പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാർക്ക്  ഇലക്ട്രോണിക് പി.പി.ഒ. ഡിജി ലോക്കറിൽ സൂക്ഷിക്കാം

Posted On: 26 AUG 2020 3:38PM by PIB Thiruvananthpuram


കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.‌ജി‌.എ.യുടെ (കൺ‌ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി‌.എഫ്‌.എം‌.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്‌മെന്റ് ഓർഡർ (ഇ-പി.‌പി‌.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്‌സ് ക്ഷേമ വകുപ്പ് (DoPPW) തീരുമാനിച്ചു.

പെൻഷൻകാർക്ക് അവരുടെ ഡിജി ലോക്കർ‌ അക്കൗണ്ടിൽ‌ നിന്നും പി‌.പി‌.ഒ.യുടെ ഏറ്റവും പുതിയ പകർപ്പിൻറെ പ്രിന്റെടുക്കാൻ ഈ സംവിധാനം വഴിയൊരുക്കും. നിലവിലെ പെൻഷൻകാർക്ക് അതത് പി‌.പി.‌ഒ.കളുടെ പകർപ്പ്  ഡിജി ലോക്കറിൽ‌ സ്ഥിരമായി സൂക്ഷിക്കാനും പുതിയ പെൻഷൻകാർക്ക് പി‌.പി.‌ഒ. ലഭ്യമാകുന്നതിലെ കാലതാമസവും ഒരു കോപ്പി കൈമാറേണ്ടതിന്റെ ആവശ്യകതയും ഒഴിവാക്കാനും പുതിയ സംവിധാനം വഴി കഴിയും.

2021-22 ഓടെ വിവിധ വകുപ്പുകൾ കൈവരിക്കേണ്ട ഇത് സംബന്ധിച്ച ലക്ഷ്യമാണ്, കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തെ പൂർത്തിയാക്കിയത്.

പെൻഷൻകാർക്ക് അവരുടെ പെൻഷൻ പ്രോസസ്സിംഗ് ആരംഭിക്കുന്നത് മുതൽ അവസാനം വരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നിലവിലുള്ള, ഏകജാലക സംവിധാനമായ ‘ഭവിഷ്യ’ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഈ സൗകര്യം സൃഷ്ടിച്ചിരിക്കുന്നത്.

പെൻഷൻകാരുടെ ഇ-പി‌.പി‌.ഒ. ഡിജി ലോക്കറിൽ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്.:

* വിരമിക്കുന്ന ജീവനക്കാർക്ക് ഇ-പി‌.പി‌.ഒ. ലഭിക്കുന്നതിനായി ഡിജി-ലോക്കർ അക്കൗണ്ടും "ഭവിഷ്യ”യും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

* റിട്ടയർമെൻറ് ഫോമുകൾ നൽകുന്നസമയത്തും നൽകിയ ശേഷവും വിരമിച്ചയാൾക്ക് മേൽപ്പറഞ്ഞ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

* ഭവിഷ്യയിലുള്ള ഡിജി-ലോക്കർ അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും ഇ-പി‌.പി.‌ഒ., ഡിജി ലോക്കറിൽ ലഭ്യമാക്കാൻ ഭവിഷ്യയെ അധികാരപ്പെടുത്തുകയും ചെയ്യുക.

* ഇ-പി‌.പി‌.ഒ. അനുബന്ധ ഡിജി ലോക്കർ അക്കൗണ്ടിൽ ലഭ്യമാവുകയും വിരമിച്ചയാൾക്ക് എസ്.എം.എസ് വഴിയും ഭവിഷ്യയുടെ ഇമെയിൽ വഴിയും അറിയിപ്പ് ലഭിക്കുകയും ചെയ്യും.

* ഇ-പി‌.പി‌.ഒ. കാണാനും ഡൗൺ‌ലോഡുചെയ്യാനും, വിരമിച്ചയാൾ തന്റെ ഡിജി ലോക്കർ അക്കൗണ്ടിൽ പ്രവേശിച്ച് അതിനായുള്ള ലിങ്കിൽ ക്ലിക്കുചെയ്യണം.

****


(Release ID: 1648758) Visitor Counter : 231