ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

'ആത്മനിര്‍ഭര്‍ ഭാരതു''മായി ഇന്ത്യയുടെ മുന്നേറ്റം


ഒരു മാസത്തിനുള്ളില്‍ 23 ലക്ഷം പി.പി.ഇകള്‍ കയറ്റുമതിചെയ്ത് ആഗോളതലത്തില്‍ സ്ഥാനമുറപ്പിച്ചു

1.28 കോടി പി.പി.ഇകള്‍ സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് വിതരണം ചെയ്തു

Posted On: 14 AUG 2020 2:52PM by PIB Thiruvananthpuram

 

കോവിഡ് 19 നിയന്ത്രണത്തിനായി സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുമായി കൈകോര്‍ത്തു ഫലപ്രദമായ നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നത്. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മഹാമാരിയുടെ തുടക്കത്തില്‍ എന്‍ 95 മാസ്‌കുകള്‍, പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാവിധ ചികിത്സാ ഉപകരണങ്ങള്‍ക്കും ആഗോളതലത്തില്‍ ക്ഷാമം നേരിട്ടിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയും ഇവ ഇറക്കുമതി ചെയ്തിരുന്നത്.  വര്‍ധിച്ചുവരുന്ന ആവശ്യകത ആഗോളവിപണിയില്‍ ഇതിന്റെ ലഭ്യതക്കുറവിനും ഇടയാക്കി.

മഹാമാരിയെ അവസരമാക്കിമാറ്റി ആഭ്യന്തരവിപണിയില്‍ ഇന്ത്യ ചികിത്സാ ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ടെക്സ്‌റ്റൈല്‍സ് മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ് മന്ത്രാലയം, വ്യവസായ- ആഭ്യന്തരവ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി), ഡിആര്‍ഡിഒ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇതു സാധ്യമാക്കിയത്.

ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ദ്ധിച്ചതും ആഭ്യന്തര ആവശ്യങ്ങള്‍ക്കു വേണ്ടതിലും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും കണക്കിലെടുത്ത്, 2020 ജൂലൈയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനപ്രകാരം (നോട്ടിഫിക്കേഷന്‍ നമ്പര്‍ 16/2015-20, 2020 ജൂണ്‍ 29) പി.പി.ഇകളുടെ കയറ്റുമതിക്ക് അനുമതി നല്‍കി. തുടര്‍ന്ന് ജൂലൈ മാസത്തില്‍ തന്നെ ഇന്ത്യ 23 ലക്ഷം പി.പി.ഇകള്‍ അഞ്ച് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. യു.എസ്.എ, യു.കെ, യു.എ.ഇ, സെനഗല്‍, സ്ലൊവേനിയ എന്നീ രാജ്യങ്ങളിലേയ്ക്കായിരുന്നു കയറ്റുമതി. പി.പി.ഇകളുടെ ആഗോള കയറ്റുമതി വിപണിയില്‍ വലിയൊരു പങ്കുവഹിക്കാന്‍ ഇത് ഇന്ത്യയെ ഗണ്യമായി സഹായിച്ചു.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി ''മെയ്ക്ക് ഇന്‍ ഇന്ത്യ'' നയത്തോടനുബന്ധിച്ച് പി.പി.ഇകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ ഉപകരണങ്ങളുടെ നിര്‍മാണം രാജ്യത്തിനു നവോന്മേഷം പകരുകയും സ്വയംപര്യാപ്തതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.  കേന്ദ്രഗവണ്‍മെന്റ് വിവിധ സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ക്കും പിപിഇ, എന്‍ 95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്. 2020 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ തന്നെ തദ്ദേശീയമായി നിര്‍മ്മിച്ച 1.40 കോടി പി.പി.ഇകള്‍ സംഭരിച്ചിട്ടുണ്ട്. ഈകാലയളവില്‍ 1.28 കോടി പി.പി.ഇകളാണ് സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക്/കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് കേന്ദ്രഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്തത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
****


(Release ID: 1645847) Visitor Counter : 253