പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ശ്രീ ധർമേന്ദ്ര പ്രധാൻ 56 സിഎൻജി സ്റ്റേഷനുകൾ  രാഷ്‌ട്രത്തിന്‌ സമർപ്പിച്ചു

Posted On: 10 SEP 2020 2:48PM by PIB Thiruvananthpuram


കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ 56 സിഎൻജി സ്റ്റേഷനുകൾ രാഷ്‌ട്രത്തിന്‌ സമർപ്പിച്ചു. കേരളം, ആന്ധ്രപ്രദേശ്‌, ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും ചണ്ഡിഗഢിലുമാണ് ഈ സിഎൻജി സ്റ്റേഷനുകൾ.

കഴിഞ്ഞ 6 വർഷത്തിനിടെ സി‌എൻ‌ജി സ്റ്റേഷനുകളുടെ എണ്ണം 947 ൽ നിന്ന് 2300 ലും അധികമായിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. നിലവിൽ രാജ്യത്തെ 400 ലധികം ജില്ലകളെ സിറ്റിഗ്യാസ് വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി‌എൻ‌ജി‌ആർ‌ബി) പതിനൊന്നാംവട്ട സിജിഡി ബിഡ്ഡിംഗ് റൗണ്ടിന് തയാറെടുക്കുകയാണ്, അതിനുശേഷം 50-100 അധികം ജില്ലകൾക്ക് ശുദ്ധമായ ഇന്ധനം ലഭിക്കും.

വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് ശ്രീ പ്രധാൻ പറഞ്ഞു. ഇതിന് സൗകര്യമൊരുക്കാൻ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി 17,000 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ ലൈൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ ഗ്യാസ് ഗ്രിഡ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

സബ്കാ സാത്‌ സബ്‌കാ വികാസ്‌  മനോഭാവത്തോടെ രാജ്യത്ത് നീല ജ്വാല വിപ്ലവം സൃഷ്ടിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 28 കോടിയിലധികം ഇന്ത്യക്കാർക്ക് എൽപിജി കണക്ഷനുകൾ നൽകിയിട്ടുണ്ട്, കൂടാതെ 5 കോടി വീടുകൾക്ക് പിഎൻജി കണക്ഷൻ നൽകാനുള്ള സ്വപ്‌നപദ്ധതിയും നടക്കുന്നു.

രാജ്യത്തെ സിബിജി ഇക്കോ സിസ്റ്റം വളർച്ചയ്ക്ക് സഹായിച്ചതിന് കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും മന്ത്രി നന്ദി അറിയിച്ചു. കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) മുൻ‌ഗണനാ മേഖലയിൽ റിസർവ് ബാങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംരംഭകർക്ക് കുറഞ്ഞ പലിശയിൽ എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും സഹായിക്കും.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ,  സിഎൻജി സ്റ്റേഷനുകൾ സ്ഥാപിക്കുന്ന കമ്പനികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***


(Release ID: 1653035) Visitor Counter : 159