പ്രധാനമന്ത്രിയുടെ ഓഫീസ്
അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന അവസരത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
Posted On:
05 AUG 2020 3:37PM by PIB Thiruvananthpuram
സിയാവര്‍ രാമചന്ദ്ര കി ജയ്!
ഭഗവാന്‍ രാമന്‍ ആശിര്‍വദിക്കട്ടെ!
സിയാവര്‍ രാമചന്ദ്ര കി ജയ്!
ഭഗവാന്‍ രാമന്‍ ആശിര്‍വദിക്കട്ടെ! ഭഗവാന്‍ രാമന്‍ ആശിര്‍വദിക്കട്ടെ! ഭഗവാന്‍ രാമന്‍ ആശിര്‍വദിക്കട്ടെ!
ജയ് സിയാറാം! ജയ് സിയാറാം! ജയ് സിയാറാം!
ഇന്ന് ഈ ആഹ്വാനം മുഴങ്ങുന്നത് ഭഗവാന്‍ രാമന്റെ നഗരമായ അയോദ്ധ്യയില്‍ മാത്രമല്ല, അതിന്റെ അനുരണങ്ങള്‍ ഭൂമിയില്‍ അങ്ങോളമിങ്ങോളം അനുഭവപ്പെടുകയാണ്. ഭഗവാന്‍ രാമനില്‍ അടിയുറച്ച വിശ്വസിക്കുന്നവര്‍ക്കും എന്റെ സഹരാജ്യവാസികള്‍ക്കും ഭൂഖണ്ഡങ്ങളില്‍ അങ്ങോളമിങ്ങോളുളള കോടിക്കണക്കിന് ഇന്ത്യന്‍ ദേശവാസികള്‍ക്കും ഈ മഹത്തായ അവസരത്തില്‍ ഞാന്‍ എന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണ്.
വേദിയിലുള്ള ശ്രേഷ്ഠരായ വിശിഷ്ടാതിഥികള്‍ക്ക്, ഉര്‍ജ്ജസ്വലനും ഉല്‍സാഹിയും ആദരണീയനുമായ യു.പി. മുഖ്യമന്ത്രി ശ്രീമാന്‍ യോഗി ആദിത്യനാഥ്, യു.പി. ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, പരമപൂജനീയ മഹന്ത് നൃത്യ ഗോപാല്‍ദാസ് ജി മഹാരാജ്, നമുക്കു പ്രിയപ്പെട്ട ആദരണീയനായ ശ്രീ. മോഹന്‍ റാവു ഭാഗവത്ജി, മഹാത്മാക്കളും പണ്ഡിതരുമായ സന്ന്യാസിവര്യന്മാരെ, ഗുരുക്കളെ, രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്ന സന്യാസത്തിന്റെ പ്രതീകങ്ങളെ, എന്റെ സഹ ഇന്ത്യാക്കാരെ, എന്റെ അഭിവാദ്യങ്ങള്‍.
ഈ പുണ്യവും ചരിത്രപരവുമായ അവസരത്തിലേക്ക് ക്ഷണിച്ചതിന് ശ്രീ രാമജന്മഭൂമി ട്രസ്റ്റിനോട് എനിക്ക് വളരെയധികം കൃതജ്ഞയുണ്ട്. ഈ ബഹുമതിക്ക് ഞാന്‍ ട്രസ്റ്റിനോട് അഗാധമായി കടപ്പെട്ടിരിക്കുന്നു. '' राम काजु कीन्हे बिनु मोहि कहाँ बिश्राम॥ (രാം കാജു കീന്‍ഹേ ബിനു മോഹി കഹാം വിശ്രാം)'' അതായത് ''എന്തൊക്കെയായാലും ഭഗവാന്‍ രാമന്‍ നിശ്ചയിച്ചു തന്ന ജോലി തീര്‍ക്കാതെ ഞാന്‍ എങ്ങനെ വിശ്രമിക്കും'' എന്ന് നമ്മള്‍ എപ്പോഴും പറയുന്നതുപോലെ തീര്‍ച്ചയായും ഇത് നഷ്ടപ്പെടാനുള്ള ഒരു അവസരമല്ല.
പുണ്യനദിയായ സരയുവിന്റെ തീരത്ത് ശക്തനായ ഭഗവാന്‍ ഭാസ്‌ക്കരന്റെ ആശീര്‍വാദത്തോടെ ഒരു സുവര്‍ണ്ണചരിത്ര നിമിഷത്തിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. കന്യാകുമാരി മുതല്‍ ക്ഷീര ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യ വരെ ജഗന്നാഥ് മുതല്‍ കേദാര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വിശ്വനാഥ് വരെ, സമേത്ശിഖര്‍ മുതല്‍ ശ്രാവണബലഗോള വരെ ബുദ്ധഗയ മുതല്‍ സാരാനാഥ് വരെ, അമൃത്സര്‍ മുതല്‍ പാട്നാ സാഹിബ് വരെ, ആന്‍ഡമാന്‍ മുതല്‍ അജ്മീര്‍ വരെ, ലക്ഷദ്വീപ് മുതല്‍ ലേ വരെ; ഇന്ത്യയുടെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഭഗവാന്‍ രാമന്‍ വ്യാപിച്ചിരിക്കുകയാണ്!
