പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും

Posted On: 13 SEP 2020 2:58PM by PIB Thiruvananthpuram

17-ാമത് ലോക്സഭയുടെ നാലാമത് സമ്മേളനവും രാജ്യസഭയുടെ 252-ാമത് സമ്മേളനവും നാളെ (2020 സെപ്റ്റംബർ 14 തിങ്കളാഴ്ച) ആരംഭിക്കും. സർക്കാർ ഉദ്ദേശിക്കുന്ന സഭാനടപടികൾ പൂർത്തിയായാൽ സമ്മേളനം 2020 ഒക്ടോബർ 1 വ്യാഴാഴ്ച സമാപിക്കും.

18 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 18 സിറ്റിങ്ങുകൾ ഉണ്ടാകും. ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും സഭ ചേരും. വർഷകാല സമ്മേളനത്തിൽ ആകെ 47 ഇനങ്ങളാണ് പരിഗണനയ്ക്ക് വരുന്നത്. 45 ബില്ലുകളും 2 ധനകാര്യ ഇനങ്ങളും ഇതിലുൾപ്പെടുന്നു.

ഓർഡിനൻസുകൾക്ക് പകരമായി പതിനൊന്ന് നിയമങ്ങൾ പാസാക്കാനുണ്ട്. 2020 ഓർഡിനൻസുകളായി പുറത്തിറക്കിയ പാപ്പരത്വ രണ്ടാം ഭേദഗതി ബിൽ, ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബിൽ, നികുതി നിയമത്തിലെ ചില വ്യവസ്ഥകളിൽ ഇളവ് നൽകുന്നതിനുള്ള ബിൽ, പകർച്ചവ്യാധി ഭേദഗതി ബിൽ, മന്ത്രിമാരുടെ ശമ്പളം, അലവൻസുകൾ സംബന്ധിച്ച ഭേദഗതി ബിൽ, പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ സംബന്ധിച്ച ഭേദഗതി ബിൽ എന്നിവ വർഷകാലസമ്മേളനത്തിൽ തന്നെ പാസാക്കേണ്ടതുണ്ട്.

ചില സുപ്രധാന നിയമനിർമ്മാണങ്ങളും സമ്മേളനത്തിൽ പരിഗണിക്കേണ്ടതുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഭേദഗതി ബിൽ, മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ഭേദഗതി ബിൽ എന്നിവ സമ്മേളനത്തിൽ നിയമമാകാൻ സാധ്യതയുണ്ട്.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ആദ്യ പാർലമെന്റ് സമ്മേളനമായതിനാൽ, കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സമ്മേളനം നടത്താനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്.

ദിവസവും നാല് മണിക്കൂർ വീതമാകും ഇരു സഭകളും കൂടുക - രാജ്യസഭ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും, ലോക്സഭ ഉച്ചയ്ക്ക് ശേഷം 3 മുതൽ വൈകിട്ട് 7 വരെയും. എന്നാൽ ആദ്യ ദിവസം മാത്രം, അതായത് സെപ്റ്റംബർ 14 ന്, ലോക്സഭയും രാവിലെ തന്നെ യോഗം ചേരും. എം.‌പി.മാരെ ശാരീരിക അകലം പാലിച്ച് ഇരുത്തുന്നതിനായി ഇരുസഭകളുടെയും ചേമ്പറുകളും ഗ്യാലറികളും ഉപയോഗിക്കും. എം‌.പി.മാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും. സീറ്റുകൾ പോളി കാർബൺ ഷീറ്റുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.

സമ്മേളനത്തിലും ശൂന്യവേള ഉണ്ടാകും.

 

*********


(Release ID: 1653798) Visitor Counter : 253