പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി സ്വാനിധി സംവാദ്  കൂടിക്കാഴ്ച നടത്തി



കോവിഡ് മൂലം പ്രതിസന്ധിയിലായ തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് സ്വാനിധി:  പ്രധാനമന്ത്രി

വായ്പാ പലിശയില്‍ 7 ശതമാനം വരെ കിഴിവും വായ്പ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ കൂടുതല്‍ ആനുകൂല്യങ്ങളും:  പ്രധാനമന്ത്രി 

ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള അവസരം തെരുവോര കച്ചവടക്കാര്‍ക്ക് ലഭ്യമാക്കും: പ്രധാനമന്ത്രി.

Posted On: 09 SEP 2020 2:02PM by PIB Thiruvananthpuram
 
മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി സ്വാനിധി സംവാദ്  കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന് 2020 ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വാനിധി.  
 
മധ്യപ്രദേശില്‍ 4.5 ലക്ഷം തെരുവോര കച്ചവടക്കാരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.  അതില്‍ 1.4 ലക്ഷം പേരുടെ അപേക്ഷകള്‍ സ്വീകരിച്ച് 140 കോടി രൂപ ധനസഹായം അനുവദിച്ചു.  പ്രതിസന്ധിയെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരികെവന്ന തെരുവോര കച്ചവടക്കാരുടെ ആത്മവിശ്വാസം ,  അശ്രാന്ത പരിശ്രമം, കഠിനാധ്വാനം എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചു.  കോവിഡ് കാലയളവിലും 4.5 ലക്ഷത്തോളം തെരുവോര കച്ചവടക്കാരെ തിരിച്ചറിയുകയും അവരില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വായ്പ അനുവദിക്കുകയും ചെയ്ത മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ നടപടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  
 
ഏതൊരു ദുരന്തവും,  തൊഴില്‍, ഭക്ഷണം , സമ്പാദ്യം എന്നിവ നഷ്ടപ്പെടുത്തിക്കൊണ്ട് ദരിദ്രരെയാണ് ആദ്യം ബാധിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  മിക്കവാറും കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിവരേണ്ടിവന്ന കഠിനമായ സാഹചര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
ലോക്ഡൗണ്‍ മൂലം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിലുള്ളവര്‍ക്കും നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആദ്യ ദിനം മുതല്‍ ശ്രമിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ പദ്ധതിയിലൂടെ തൊഴിലിനു പുറമെ ഭക്ഷണം,  റേഷന്‍,  സൗജന്യ പാചകവാതക സിലിണ്ടര്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി.  മറ്റൊരു ദുര്‍ബല വിഭാഗമായ തെരുവോര കച്ചവടക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിച്ചതിന്റെ ഫലമായാണ് അവര്‍ക്ക് ജീവിതോപാധി പുനരുജ്ജീവിപ്പിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ മൂലധന വായ്പ നല്‍കുന്നതിന് പി.എം സ്വാനിധി പദ്ധതി പ്രഖ്യാപിച്ചത്.  ഇതാദ്യമായി പദ്ധതിയുമായി ലക്ഷക്കണക്കിനു പേര്‍ ബന്ധപ്പെട്ടതായും ആനുകൂല്യം ലഭിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.  
 
തെരുവോര കച്ചവടക്കാര്‍ക്ക് സ്വയംതൊഴില്‍,  സ്വയം നിലനില്‍പ്പ്, ആത്മവിശ്വാസം എന്നിവ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  ഓരോ തെരുവോര കച്ചവടക്കാരനും പദ്ധതിയെപ്പറ്റി പൂര്‍ണമായും  അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി.  സാധാരണ ജനങ്ങള്‍ക്കും ബന്ധപ്പെടാനാവുന്ന വിധത്തില്‍ വളരെ ലളിതമാണ് ഈ പദ്ധതി.  പൊതുജന സേവന കേന്ദ്രങ്ങള്‍ വഴിയും മുനിസിപ്പാലിറ്റി ഓഫീസ് വഴിയും അപേക്ഷ നല്‍കാവുന്നതാണ്.  അപേക്ഷ നല്‍കാനായി വരിനില്‍ക്കേണ്ടതില്ല എന്നതിനു പുറമെ,  ബാങ്ക്, മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍,  തെരുവോര കച്ചവടക്കാരുടെ അടുത്തു നിന്നും നേരിട്ട് അപേക്ഷ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
പലിശയില്‍ 7 ശതമാനം വരെ ഇളവിനു പുറമെ,  ഒരാള്‍ ഒരു വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കുകയാണെങ്കില്‍, അതിനു പ്രത്യേകം പലിശയിളവും ലഭിക്കും.  ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്,  ക്യാഷ് ബാക്ക് സംവിധാനവുമുണ്ടാകും.  ഇതിലൂടെ,  ആകെ പലിശയേക്കാള്‍ അധികം തുക , കച്ചവടക്കാരന് തിരികെ ലഭിക്കും.  കഴിഞ്ഞ 3-4 വര്‍ഷങ്ങളായി രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും ശ്രീ.നരേന്ദ്രമോദി അറിയിച്ചു.
 