രാജ്യമാകെ ഹര്‍ഷോന്‍മാദത്തിലും ഓരോ ഹൃദയങ്ങളും ജ്ഞാനോദയത്തിലുമാണ്. ദീര്‍ഘകാലമായി കാത്തിരുന്ന ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നതിലും ചരിത്രത്തിന്റെ ഭാഗമാകുന്നതിലും രാജ്യമാകെ വികാരത്തള്ളിച്ചയാല്‍ ആമഗ്‌നമായിരിക്കുകയാണ്.
നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുകയാണ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതകാലത്ത് ഈ മഹത്തായ അവസരത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
മഹതികളെ, മഹാന്മാരെ, വിശിഷ്ടാതിഥികളെ, പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന താല്‍ക്കാലിക ഷെഡില്‍ നിന്നും മേലാപ്പില്‍ നിന്നും ഭഗവാന്‍ രാമന്റെ പ്രതിഷ്ഠയ്ക്ക് ഒരു ശരിയായ ക്ഷേത്രം നല്‍കുന്നതിനുള്ള സമയം ആഗതമായിരിക്കുന്നു. നമ്മുടെ ഭഗവാന്‍ രാമന് വേണ്ടി ഒരു മഹത്തായ ക്ഷേത്രം ഇനി നിര്‍മ്മിക്കും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നശീകരണത്തില്‍നിന്നും പുനരുദ്ധാരണത്തിലും നിന്ന് രാമജന്മഭൂമി ഇപ്പോള്‍ സ്വതന്ത്രമായിരിക്കുകയാണ്. ഒരിക്കല്‍ കൂടി എന്നോടൊപ്പം ഭഗവാന്‍ രാമന്‍ ആശിര്‍വദിക്കട്ടെ ഭഗവാന്‍ രാമന്‍ ആശിര്‍വദിക്കട്ടെ എന്നു ഭജിക്കുക.
സുഹൃത്തുക്കളെ, നിരവധി തലമുറകള്‍ അവരെ പൂര്‍ണ്ണമായും നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിനായി സമര്‍പ്പിച്ചു. അടിമത്തത്തിന്റെ ഒരു കാലമുണ്ടായിരുന്നില്ലെങ്കില്‍ അവിടെ സ്വാന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം ചെയ്യാത്ത ഒരു സ്ഥലവും നമ്മുടെ രാജ്യത്തില്ല. ഓഗസ്റ്റ് 15 സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ ലക്ഷക്കണക്കിന് ആളുകളുടെ ത്യാഗത്തിന്റെയും തീവ്രാഭിലാഷത്തിന്റെയും സാക്ഷാത്കാരമാണ്.
അതുപോലെ നിരവധി തലമുറകള്‍ നിരവധി നൂറ്റാണ്ടുകളിലായി രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി നിസ്വാര്‍ത്ഥമായ ത്യാഗങ്ങള്‍ അനുഷ്ഠിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ തപസ്സിന്റെയും ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പര്യവസാനമാണ് ഇന്ന് അടയാളപ്പെടുത്തുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടിയുള്ള സംഘടിതപ്രവര്‍ത്തനങ്ങളില്‍ ത്യാഗവും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരുന്നു, അവരുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ഇന്ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. രാമക്ഷേത്രത്തിന് അടിത്തറയിടുന്നതിലേക്ക് നയിച്ച അവരുടെ ത്യാഗത്തിന് മുന്നില്‍ 130 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍, അഭിവാദ്യമര്‍പ്പിക്കുകയും തലകുനിക്കുകയും ചെയ്യുന്നു. ഇന്ന് പ്രപഞ്ചത്തിന്റെ എല്ലാ ശക്തികളും, രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി ത്യാഗമനുഷ്ഠിച്ച എല്ലാവരും, ഈ പരിപാടി കാണുന്നുണ്ട്. അവരെല്ലാവരും വളരെ സന്തോഷവാന്മാരായി ഈ അവസരത്തെ ആനുഗ്രഹിക്കുകയുമാണ്.
സുഹൃത്തുക്കളെ, ഭഗവാന്‍ രാമന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. എപ്പോഴാണോ നാം എതെങ്കിലും പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നത് അപ്പോഴൊക്കെ നാം പ്രചോദനത്തിനായി ഭഗവാന്‍ രാമനെ നോക്കാറുണ്ട്. ഭഗവാന്‍ രാമന്റെ അസാധാരണമായ ശക്തി നോക്കുക. കെട്ടിടങ്ങള്‍ തകര്‍ന്നുവീണു, നിലനില്‍പ്പ് തുടച്ചുനീക്കാന്‍ എല്ലാവിധ നീക്കങ്ങളും ഉണ്ടായി.....എന്നാല്‍ ഭഗവാന്‍ രാമന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. നമ്മുടെ സംസ്‌ക്കാരത്തിന്റെ അടിത്തറയാണ് ഭഗവാന്‍ രാമന്‍; അദ്ദേഹം ഇന്ത്യയുടെ ശ്രേഷ്ഠതയാണ്. അദ്ദേഹം ശ്രേഷ്ഠതയുടെ മൂര്‍ത്തീഭാവമാണ്. ഈ ശോഭയോടെയാണ് ശ്രീരാമന്റെ മഹത്തായ ക്ഷേത്രത്തിനുള്ള 'ഭൂമിപൂജ' ചടങ്ങ് നടക്കുന്നത്.
