ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളുമായി അതിവേഗം അനുരൂപപ്പെട്ട അധ്യാപകര്‍ അഭിനന്ദനാര്‍ഹര്‍: ഉപരാഷ്ട്രപതി

തന്റെ വ്യക്തി ജീവിതത്തില്‍ സ്ഥായിയായ മുദ്രകള്‍ അവശേഷിപ്പിച്ച എല്ലാ അധ്യാപകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു

Posted On: 05 SEP 2020 3:04PM by PIB Thiruvananthpuram

അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള  തന്റെ ചിന്തകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശ്രീ നായിഡു, ഇന്ത്യ ഒരിക്കല്‍ വിശ്വഗുരു ആയിരുന്നു എന്നും അറിവിന്റെ ലോകത്തില്‍ ഒരു പാട് സംഭാവനകള്‍ നല്കിയിരുന്നു എന്നും അനുസ്മരിച്ചു.

തന്റെ വ്യക്തി ജീവിതത്തില്‍ സ്ഥായിയായ മുദ്രകള്‍ അവശേഷിപ്പിച്ച എല്ലാ അധ്യാപകര്‍ക്കും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റു വഴി അഗാധമായ നന്ദി അറിയിക്കുകയും ചെയ്തു.

ആചാര്യാ ദേവോ ഭവ എന്ന ആര്‍ഷ സൂക്തം ഉദ്ധരിച്ച ഉപരാഷ്ട്രപതി,  ഈശ്വരന്റെ അവതാരമാണ് അധ്യാപകര്‍ എന്നും ചൂണ്ടിക്കാട്ടി. കാരണം അവരാണ് പൂര്‍ണവും ആനുപാതിക ഭംഗിയുള്ളതുമായ  വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നത്, പുതുമകളെ പരിപോഷിപ്പിക്കുന്നത്, മികച്ച ചിന്തകളെയും ആശയങ്ങളെയും സംരക്ഷിക്കുന്നത്, തലമുറകളിലൂടെ മൂല്യങ്ങളും ഉത്കൃഷ്ട മാതൃകകളും കൈമാറുന്നത്,  സംശയങ്ങളും ധാരണകളും സ്ഫുടം ചെയ്യുന്നത്, വൈശിഷ്ട്യങ്ങളെ വളര്‍ത്തുന്നത്. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളുമായി അതിവേഗം അനുരൂപപ്പെട്ട അധ്യാപകര്‍ അഭിനന്ദനാര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം അധ്യാപകദിനമായി ആചരിക്കുന്ന,  ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനത്തില്‍, ഉപരാഷ്ട്രപതി ശ്രീ നായിഡു അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹം ശ്രേഷ്ഠനായ രാജ്യ തന്ത്രജ്ഞനും തത്വചിന്തകനും ഗ്രന്ഥകാരനും ആയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

ഡോ.രാധാകൃഷ്ണന്റെ അഗാധമായ പാണ്ഡിത്യത്തെയും പ്രതിഭയെയും പുകഴ്ത്തിയ ശ്രീ നായിഡു, അദ്ദേഹത്തിന് തര്‍ക്കശാസ്ത്രം, തത്വശാസ്ത്രം, മനശാസ്ത്രം, സാമൂഹ്യശാസ്ത്രങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഗഹനമായ ജ്ഞാനം ഉണ്ടായിരുന്നു എന്നും തുടര്‍ന്നു.

ഡോ.എസ് രാധാകൃഷ്ണനെ പോലെ രാജ്യത്തിന്റെ ഭാഗഥേയും നിര്‍ണയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുകയും അതു തുടരുകയും ചെയ്യുന്ന എണ്ണമറ്റ അധ്യാപക പ്രതിഭകളെ അധ്യാപക ദിനത്തില്‍ നാം ആദരിക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു .

*****



(Release ID: 1651678) Visitor Counter : 129