പ്രധാനമന്ത്രിയുടെ ഓഫീസ്‌

പോഷകാഹാര ബോധവത്ക്കരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ പോഷണ്‍ മാസത്തിന്റെ പ്രധാന്യത്തെ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

Posted On: 30 AUG 2020 3:16PM by PIB Thiruvananthpuram

സെപ്റ്റംബര്‍ മാസം പോഷണ്‍ മാഹ് അഥവാ പോഷകാഹാര മാസമായി ആചരിക്കുമെന്ന് ഏറ്റവും പുതിയ  മന്‍ കി ബാത് പ്രഭാഷണത്തില്‍ ഇന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രവും പോഷകാഹാരവും തമ്മിലുള്ള പരസ്പരബന്ധം വളരെ ദൃഢമാണ് എന്ന് അദ്ദേഹം പറഞ്ഞു. യഥാ അന്നം തഥാ മനം - അതായത്  മാനസികവും ബൗദ്ധികവുമായ വികാസം നമ്മുടെ ഭക്ഷണത്തിന്റെ ഗുണമേന്മയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. കുട്ടികള്‍ക്ക്   പരമാവധി സാമര്‍ത്ഥ്യം കൈവരിക്കാനും , ഉത്സാഹം ലഭിക്കാനും പോക്ഷകാഹാരം നല്കിക്കൊണ്ടുള്ള കൃത്യമായ പരിപോഷണം വലിയ പങ്ക് വഹിക്കുന്നു. അമ്മയ്ക്ക് കൃത്യമായ പോഷകാഹാരം ലഭിച്ചാല്‍ മാത്രമെ കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരാകൂ എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
 

പോഷകാഹാരം എന്നു പറഞ്ഞാല്‍ വെറുതെ കഴിക്കുക എന്നല്ല, മറിച്ച് കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ട  ജീവകങ്ങള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ലഭ്യമാക്കുക എന്നതാണ്.

പോഷകാഹാര വാരാചരണത്തിലും മാസാചരണത്തിലും പൊതുജന പങ്കാളിത്തം,  പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ ഉറപ്പാക്കികൊണ്ട് പോഷകാഹാര ബോധവത്ക്കരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യം നടത്തുന്ന പരിശ്രമങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. പോഷകാഹാര ബോധവത്ക്കരണം കൂടുതല്‍ വ്യാപകമാക്കുന്നതിന് കുട്ടികള്‍ക്കായി പ്രത്യേകം മത്സരങ്ങള്‍ നടത്തിക്കൊണ്ട്  ഈ ജനകീയ പ്രസ്ഥാനവുമായി സ്‌കൂളുകള്‍ ഏകോപിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
 

എല്ലാ ക്ലാസുകളിലും  ക്ലാസ് മോണിറ്റര്‍ ഉള്ളതുപോലെ ഇനിമുതല്‍ പോഷകാഹാര മോണിറ്റര്‍ കൂടി ഉണ്ടാവണം എന്നു പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡ് പോലെ പോഷകാഹാര റിപ്പോര്‍ട്ട് കാര്‍ഡും നടപ്പിലാക്കണം. ഈ പോഷകാഹാര മാസാചരണത്തില്‍ മൈ ഗവ്   പോര്‍ട്ടലില്‍ പോഷകാഹാര ക്വിസ് മത്സരവും തമാശ മത്സരവും കൂടി സംഘടിപ്പിക്കണമെന്നും ശ്രോതാക്കള്‍ അതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

ഗുജറാത്തിലെ

ഐക്യ പ്രതിമയോടു ചേര്‍ന്ന് മറ്റൊരിടത്തും ഇല്ലാത്ത ഒരു പോഷകാഹാര പാര്‍ക്കു കൂടി രൂപകല്പന ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദ കേളികള്‍ക്കൊപ്പം പോഷകാഹാരവുമായി ബന്ധപ്പെട്ട അറിവുകൂടി ഇവിടെ നിന്ന് സന്ദര്‍ശകര്‍ക്കു ലഭിക്കും.

വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളാല്‍ അനുഗ്രഹീതമാണ്  ഇന്ത്യ  എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കാലങ്ങളിലും ഓരോ മേഖലകളിലും  ലഭിക്കുന്ന സന്തുലിതവും പോഷക സമ്പന്നവുമായ ഭക്ഷ്യ പദ്ധതി  ആസൂത്രണം ചെയ്യണം. അതില്‍ പ്രാദേശികമായി കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇന്ത്യന്‍ കാർഷിക നിധി  രൂപീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഓരോ ജില്ലയിലും  കൃഷി ചെയ്യുന്ന വിളകളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളും അവ ഓരോന്നിന്റെയും പോഷക മൂല്യവും കൃത്യമായി ഇതിൽ ഉൾപ്പെടുത്തും.

ഈ പോഷകാഹാര മാസത്തില്‍ പോഷകമൂല്യമുള്ള ആഹാരം കഴിച്ച് പൂര്‍ണ ആരോഗ്യവാന്മായിരിക്കാന്‍ പ്രധാനമന്ത്രി ശ്രോതാക്കളോട് ആവശ്യപ്പെട്ടു.

 

 

**********



(Release ID: 1649905) Visitor Counter : 6305