ഇവിടെ വരുന്നതിന് മുമ്പ് ഞാന്‍ ഹനുമാന്‍ഗ്രഹിയില്‍ സന്ദര്‍ശനം നടത്തി. ഹനുമാന്‍ജി ഭഗവാന്‍ രാമന്റെ പ്രവൃത്തികളെ സംരക്ഷിച്ചുകൊള്ളും.
ഈ കലിയുഗത്തില്‍ ഭഗവാന്‍ രാമന്റെ ആദര്‍ശങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഹനുമാന്‍ജിക്കാണ്. ശ്രീ രാമജന്മഭൂമിയിലെ നിലമൊരുക്കല്‍ (ഭൂമിപൂജ) ചടങ്ങുകള്‍ ആരംഭിച്ചത് ഹനുമാന്റെ ആശിര്‍വാദത്തോടെയാണ്.
ശ്രീ രാമക്ഷേതംനമ്മുടെ സംസ്‌ക്കാരത്തിന്റെ ആധുനിക ചിഹ്നമായിരിക്കും, ആധുനികം എന്ന വാക്ക് ഞാന്‍ ബോധപൂര്‍വ്വം തന്നെയാണ് ഉപയോഗിക്കുന്നത്. അത് നമ്മുടെ സനാതനമായ പ്രതീക്ഷകളെ പ്രതീകവല്‍ക്കരിക്കും. അത് നമ്മുടെ ദേശീയ വികാരങ്ങളുടെ സാരാംശമായിരിക്കും. ഈ ക്ഷേത്രം ലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയുടെ അടയാളമായിരിക്കും. ഈ ദേവാലയം ഭാവിതലമുറകളുടെ മനസില്‍ പ്രതീക്ഷ, ആരാധന, നിശ്ചയദാര്‍ഢ്യം എന്നിവയ്ക്ക് പ്രചോദനമാകും..
ഈ ദേവാലയം നിര്‍മ്മിച്ചുകഴിഞ്ഞാല്‍ അയോദ്ധ്യയുടെ മഹത്ത്വം പതിന്മടങ്ങാകുകയും ഈ മേഖലയിലെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും വലിയ പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്യും. എല്ലാ മേഖലകളിലും പുതിയ വേദികളും പുതിയ അവസരങ്ങളും ഉണ്ടാകും. ലോകത്തെങ്ങുമുള്ള ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. ലോകമാകെ ഭഗവാന്‍ രാമന്റെയും ദേവി സീതയുടെയും ദര്‍ശനത്തിനായി ഇവിടെ വരും. എത്ര വേഗത്തിലായിരിക്കും ഇവിടെ കാര്യങ്ങള്‍ പരിവര്‍ത്തനപ്പെടുക!
സഹ ചങ്ങാതിമാരെ, രാജ്യത്തെയാകെ ഐക്യപ്പെടുത്തുകയാണ് ശ്രീ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ദൗത്യം. വിശ്വാസത്തെ യാഥാര്‍ത്ഥ്യവുമായും മനുഷ്യനെ പരമദൈവവുമായും മാനവരാശിയെ ദൃഢവിശ്വാസവുമായും വര്‍ത്തമാനകാലത്തെ ഭൂതകാലവുമായും സ്വത്വത്തെ ധര്‍മ്മചിന്തയുമായും ഐക്യപ്പെടുത്തുന്നതിനുള്ള അവസരമാണ് ഈ ആഘോഷം.
ഇന്നത്തെ ഈ ചരിത്ര നിമിഷം വര്‍ഷങ്ങളോളം ആഗോളതലത്തില്‍ അങ്ങോളമിങ്ങോളം ഓര്‍ക്കപ്പെടുകയും അത് രാജ്യത്തിന് പ്രശംസ നേടിത്തരികയും ചെയ്യും. നിശ്ചയദാര്‍ഢ്യമുള്ള ലക്ഷക്കണക്കിന് രാമ ഭക്തരുടെ സത്യസന്ധതയുടെ തെളിവാണ് ഈ ദിവസം.
നിയമം അനുസരിക്കുന്ന ഇന്ത്യയില്‍ നിന്ന് സത്യത്തിനും അഹിംസയ്ക്കും വിശ്വാസത്തിനും ത്യാഗത്തിനും ലഭിക്കുന്ന സവിശേഷമായ ഒരു സമ്മാനമാണ് ഈ ദിവസം.
കൊറോണാ മഹാമാരി സൃഷ്ടിച്ച പ്രത്യേക സാഹചര്യം മാനിച്ചുകൊണ്ട് ഭൂമിപൂജാ ചടങ്ങ് തീര്‍ത്തും ഔചിത്യപൂര്‍ണമായാണു സംഘടിപ്പിച്ചിരിക്കുന്നത്. ഭഗവാന്‍ രാമനുമായി ബന്ധപ്പെട്ട ഏത് പ്രവൃത്തിയിലും അര്‍ഹമായ ഔചിത്യം രാജ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് കൃത്യമായ ഉദാഹരണം ഇന്നു നല്‍കുകയും ചെയ്തു.
