ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 6.6 ലക്ഷത്തിലധികം സാമ്പിളുകള്‍

Posted On: 04 AUG 2020 7:53PM by PIB Thiruvananthpuram



28 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷത്തിലെ പ്രതിദിന പരിശോധന 140 ല്‍ അധികം

രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍ താഴെയുള്ളത് 28 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍

ന്യൂഡല്‍ഹി, 04 ആഗസ്റ്റ് 2020

രാജ്യത്ത് കോവിഡ് 19 പരിശോധനയുടെ ഭാഗമായി  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചത് 6,61,892 സാമ്പിളുകളാണ്. ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന പരിശോധനയാണിത്. ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2,08,64,750 ആയി ഉയര്‍ത്തി. ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 15,119 ആയും വര്‍ധിച്ചു.
കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി രാജ്യമെമ്പാടും കോവിഡ് 19 ബാധിതരെ അതിവേഗം കണ്ടെത്തുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്യുന്നു. ഐസിഎംആറിന്റെ നൂതനമായ പരിശോധനാരീതികള്‍ രാജ്യത്തെ പരിശോധനാശൃംഖലയ്ക്കു പ്രയോജനകരമാണ്.

''കോവിഡ് -19: പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗനിര്‍ദേശക്കുറിപ്പിലൂടെ സംശയാസ്പദമായ കേസുകളില്‍ സമഗ്ര നിരീക്ഷണം നടത്താന്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുണ്ട്. ദശലക്ഷത്തില്‍ പ്രതിദിനം 140 പരിശോധനകളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ദശലക്ഷത്തില്‍ ദിനംപ്രതി  ശരാശരി 479 പരിശോധനകള്‍ നടത്തുന്നുണ്ട്.
28 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷത്തിലെ പ്രതിദിന പരിശോധന 140ല്‍ അധികമാണ്.

''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയം അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടല്‍ രോഗസ്ഥിരീകരണനിരക്ക് കുറയ്ക്കുന്നു. ഇന്നുവരെ രാജ്യത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.89% ആണ്. 10 ശതമാനത്തില്‍ താഴെ സ്ഥിരീകരണനിരക്കുള്ള 28 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ഉണ്ട്. ഇത് അഞ്ചു ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശഗവണ്‍മെന്റുകളുടെ ശ്രമം.

ദിനംപ്രതി പത്തുലക്ഷം പരിശോധന നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്തു നടക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ 917 ഉം സ്വകാര്യമേഖലയിലെ 439 ഉം ഉള്‍പ്പെടെ രാജ്യത്തിപ്പോള്‍ 1356 ലാബുകളാണുള്ളത്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 691 (ഗവണ്‍മെന്റ്: 420 + സ്വകാര്യമേഖല: 271)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 558 (ഗവണ്‍മെന്റ്: 465 + സ്വകാര്യമേഖല: 93)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 107 (ഗവണ്‍മെന്റ്: 32 + സ്വകാര്യം: 75)

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.



(Release ID: 1643434) Visitor Counter : 178