വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യൻ ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളിലും  വ്യവസായ മേഖലയിലും ഇന്ത്യ  വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന്  കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ

Posted On: 20 AUG 2020 1:29PM by PIB Thiruvananthpuram



  ഇന്ത്യൻ  ആരോഗ്യ മേഖലയിൽ അഭിമാനമുണ്ടെന്നും ആഗോള തലത്തിലുള്ള പ്രവർത്തനങ്ങളിലും  വ്യവസായ മേഖലയിലും ഇന്ത്യ  വിശ്വസനീയ പങ്കാളിയാണെന്ന് ലോകത്തിന്  കാണിച്ചുകൊടുക്കാൻ സാധിച്ചതായും കേന്ദ്ര മന്ത്രി   ശ്രീ പിയൂഷ് ഗോയൽ  പറഞ്ഞു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പന്ത്രണ്ടാമത് മെഡ് -ടെക്  ആഗോള സമ്മേളനം ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കും ലോകത്തിനാകെയും ആവശ്യമായ മരുന്ന് രാജ്യത്തെ മരുന്ന് നിർമ്മാണ മേഖല  ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.

 3 A കളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു( Access, Awareness, Availability). പ്രാപ്യത, ബോധവൽക്കരണം, ലഭ്യത എന്നിവ മെച്ചപ്പെടുത്തി നമ്മുടെ  ആരോഗ്യസംവിധാനം ഊർജ്ജസ്വലത കൈവരിക്കുന്നതിന് സാങ്കേതികവിദ്യയും  ഉപകരണങ്ങളും പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തേണ്ടതിന്റെയും  സ്വാശ്രയത്വം കൈവരിക്കേണ്ടതിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് മരുന്ന് നിർമ്മാണം , ആരോഗ്യ  ഉപകരണ നിർമ്മാണം, ആരോഗ്യ രംഗത്തെ  തൊഴിലുകൾ  എന്നിവ  വികസിക്കുമെന്നും  അദ്ദേഹം പറഞ്ഞു.


'ലോകത്തിന്റെ ഫാർമസി' എന്നതിനൊപ്പം, ലോക നിലവാരമുള്ള ആരോഗ്യ സംവിധാനങ്ങളും ഉയർന്ന നിലവാരമുള്ള വൈദ്യ പരിചരണവും ഉയർന്ന നിലവാരമുള്ള ചികിത്സയും ലഭ്യമാക്കാൻ കഴിയുന്ന ലോകത്തിന്റെ  ആശുപത്രിയായി  ഇന്ത്യ മാറുമെന്നും മന്ത്രി പറഞ്ഞു.  ആധുനിക സാങ്കേതികവിദ്യ ആർജ്ജിക്കുന്നതിലും ആരോഗ്യ ഉപകരണങ്ങളുടെ  ആഗോള വ്യാപാരത്തിൽ നമ്മുടെ സ്ഥാനം ഉറപ്പുവരുത്തുന്നതിലും മെഡിക്കൽ ഉപകരണ വ്യവസായം മുൻപന്തിയിലെത്തും. അന്താരാഷ്ട്ര തലത്തിൽ ആശുപത്രികൾ തമ്മിലുള്ള  ആഗോള ഇടപെടലിനും രാജ്യത്തിന്റെ മുന്നേറ്റം വഴിയൊരുക്കും .

****



(Release ID: 1647354) Visitor Counter : 186