സുപ്രീംകോടതി ചരിത്രപരമായ വിധി പ്രഖ്യാപിച്ചപ്പോഴും നമ്മള്‍ ഇതേതരത്തിലുള്ള അച്ചടക്കം പ്രകടിപ്പിച്ചു. എല്ലാവരുടെയും വികാരങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ട് രാജ്യമാകെ ആ തീരുമാനം സമാധാനപരമായും ആദരവോടെയും സ്വീകരിച്ചു. ഇന്നുപോലും നാം അത്തരത്തിലുള്ള സമാധാനപരമായ പെരുമാറ്റമാണ് അനുഭവിക്കുന്നത്.
സഹപ്രവര്‍ത്തകരെ, ഈ ക്ഷേത്രം ശരിയായ സ്ഥലത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ ഒരു പുതിയ ചരിത്രം രചിക്കുക മാത്രമല്ല, ചരിത്രം ആവര്‍ത്തിക്കപ്പെടുക തന്നെയാണ്.
ഭഗവാന്‍ രാമന്റെ വിജയത്തില്‍ ഒരു അണ്ണാനും കുരങ്ങുകളും അതോടൊപ്പം ഒരു കടത്തുകാരനും വനത്തില്‍ താമസിക്കുന്നവരും സുപ്രധാനമായ പങ്കാണ് വഹിച്ചത്. ഗോവര്‍ദ്ധനഗിരി ഉയര്‍ത്താന്‍ കന്നുകാലി മേയ്ക്കുന്നവര്‍ ശ്രീ കൃഷ്ണനെ സഹായിച്ചതുപോലെ.
സ്വരാജ് സ്ഥാപിക്കുന്നതിനുള്ള ഛത്രപതി ശിവജി വിജയങ്ങളില്‍ മാവലേ പ്രധാനമായിരുന്നതുപോലെ;
വൈദേശിക അധിനിവേശ ശക്തികള്‍ക്കെതിരെ മഹാരാജാ സുഹല്‍ദേവ് നടത്തിയ പോരാട്ടത്തില്‍ പാവപ്പെട്ടവരും പിന്നോക്കക്കാരുമായ ജനവിഭാഗങ്ങള്‍ സുപ്രധാന പങ്കു വഹിച്ചതുപോലെ;
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഗാന്ധിജിയുടെ പോരാട്ടത്തിനെ ദളിതരും താഴേക്കിടയിലുള്ളവരും ഗിരിവര്‍ഗ്ഗക്കാരും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പിന്തുണച്ചതുപോലെ ധര്‍രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ധാര്‍മിക ദൗത്യം ഇന്ന് ആരംഭിക്കുന്നത് ഇന്ത്യന്‍ ജനതയുടെ പിന്തുണയോടെയാണ്.
ശ്രീരാമന്റെ പേരുകള്‍ കൊത്തിവച്ച കല്ലുകള്‍ കൊണ്ട് രാമസേതു നിര്‍മ്മിച്ചതുപോലെ ഓരോ കുടുംബത്തില്‍ നിന്നും ഗ്രാമത്തില്‍ നിന്നും തപസ്സോടും ഭക്തിയോടുംകൂടി കൊണ്ടുവന്ന പാറകളാണ് ഇവിടെ ഊര്‍ജ സ്രോതസായത്.
രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രധാനപ്പെട്ട എല്ലാ മതകേന്ദ്രങ്ങളില്‍ നിന്നും പുണ്യനദികളില്‍ നിന്നും കൊണ്ടുവന്ന പുണ്യംനിറഞ്ഞ മണ്ണും വെള്ളവുംവഴി ആ പ്രദേശങ്ങളുടെ സംസ്‌ക്കാരവും ഊര്‍ജ്ജവും ഇന്ന് ഇവിടെ സവിശേഷമായ കരുത്തായി മാറി.
തീര്‍ച്ചയായും അത് न भूतो न भविष्यति। എന്ന ചൊല്ലിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.
ഇന്ത്യയുടെ ഈ സമര്‍പ്പണവും ഇന്ത്യന്‍ ജനതയുടെ ഈ ഐക്യവും ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയായ ഐക്യവുമാണ് ലോകം പഠിക്കുകയും അവലോകനം നടത്തുകയും ചെയ്യേണ്ട ചില കാര്യങ്ങളാണ്.
സുഹൃത്തുക്കളെ,
ശ്രീരാമചന്ദ്രന്റെ ചുറുചുറുക്കിനെ സൂര്യനുമായാണ് താരതമ്യം ചെയ്യുന്നത്; ക്ഷമിക്കാനുള്ള അദ്ദേഹത്തിന്റെ പ്രകൃതത്തെ ഭൂമിയുമായും താരതമ്യം ചെയ്യാം, അദ്ദേഹത്തിന്റെ ജ്ഞാനം ബൃഹസ്പതിക്ക് തുല്യമായാണ് പരിഗണിക്കുന്നത്, യശസില്‍ അദ്ദേഹത്തെ ഇന്ദ്രന് തുല്യനായും കണക്കാക്കപ്പെടുന്നു.
