പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ രാഷ്ട്രപതി ഭാരതരത്‌ന പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 31 AUG 2020 6:45PM by PIB Thiruvananthpuram

മുന്‍ രാഷ്ട്രപതി ഭാരതരത്‌ന ശ്രീ പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ''ഭാരതരത്‌ന ശ്രീ പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ ഇന്ത്യ ദുഃഖിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വികസന പാതയില്‍ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അപാരമായ പാണ്ഡിത്യമുള്ള വ്യക്തിയും മികച്ച രാഷ്ട്രതന്ത്രജ്ഞനുമായ അദ്ദേഹം സമൂഹ-രാഷ്ട്രീയ മേഖലകളില്‍ പൊതുസമ്മതനായിരുന്നു.''- പ്രധാനമന്ത്രി പറഞ്ഞു.

''പതിറ്റാണ്ടുകളായി നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ ശ്രീ പ്രണബ് മുഖര്‍ജി സുപ്രധാനമായ സാമ്പത്തിക, നയപര മന്ത്രാലയങ്ങളില്‍ ഈടുറ്റ സംഭാവനകള്‍ നല്‍കി. അദ്ദേഹം ഒരു മികച്ച പാര്‍ലമെന്റേറിയനായിരുന്നു, എല്ലാ കാര്യങ്ങളിലും മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ചിരുന്ന അദ്ദേഹം നര്‍മബോധമുള്ള വ്യക്തികൂടിയായിരുന്നു.

ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയില്‍ ശ്രീ പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനെ സാധാരണ പൗരന്മാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കി. അദ്ദേഹം രാഷ്ട്രപതി ഭവനെ പഠന- നവീകരണ- സംസ്‌കാര- ശാസ്ത്ര- സാഹിത്യമേഖലകളുടെ കേന്ദ്രമാക്കി മാറ്റി. സുപ്രധാന നയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബൗദ്ധികനിര്‍ദേശങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല.

2014 ല്‍ ഞാന്‍ ഡല്‍ഹിയില്‍ ആദ്യമായി എത്തുമ്പോള്‍ ഒന്നാം ദിവസം മുതല്‍ ശ്രീ പ്രണബ് മുഖര്‍ജിയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും അനുഗ്രഹവും ലഭിക്കാന്‍ എനിക്ക് അവസരമുണ്ടായി. അദ്ദേഹവുമായുള്ള ഇടപെടലുകള്‍ വിലമതിക്കാനാകാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രാജ്യമെമ്പാടും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും ഞാന്‍ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.''- പ്രധാനമന്ത്രി പറഞ്ഞു.



(Release ID: 1650148) Visitor Counter : 194