ധനകാര്യ മന്ത്രാലയം

ആത്മ നിർഭർ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ, ധന-കോർപ്പറേറ്റ് കാര്യ മന്ത്രാലയങ്ങൾ ഇതുവരെ കൈവരിച്ച പുരോഗതി

Posted On: 13 SEP 2020 10:31AM by PIB Thiruvananthpuram

ആത്മ നിർഭർ ഭാരത് പാക്കേജിന് കീഴിലെ വിവിധ പദ്ധതികളിൽ, ധന-കോർപ്പറേറ്റ് കാര്യ മന്ത്രാലയങ്ങൾ ഇതുവരെ കൈവരിച്ച പുരോഗതി താഴെപ്പറയുന്നു:

 

  1. രാജ്യത്തെ കർഷകർക്ക് നബാർഡ് മുഖാന്തിരം, മുപ്പതിനായിരം കോടി രൂപ അധിക അടിയന്തര പ്രവർത്തന മൂലധനസഹായം - 28 ഓഗസ്റ്റ് 2020 വരെയുള്ള കണക്കുകൾ പ്രകാരം, 25,000 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സ്പെഷ്യൽ ലിക്യുഡിറ്റി സൗകര്യത്തിന് കീഴിൽ ശേഷിക്കുന്ന 5000 കോടി രൂപ, ചെറുകിട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, NBFC-MFI എന്നിവയ്ക്കായി റിസർബാങ്ക്, നബാർഡിന് വകയിരുത്തിയിട്ടുണ്ട്

 

  1. MSME കൾ, വ്യക്തികൾ എന്നിവർക്ക് അധിക വായ്പ ലഭ്യമാക്കുന്നതിനായി NBFC, HFC, MFI തുടങ്ങിയവയ്ക്ക് 45,000 കോടി രൂപയുടെ ഭാഗിക വായ്പ ഉറപ്പ് പദ്ധതി 2.0 - 28 ഓഗസ്റ്റ് 2020 വരെയുള്ള കണക്കുകൾ പ്രകാരം 25,055.5 കോടി രൂപയുടെ ഇടപാടുകൾക്ക് ബാങ്കുകൾ അനുവാദം നൽകി കഴിഞ്ഞു. കൂടാതെ 4,367 കോടി രൂപയുടെ ഇടപാടുകൾ നടന്നുവരികയാണ്.

 

  1. NBFC/ HFC/MFI കൾ എന്നിവയ്ക്കായുള്ള മുപ്പതിനായിരം കോടി രൂപയുടെ സ്പെഷ്യൽ ലിക്വിഡിറ്റി പദ്ധതിയും വലിയ പുരോഗതി പ്രാപിച്ചിട്ടുണ്ട് - പദ്ധതിയുടെ നടത്തിപ്പിനായുള്ള പ്രത്യേക സംവിധാനത്തിന് (SPV) രൂപം നൽകാൻ SBICAP നെ ചുമതലപ്പെടുത്തി. 2020 ജൂലൈ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആണ് പദ്ധതിക്ക് രാജ്യത്ത് തുടക്കമായത്. അന്നേദിവസം തന്നെ പദ്ധതി സംബന്ധിച്ച് NBFC, HFC എന്നിവയ്ക്ക് റിസർബാങ്ക് പ്രത്യേക സർക്കുലറും നൽകിയിരുന്നു. 2020 സെപ്റ്റംബർ 11 വരെയുള്ള കണക്കുകൾ പ്രകാരം 10,590 കോടി രൂപ മൂല്യമുള്ള 37 പദ്ധതികൾക്കാണ് അനുവാദം നൽകിയിരിക്കുന്നത്. 783.5 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടുള്ള 6 അപേക്ഷകളും പരിഗണന ഘട്ടത്തിലാണ്.

 

  1. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ അടക്കമുള്ള വ്യവസായ സംരംഭങ്ങൾക്കായുള്ള മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പകൾ - പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ധനകാര്യ സേവന വകുപ്പ് 23 മെയ് 2020 നു പുറത്തിറക്കിയിരുന്നു. ഒപ്പം 26 മെയ് 2020 ന് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം നിധി രജിസ്റ്റർ ചെയ്തു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, 23 പ്രമുഖ സ്വകാര്യ ബാങ്കുകൾ എന്നിവ നൽകുന്ന വിവരങ്ങൾ പ്രകാരം, 2020 സെപ്റ്റംബർ 10 വരെ 42,01,576 ഉപഭോക്താക്കൾക്കായി 1,63,226.49 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2020 സെപ്റ്റംബർ 10 വരെ 25,01,999 പേർക്ക് 1,18,138.64 കോടി രൂപയും വിതരണം ചെയ്തു.

 

  1. ആദായനികുതി റീഫണ്ട് - 2020 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 8 വരെ ഉള്ള കാലയളവിൽ 27.55 ലക്ഷം നികുതിദായകർക്കായി 1,01,308 കോടി രൂപയുടെ റീഫണ്ട്കളാണ് നൽകിയത്. 25,83,507 കേസുകളിൽ, 30,768 കോടി രൂപ ആദായ നികുതി റീഫണ്ടും, 1,71,155 കേസുകളിൽ, 70,540 കോടി രൂപയുടെ കോർപ്പറേറ്റ് നികുതി റീഫണ്ട് കളും നൽകിക്കഴിഞ്ഞു. കുടിശ്ശിക ആയിരുന്ന 50 കോടി വരെയുള്ള കോർപ്പറേറ്റ് നികുതി റീഫണ്ട്കൾ എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്. മറ്റുള്ളവയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

 

*******

 



(Release ID: 1653775) Visitor Counter : 218