അചഞ്ചലമായ സത്യത്തിന്റെയും സത്യസന്ധതയുടെയും സംഗ്രഹമാണ് ഭഗവാന്‍ രാമന്റെ പ്രകൃതം. അതുകൊണ്ടുതന്നെ ഭഗവാന്‍ രാമന്‍ പരിപൂര്‍ണ്ണനായി കണക്കാക്കപ്പെടുന്നു.
അതുകൊണ്ടാണ് ആയിരക്കണക്കിന് വര്‍ഷമായി അദ്ദേഹം ഇന്ത്യയുടെ പ്രചോദനത്തിന്റെ സ്രോതസ്സായി നിലകൊള്ളുന്നത്. ഭഗവാന്‍ രാമന്‍ തന്റെ ഭരണത്തിന്റെ ആണിക്കല്ല് സാമൂഹിക ഐക്യമാക്കി.
അദ്ദേഹം ഗുരു വസിഷ്ഠനില്‍ നിന്ന് അറിവും കേവത്തില്‍ നിന്നും സ്നേഹവും ശബരിയില്‍ നിന്ന് മാതൃതുല്യമായ വാത്സല്യവും ഹനുമാന്‍ജിയില്‍ നിന്നും വനവാസികളില്‍ നിന്നും പിന്തുണയും സഹകരണവും ജനങ്ങളില്‍ നിന്ന് ആത്മവിശ്വാസവും സ്വന്തമാക്കി.
വാസ്തവത്തില്‍ അണ്ണാന്റെ സവിശേഷ പ്രാധാന്യം വലിയ ആഹ്ളാദത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ അത്ഭുതകരമായ വ്യക്തിത്വം, അദ്ദേഹത്തിന്റെ ധീരത, മഹാമനസ്‌കത, സ്വഭാവദാര്‍ഢ്യം, ക്ഷമ, കാഴ്ചപ്പാട്, തത്വജ്ഞാനപരമായ വീക്ഷണം എന്നിവ വരാനിരിക്കുന്ന നിരവധി തലമുറകളെ പ്രചോദിപ്പിക്കും.
പ്രജകളെയെല്ലാം തുല്യമായി സ്‌നേഹിച്ചിരുന്നെങ്കിലും പാവപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും രാമന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ സീതാ മാതാവ് രാംജിക്ക് വേണ്ടി
दीन दयाल बिरिदु संभारी। പറയുമായിരുന്നു.
അതയായത് രാമന്‍ പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്തുണയേകുന്നു എന്ന്.
ഒരാളുടെയും ജീവിതത്തില്‍ ഭഗവാന്‍ രാമന്റെ പ്രേരണ സ്വാധീനിച്ചിട്ടില്ലാത്ത ഒരു അംശവുമില്ല. ഭഗവാന്‍ രാമന്‍ പ്രതിഫലിക്കാത്ത ഒരു ഇടവും ഇന്ത്യയില്‍ ഉണ്ടാവില്ല.
ഇന്ത്യയുടെ വിശ്വാസത്തില്‍ രാമനുണ്ട്, ഇന്ത്യയുടെ ആശയങ്ങളില്‍ രാമനുണ്ട്, ഇന്ത്യയുടെ ദൈവികതയില്‍ രാമനുണ്ട്; ഇന്ത്യയുടെ തത്വശാസ്ത്രത്തിലാണ് രാമന്‍ കുടികൊള്ളുന്നത്!
വാല്‍മീകിയുടെ രാമായണത്തില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെ ആയിരിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൗരാണിക ഇന്ത്യയുടെ പ്രചോദനമായിരുന്ന രാമന്‍ തുളസി, കബീര്‍, നാനാക്ക് എന്നിവരിലൂടെ മദ്ധ്യകാലഘട്ടത്തില്‍ ഇന്ത്യയെ പ്രചോദിപ്പിച്ചിരുന്നു. അതേ രാമനാണ് അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും രൂപത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ബാപ്പുഭജനുകളില്‍ പ്രകടമായിരുന്നത്.
തുളസിയുടെ രാമന്‍ സ്വരൂപത്തോടെ (സഗുണ്‍) ആയിരുന്നെങ്കില്‍ നാനാക്കിന്റെയും കബീറിന്റെയും രാമന്‍ സ്വരൂപമില്ലാത്തതാണ്(നിര്‍ഗുണ്‍).
ഭഗവാന്‍ ബുദ്ധനും രാമനുമായി ബന്ധപ്പെട്ടിരുന്നു. അതേസമയം ഈ അയോദ്ധ്യാ നഗരം നൂറ്റാണ്ടുകള്‍ ജൈനമതത്തിന്റെ കേന്ദ്രവുമായിരുന്നു. ഇതാണ് രാമന്റെ സര്‍വവ്യാപ്തി, ഇത് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.
തമിഴില്‍ നമുക്ക് കമ്പരാമായണമുണ്ട്. അതേസമയം തെലുങ്കില്‍ രഘുനാഥ്, രംഗനാഥ് രാമായണങ്ങളുണ്ട്.