ഈ പദ്ധതി , എളുപ്പം ലഭിക്കുന്ന മൂലധനത്തോട് കൂടി പുതുതായി കച്ചവടം ആരംഭിക്കാന്‍ സഹായിക്കും.  ഇതാദ്യമായി സര്‍ക്കാരുമായി ദശലക്ഷക്കണക്കിന് തെരുവോര കച്ചവടക്കാരുടെ ശൃംഖല ബന്ധിപ്പിക്കപ്പെടുകയും അവര്‍ക്ക് സ്വത്വബോധം ലഭിക്കുകയും ചെയ്തു.
 
പലിശയില്‍ നിന്നും പൂര്‍ണമായും മുക്തമാകാന്‍ പദ്ധതി സഹായിക്കും.  7 ശതമാനം വരെ പലിശയിളവ്  ഏതായാലും നല്‍കും.  ബാങ്കുകളും ഡിജിറ്റല്‍ പേമെന്റ് ദാതാക്കളുമായും ബന്ധപ്പെട്ട് തെരുവോര കച്ചവടക്കാര്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്ക് ഒട്ടും പിന്നാക്കം പോകരുതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.  
 
കൊറോണ സമയത്ത്, പണം നേരിട്ട് നല്‍കുന്നതിന് പകരം ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് മാറിയിട്ടുണ്ട്.  തെരുവോര കച്ചവടക്കാരും ഇത് സ്വീകരിക്കാന്‍ ശ്രീ.മോദി അഭ്യര്‍ത്ഥിച്ചു.  ഇതിനായി ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.  
 
പി.എം.സ്വാനിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക്,  ഉജ്ജ്വല പാചകവാതക പദ്ധതി,  ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങളും മുന്‍ഗണന അടിസ്ഥാനത്തില്‍ ലഭിക്കും.  പ്രധാനമന്ത്രി ജനധന്‍ യോജനയിലൂടെ,  40 കോടിയോളം ദരിദ്ര, താഴേയ്ക്കിടയിലുള്ള ജനങ്ങള്‍,  ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു.  അവര്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് ഇപ്പോള്‍ അക്കൗണ്ടില്‍ ലഭ്യമാകുകയും വായ്പകള്‍ ലഭിക്കാനുള്ള നടപടികള്‍ സുഗമമാവുകയും ചെയ്തു.  ഡിജിറ്റല്‍ ആരോഗ്യദൗത്യം, പ്രധാനമന്ത്രി സുരക്ഷ ബീമ യോജന,  പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന,  ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുടെ നേട്ടങ്ങളും അദ്ദേഹം വിശദമാക്കി.  
 
കഴിഞ്ഞ 6 വര്‍ഷങ്ങളായി,  രാജ്യത്തെ ദരിദ്രരുടെ ജീവിതം സുഗമമാക്കാന്‍,  സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  നഗരങ്ങളിലും പട്ടണങ്ങളിലും താങ്ങാനാവുന്ന ചെലവില്‍ താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള ഒരു ബ്രഹദ് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചതായും ശ്രീ.മോദി പറഞ്ഞു.  രാജ്യത്ത് എവിടെനിന്നു വേണമെങ്കിലും റേഷന്‍ ലഭിക്കുന്നതിന് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി സഹായിച്ചു.  അടുത്ത ആയിരം ദിവസം കൊണ്ട് രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.  ഇത് ഗ്രാമീണ ഇന്ത്യയെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുകയും ഗ്രാമീണ ജനതയുടെ ജീവിതോപാധി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.  
 
ശുചിത്വം പാലിക്കാനും കോവിഡ് 19 നെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി തെരുവോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു.  ഇത് അവരുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

***



(Release ID: 1652647) Visitor Counter : 193