രാജ്യരക്ഷാ മന്ത്രാലയം

ചൈനീസ് പ്രതിരോധമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം മോസ്‌കോയില്‍ നടന്ന എസ്.സി.ഒ. യോഗത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് അദ്ദേഹവുമായി ചര്‍ച്ച നടത്തി

Posted On: 05 SEP 2020 1:27PM by PIB Thiruvananthpuram

രക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിങ് മോസ്‌കോയില്‍ ചൈന സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ ജനറല്‍ വെയ് ഫെങ്ങേയുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ നാലിനായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും ഇരുമന്ത്രിമാരും ആഴത്തില്‍ ചര്‍ച്ച നടത്തി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളായ പടിഞ്ഞാറന്‍ മേഖലയിലെ ഗാല്‍വാന്‍ താഴ്വരയിലുള്‍പ്പെടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) സംഭവവികാസങ്ങളെക്കുറിച്ച് ഇന്ത്യയുടെ നിലപാട് രക്ഷാ മന്ത്രി കൃത്യമായി അറിയിച്ചു. ചൈനാസൈന്യത്തിന്റെ ഇപ്പോഴുള്ള നിലപാടുകള്‍, പ്രവര്‍ത്തനങ്ങള്‍, അവരുടെ പെരുമാറ്റം തുടങ്ങിയവ ഉഭയകക്ഷി ധാരണകള്‍ ലംഘിക്കുന്നതാണ്. ഇരുകക്ഷികളുടെയും പ്രത്യേക പ്രതിനിധികള്‍ തമ്മിലുണ്ടാക്കിയ ധാരണകള്‍ അവര്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിര്‍ത്തി കാര്യങ്ങളില്‍  ഇന്ത്യന്‍ സൈന്യം എല്ലായ്‌പ്പോഴും വളരെ ഉത്തരവാദിത്തപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും  രക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയുടെ പരമാധികാരവും പ്രദേശവും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തില്‍ സംശയം വേണ്ടതില്ലെന്നും ബഹുമാനപ്പെട്ട രക്ഷാമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മിലുണ്ടാക്കിയ സമവായം ഇരുപക്ഷവും സൂക്ഷ്മമായി നടപ്പാക്കണമെന്നും, സംഭാഷണത്തിലൂടെയും കൂടിയാലോചനയിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും, വിവിധ ഉഭയകക്ഷി കരാറുകള്‍ കര്‍ശനമായി പാലിക്കണമെന്നും, സൈനിക നിയന്ത്രണം ശക്തിപ്പെടുത്തണമെന്നും ചൈനാപ്രതിരോധ മന്ത്രി പറഞ്ഞു. സാഹചര്യം വഷളാക്കാവുന്ന പ്രകോപനപരമായ നടപടികളൊന്നും ഇരുകൂട്ടരും നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയുമായുള്ള പൊതുബന്ധത്തിന്റെ കാര്യത്തില്‍ ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കുകയും, എത്രയും വേഗം സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആക്കുകയും, ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും നിലനിര്‍ത്തുകയും വേണം. മന്ത്രിതലത്തിലുള്‍പ്പെടെ എല്ലാ തലങ്ങളിലും ഇരുരാജ്യങ്ങളും  ആശയവിനിമയം തുടരണമെന്നും ചൈനയുടെ പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തേണ്ടത് നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ വികാസത്തിന് അനിവാര്യമാണെന്നും, അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ ഇരുപക്ഷവും അനുവദിക്കരുതെന്നും, നേതാക്കളുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഇരുപക്ഷവും പ്രവര്‍ത്തിക്കണമെന്നും രക്ഷാമന്ത്രി പറഞ്ഞു. അതനുസരിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ ഇരുപക്ഷവും സമാധാനപരമായി പരിഹരിക്കണം. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ചൈനീസ് പക്ഷവും ആഗ്രഹിക്കുന്നുവെന്ന് ചൈനീസ് പ്രതിരോധ മന്ത്രി അറിയിച്ചു. അതിനാല്‍, പാങ്കോങ് തടാകം ഉള്‍പ്പെടെയുള്ള എല്ലാ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്നും പൂര്‍ണമായും പിന്മാറുന്നതിനു ചൈന ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നുവെന്നും രക്ഷാമന്ത്രി പറഞ്ഞു. ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി അതിര്‍ത്തി പ്രദേശങ്ങള്‍ പരിപാലിക്കുക, അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, യഥാര്‍ത്ഥ നിയന്ത്രണ രേഖയെ കര്‍ശനമായി മാനിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുക എന്നീ കാര്യങ്ങളും രക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതിനോ അതിര്‍ത്തി പ്രദേശങ്ങളില്‍ കാര്യങ്ങള്‍ വഷളാക്കുന്നതിനോ ഇരുപക്ഷവും തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ സേനാപിന്മാറ്റം ഉറപ്പുവരുത്താനും എല്‍എസിയില്‍ എത്രയും വേഗം സമാധാനവും ശാന്തതയും പൂര്‍ണമായി പുനഃസ്ഥാപിക്കാനും നയതന്ത്ര, സൈനികതലങ്ങളിലുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ തുടരണമെന്നും രക്ഷാമന്ത്രി പറഞ്ഞു.  
 

****

 



(Release ID: 1651583) Visitor Counter : 230