ഒഡിയയില്‍ നമുക്ക് റുപാഡ്-കത്തേര്‍പാഡി രാമായണമുണ്ട്, അതേസമയം കന്നടയില്‍ കുമുദേന്ദു രാമായണമുണ്ട്. കാശ്മീരില്‍ രാമാവതാര്‍ ചരിത്രം നിങ്ങള്‍ക്ക് കാണാകാനാകും. അതേസമയം മലയാളത്തില്‍ രാമചരിതവും ഉണ്ട്.
ബംഗാളിയില്‍ നമുക്ക് കീര്‍ത്തിബാസ് രാമായണമുണ്ട്, അതേസമയം ഗുരഗോബിന്ദ് സിംഗ് തന്നെ ഗോബിന്ദ് രാമായണം എഴുതിയിട്ടുണ്ട്.
വിവിധ രാമായണങ്ങളില്‍ നിങ്ങള്‍ക്ക് രാമനെ വ്യത്യസ്ത രൂപങ്ങളില്‍ കാണാന്‍ കഴിയും, എന്നാല്‍ രാമന്‍ എല്ലായിടത്തുമുണ്ട്, രാമന്‍ എല്ലാവര്‍ക്കും വേണ്ടിയുമാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിനെ ബന്ധിപ്പിക്കുന്ന കണ്ണി രാമനാകുന്നത്.
സുഹൃത്തുക്കളെ, നിരവധി രാജ്യങ്ങള്‍ ഭഗവാന്‍ രാമനെ വണങ്ങുകയാണ്, അവരുടെ പൗരന്മാര്‍ തങ്ങള്‍ ഭഗവാന്‍ രാമനുമായി ബന്ധപ്പെട്ടവരാണെന്ന് സ്വയം വിശ്വസിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. എന്നാല്‍ അവര്‍ക്ക് നമ്മുടെ രാജ്യത്തിലേതുപോലെ രാമായണത്തിന്റെ നിരവധി സവിശേഷമായ പതിപ്പുകളുണ്ട്. അതായത് കാകാവിന്‍ രാമായണം, സ്വര്‍ണ്ണദ്വീപ് രാമായണം, യോഗേശ്വര്‍ രാമായണം എന്നിങ്ങനെ. ഭഗവാന്‍ രാമനെ ഭയഭക്തിയോടെ ഇന്നും ആരാധിക്കുന്നുണ്ട്.
കംബോഡിയയില്‍ 'രാംകര്‍ രാമയണ'മുണ്ട്, 'ഫ്രാ ലാക് ഫ്രാ ലാം രാമയണ' ലാവോയിലും 'ഹികായത് സേരി രാം' മലേഷ്യയിലും 'രാമകേന്‍' തായ്ലന്‍ഡിലും ഉണ്ട്.
ചൈനയിലും ഇറാനിലുംപോലും നിങ്ങള്‍ക്ക് ഭഗവാന്‍ രാമനെക്കുറിച്ചുള്ള വിവരണങ്ങളും രാമകഥയും കാണാന്‍ കഴിയും.
ശ്രീലങ്കയില്‍ രാമായണ കഥ 'ജാനകി ഹരണ' അതായത് ജാനകിയെ അപഹരിച്ചുകൊണ്ടുപോയത് എന്ന പേരില്‍ പഠിപ്പിക്കുകയും പാടുകയും ചെയ്യുന്നുണ്ട്. മാതാ ജാനകിയിലൂടെ നേപ്പാള്‍ ഭഗവാന്‍ രാമനുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്.
തങ്ങളുടെ വിശ്വാസം അല്ലെങ്കില്‍ പൂര്‍വ്വീകത കൊണ്ട് നിരവധി രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഭഗവാന്‍ രാമനെ ആരാധിക്കുന്നുണ്ട്.
ഇന്ന് ഇന്ത്യക്ക് പുറത്ത് നിരവധി രാജ്യങ്ങളില്‍ അവരുടെ പാരമ്പര്യങ്ങളില്‍ രാമകഥ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുണ്ട്.
ഭഗവാന്‍ രാമന്റെ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് തുടക്കം കുറിക്കുന്ന ഈ അവസരത്തില്‍ ആ രാജ്യങ്ങളിലെ ജനങ്ങളും സന്തോഷവാന്‍മാരായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
എല്ലാറ്റിനും ഉപരിയായി ഭഗവാന്‍ രാമന്‍ എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാത്തിലും കുടികൊള്ളുന്നു.
സുഹൃത്തുക്കളെ, ഭഗവാന്‍ രാമനെപ്പോലെ തന്നെ നല്ലതായ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിന്റെ സൂചികയായിരിക്കും അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന ഈ മഹത്തായ ക്ഷേത്രം എന്ന് എനിക്കുറപ്പുണ്ട്.
ഇവിടെ നിര്‍മ്മിക്കപ്പെടുന്ന രാമക്ഷേത്രം വരാനിരിക്കുന്ന നിരവധി വര്‍ഷങ്ങളിലും മുഴുവന്‍ മാനവകുലത്തെയും പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഭഗവാന്‍ രാമന്റെ, രാമക്ഷേത്രത്തിന്റെ, ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള നമ്മുടെ പാരമ്പര്യത്തിന്റെ, സന്ദേശം വരാനിരിക്കുന്ന വര്‍ഷങ്ങളിലും ലോകമാകെ പരത്തുമെന്നത് നാം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
അതിനായി ലോകത്തെ നമ്മുടെ അറിവുകളും നമ്മുടെ ജീവിതരീതികളുമായി സുപരിചിതമാക്കുകയെന്നത് ഇപ്പോഴത്തെയൂം ഭാവിതലമുറകളുടെയും ഉത്തരവാദിത്തമാണ്.
ഇത് മനസ്സില്‍ വച്ചുകൊണ്ടാണ് രാമന്റെ പുണ്യപാത പിന്തുടര്‍ന്നുകൊണ്ട് രാജ്യത്ത് 'രാമ സര്‍ക്യൂട്ട്'സൃഷ്ടിച്ചത്.
അയോദ്ധ്യ ഭഗവാന്‍ രാമന്റെ നഗരം തന്നെയാണ്. ഭഗവാന്‍ രാമന്‍ തന്നെ അയോദ്ധ്യയുടെ മഹത്വം വിശദീകരിച്ചിട്ടുണ്ട്.
“जन्मभूमि मम पूरी सुहावनि।।“ അതായത് "എന്റെ ജന്മസ്ഥലമായ അയോദ്ധ്യ അലൗകിക സൗന്ദര്യമുള്ള നഗരമാണ്.''
ഭഗവാന്‍ രാമന്റെ ജന്മസ്ഥലത്തിന്റെ മഹത്വവും വിശുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി ചരിത്രപരമായ പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ, വേദങ്ങളിലും വിശുദ്ധഗ്രന്ഥങ്ങളിലും'' न राम सदृश्यो राजा, प्रतिभ्याम नीतिवान अभूत। -'' എന്നാണ് പറയുന്നത് അതായത്, രാമനെപ്പോലെ ഇത്രയും ധര്‍മ്മനിഷ്ഠനായ മറ്റൊരു ഭരണാധികാരി ലോകത്തെവിടെയും ഉണ്ടായിരുന്നില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്.
''ആരും ദുഃഖിതരായിരിക്കരുത്, ആരും പാവപ്പെട്ടവരായി തുടരരുത്'' എന്ന് ഭഗവാന്‍ രാമന്‍ പഠിപ്പിക്കുന്നു.
സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരും തുല്യരായി സന്തോഷമായിരിക്കണമെന്ന സാമൂഹിക സന്ദേശമാണ് ഭഗവാന്‍ രാമന്‍ നല്‍കുന്നത്.
''കൃഷിക്കാര്‍, കന്നുകാലി മേയ്ക്കുന്നവര്‍ എന്നിവര്‍ എപ്പോഴും സന്തോഷവാന്മാരായിരിക്കണം'' എന്ന സന്ദേശം ഭഗവാന്‍ രാമന്‍ നല്‍കുന്നു.
''വൃദ്ധര്‍, കുട്ടികള്‍, ഡോക്ടര്‍മാര്‍ എന്നിവരെ എല്ലായ്‌പ്പോഴും സംരക്ഷിക്കണം'' എന്നാണ് ഭഗവാന്‍ രാമന്‍ ഉത്തരവിടുന്നത്.
അഭയം തേടുന്നവരെ സംരക്ഷിക്കുകയെന്നത് എല്ലാവരുടെയൂം ഉത്തരവാദിത്തമാണെന്ന് ഭഗവാന്‍ രാമന്‍ ആഹ്വാനം ചെയ്യുന്നു.
''സ്വര്‍ഗ്ഗത്തേക്കാളും ഉയര്‍ന്നതാണ് നമ്മുടെ മാതൃഭൂമി'' എന്നതാണ് ഭഗവാന്‍ രാമന്റെ മുദ്രാവാക്യം.
സഹോദരീ സഹോദരന്മാരെ, ഭഗവാന്‍ രാമന്റെ തത്വശാസ്ത്രം भयबिनु होइ नप्रीति എന്നതായിരുന്നു, അതായത് '' ഭയത്തിന്റെ അസാന്നിദ്ധ്യത്തില്‍ സ്നേഹം ഉണ്ടാവില്ല.''
അതുകൊണ്ട് എത്രത്തോളം ശക്തമായി തുടര്‍ന്നും വളരുന്നുവോ അത്രത്തോളം ഇന്ത്യ സമാധവും സന്തോഷവും ഉള്ളതായിരിക്കും.
ഭഗവാന്‍ രാമന്റെ ഈ നയവും നടപടികളുമാണ് നിരവധി വര്‍ഷങ്ങളായി നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.
ഈ സൂത്രവാക്യങ്ങളും തത്വശാസ്ത്രങ്ങളും പ്രമാണീകരിച്ചുകൊണ്ട് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രാമരാജ്യം വിഭാവനചെയ്തു. ഭഗവാന്‍ രാമന്റെ ജീവിതവും പെരുമാറ്റവുമാണ് ഗാന്ധിജിയുടെ രാമരാജ്യം എന്ന വീക്ഷണത്തെ പ്രചോദിപ്പിച്ചത്.
സുഹൃത്തുക്കളെ; ഭഗവാന്‍ രാമന്‍ തന്നെ देश काल अवसर अनुहारी।बोले बचन बिनित बिचारी എന്നു പറയുന്നുണ്ട് . അതയാത് ''രാമന്‍ കാലത്തിനും ദേശത്തിനും സാഹചര്യത്തിനുമനുസരിച്ച് സംസാരിക്കുന്നു, ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു''.
കാലത്തിനൊപ്പം എങ്ങനെ സഞ്ചരിക്കണമെന്ന് ഭഗവാന്‍ രാമന്‍ നമ്മെ പഠിപ്പിക്കുന്നു.
മാറ്റത്തിന്റെയും ആധുനികതയുടെയും വക്താവാണ് ഭഗവാന്‍ രാമന്‍.
ഭഗവാന്‍ രാമന്റെ ഈ ആശയങ്ങളോടും പ്രചോദനത്തോടും ഇന്ത്യ ഇന്ന് വളരെ ഗഹനതയോടെ മുന്നോട്ടുപോകുകയാണ്.
സുഹൃത്തുക്കളെ, നമ്മുടെ കടമകള്‍ എങ്ങനെ പൂര്‍ത്തീകരിക്കണമെന്ന് ഭഗവാന്‍ രാമന്‍ നമ്മെ പഠിപ്പിക്കുന്നു.
എങ്ങനെയാണ് വെല്ലുവിളികളെ നേരിടേണ്ടതെന്നും എങ്ങനെ അറിവ് ആര്‍ജിക്കണമെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സാഹോദര്യത്തിന്റെയും ഇഷ്ടികകള്‍ കൊണ്ടായിരിക്കണം രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത്.
ഭഗവാന്‍ രാമനില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിക്കുമ്പോഴാണ് മാനവരാശി പുരോഗമിക്കുന്നതെന്നത് നാം മനസില്‍ സൂക്ഷിക്കണം. അതോടൊപ്പം ഭഗവാന്‍ രാമനില്‍ നിന്നും അകന്നുപോകുമ്പോള്‍ അത് നാശത്തിലേക്ക് നയിക്കപ്പെടുന്നുവെന്നതും ഓര്‍ത്തുവയ്ക്കണം.
എല്ലാവരുടെയും വികാരങ്ങളെ നാം ബഹുമാനിക്കണം. നമ്മള്‍ ഒന്നിച്ചുനില്‍ക്കുകയും, ഒന്നിച്ച് പുരോഗമിക്കുകയും, പരസ്പരം വിശ്വസിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
നമ്മുടെ പരിശ്രമങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സഹായത്തോടെ നമുക്ക് ആത്മവിശ്വാസമുള്ളതും സ്വാശ്രയത്വമുള്ളതുമായ ഒരു ഇന്ത്യയെ നമുക്ക് വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.
സുഹൃത്തുക്കളെ, ''നമ്മള്‍ വൈകാന്‍ പാടില്ല, നമ്മള്‍ മുന്നോട്ടു പോകേണ്ടത് ആവശ്യമാണ്'' എന്ന് ഭഗവാന്‍ രാമന്‍ തമിഴ് രാമായണത്തില്‍ പറയുന്നുണ്ട്.
ഇന്നത്തെ ഇന്ത്യയ്ക്കും നമുക്കെല്ലാവര്‍ക്കും വേണ്ടി ഭഗവാന്‍ രാമന് ഇതേ സന്ദേശമാണ് നല്‍കാനുള്ളത്.
നമ്മള്‍ മുന്നോട്ടു സഞ്ചരിക്കുമെന്നതില്‍, നമ്മുടെ രാജ്യം മുന്നോട്ടുപോകുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. വരാനിരിക്കുന്ന വര്‍ഷങ്ങളിലും ഭഗവാന്‍ രാമന്റെ ക്ഷേത്രം തുടര്‍ന്നും മാനവരാശിയെ പ്രചോദിപ്പിച്ചുകൊണ്ടുതന്നെയിരിക്കും.
ഭഗവാന്‍ രാമന്റെ ആത്മനിയന്ത്രണത്തിന്റെ പാതയാണ് ഇന്നത്തെ കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അനിവാര്യമായിത്തീരുന്നത്. നമ്മള്‍ രണ്ടടിയുടെ സുരക്ഷിതദൂരം പരിപാലിക്കുകയും എല്ലായ്പ്പോഴും മുഖാവരണം ധരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
എന്റെ രാജ്യത്തെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സംരക്ഷിക്കണമെന്ന് ഞാന്‍ ഭഗവാന്‍ രാമനോട് പ്രാര്‍ത്ഥിക്കുന്നു.
സീതാ മാതാവും ഭഗവാന്‍ രാമനും തുടര്‍ന്നും അവരുടെ അനുഗ്രഹങ്ങള്‍ എല്ലാവരിലും ചൊരിയട്ടെ.
ഇതോടെ ഞാന്‍ ഒരിക്കല്‍ കൂടി എന്റെ രാജ്യവാസികളെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.
സിയാപതിജി അനുഗ്രഹിക്കട്ടെ! ഭഗവാന്‍ രാമചന്ദ്ര കി ജയ്!
****
(Release ID: 1643771)
Visitor Counter : 271
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada