെ പ്രധാന്യം വ്യക്തമാക്കി നല്‍കാന്‍ കഴിയും. അനുയോജ്യരായ ടൂറിസ്റ്റ് ഗൈഡുകളുടെ സഹായത്തോടെ സമുച്ചയം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കാശി വിശ്വനാഥ ട്രസ്റ്റ് റൂട്ട് മാപ്പ് തയാറാക്കണം.
- വാരണാസിയില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളുടെയും വിശദമായ അവലോകനവും പ്രധാനമന്ത്രി നടത്തി. സാമൂഹികവും ഭൗതികവുമായ അടിസ്ഥാനസൗകര്യങ്ങളായ ആശുപത്രി കെട്ടിടങ്ങള്‍, ദേശീയ ജലപാതകള്‍, റിംഗ് റോഡുകള്‍, ബൈ-പാസ്, ഇന്തോ-ജപ്പാന്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ 'രുദ്രാക്ഷ' തുടങ്ങി 8000 കോടി രൂപയുടെ 100 പ്രധാനപ്പെട്ട പദ്ധതികള്‍ നടന്നുവരികയാണെന്ന് അദ്ദേഹത്തെ അറിയിച്ചു.
- നിശ്ചിതസമയത്തിനുള്ളില്‍ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ഉദ്ബോധിപ്പിച്ചു. അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം പരമാവധി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വാരണാസി ജില്ലയിലെ മുഴുവന്‍ വീടുകളിലേയും തെരുവിളക്കുകളുടെയും ബള്‍ബുകള്‍ എല്‍.ഇ.ഡിയാക്കി മാറ്റുന്ന പ്രവൃത്തി ഒരു ദൗത്യമായി കണ്ടു നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
- കാശിയുടെ പാരമ്പര്യത്തിന്റെ ശരിയായ ആശയം പ്രതിഫലിക്കുന്ന ഒരു മാതൃകാ റോഡ് കണ്ടെത്തി അതിനെ പ്രാദേശിക പൗരന്മാരുടെ സജീവമായ പങ്കാളിത്തത്തോടെ ഗൗരവ് പഥ് ആയി വികസിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
- ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ കാശി ശുചിത്വത്തിന്റെയും വൃത്തിയുടെയും എല്ലാ മാനദണ്ഡങ്ങളിലും ഏറ്റവും മികച്ചതാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉദ്ദേശിച്ച തരത്തിലുള്ള ഒ.ഡി.എഫ്. പ്ലസ് ഉറപ്പു വരുത്തുകയും യന്ത്രവല്‍കൃത അടിച്ചുവാരലും വൃത്തിയാക്കലും സജ്ജമാക്കുകയും വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം 100% ഉറപ്പുവരുത്തുകയും പരിസ്ഥിതിയെ ആകെ സകാരാത്മകവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും കൈക്കൊള്ളണം.
- വാരണാസിയില്‍ ലോകനിലവാരത്തിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളും ബന്ധിപ്പിക്കല്‍ പശ്ചാത്തല സൗകര്യങ്ങളും ഉണ്ടാക്കുന്നതിനെക്കുറിച്ചും അവതരണത്തിനിടെ ദീര്‍ഘമായ ചര്‍ച്ച നടന്നു. വാരണാസിയെ ഹാല്‍ഡിയയുമായി ബന്ധിപ്പിക്കുന്ന ദേശീയ ജലപാതയുടെ ഹബ്ബായി വാരണാസിയെ മാറ്റണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
- ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ പൗരന്മാരില്‍ അതിവേഗം എത്തണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. തെരുവുകച്ചവടക്കാര്‍ക്കുള്ള പി.എം. എസ്.വി.എ. നിധി പദ്ധതിയും വളരെ സൂക്ഷ്മമായി വിലയിരുത്തി. പണരഹിത ഇടപാടുകളിലേക്ക് മാറുന്നതിനായി എല്ലാ തെരുവു കച്ചവടക്കാരെയും സഹായിക്കുന്നതിനായി അനുയോജ്യമായ സാങ്കേതികവിദ്യയും പശ്ചാത്തലസൗകര്യവും ഉണ്ടാക്കും. അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും അവരുടെ വ്യാപാര വായ്പാ വിശദാംശങ്ങള്‍ ഡിജിറ്റലായി ബന്ധിപ്പിക്കുകയും ചെയ്യും ഇതിലൂടെ അവര്‍ക്ക് പി.എം. എസ്.വി.എ. നിധി പദ്ധതിക്ക് കീഴിലുള്ള ഈടില്ലാത്ത വായ്പയുടെ നേട്ടം പരമാവധി ഉപയോഗിക്കാന്‍ കഴിയും.
- ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്നാണ് കര്‍ഷകരെന്നും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീവ്രമായ പരിശ്രമങ്ങള്‍ നടത്തിവരികയാണെന്നും പ്രധാനമന്ത്രി ഈന്നിപ്പറഞ്ഞു. തേനിച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശിച്ച് അദ്ദേഹം, തേനിച്ച മെഴുകിന് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയേക്കുറിച്ചും വിശദീകരിച്ചു. വാരണാസിയില്‍ ഒരു പാക്കേജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അങ്ങനെ വരുമ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കുകയും വാരണാസിയില്‍ തന്നെ അവര്‍ക്ക് കയറ്റുമതിക്ക് വേണ്ടി അവ തയാറാക്കാന്‍ സാധിക്കുകയും ചെയ്യും. എ.പി.ഇ.ഡി.എ(വാണിജ്യമന്ത്രാലയം)യുമായി യോജിച്ചുകൊണ്ട് പച്ചക്കറികളും മാങ്ങയും കയറ്റുമതി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭരണസംവിധാനത്തിന്റെ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
- ഇപ്പോള്‍ പരന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരിയെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ചും വിശദമായ അവലോകനം ചെയ്തു. രോഗികളെ കണ്ടെത്തുന്നതിനും ഗുണപരമായ ചികിത്സ നല്‍കുന്നതിനുമായി വ്യാപകമായും കാര്യക്ഷമമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നത് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഭക്ഷണം, അഭയം, സമ്പര്‍ക്കവിലക്കിനുള്ള സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
- മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ അനുയോജ്യമായ നൈപുണ്യ രൂപരേഖ തയാറാക്കല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടത്താനും അവര്‍ക്ക് അവരുടെ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ നേട്ടമുണ്ടാകുന്ന തൊഴിലുകള്‍ ലഭ്യമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് പി.എം. ഗരീബ് കല്യാണ്‍ യോജനയും സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള കോവിഡ് ആശ്വാസപദ്ധതികളും ഗുണപരമാകുന്നതു സംബന്ധിച്ച പ്രതികരണവും അദ്ദേഹം തേടി.
***
(Release ID: 1655030)
Visitor Counter : 208
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada