ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: മന്ത്രിതല യോഗത്തില്‍ അധ്യക്ഷനായി ഡോ. ഹര്‍ഷ് വര്‍ധന്‍



ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ ; ഇത് തുടര്‍ച്ചയായി കുറയുന്നെന്നും ഡോ. ഹര്‍ഷ് വര്‍ധന്‍


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് റെക്കോര്‍ഡ് കോവിഡ് 19 പരിശോധനകള്‍; 6,42,588 എണ്ണം

Posted On: 31 JUL 2020 3:38PM by PIB Thiruvananthpuram

കോവിഡ് -19മായി ബന്ധപ്പെട്ട് മന്ത്രിമാരുടെ 19-ാമത് ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അധ്യക്ഷനായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു യോഗം. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ. ഹര്‍ദീപ് എസ്. പുരി, കേന്ദ്ര ഷിപ്പിങ്, രാസവസ്തു- രാസവള സഹമന്ത്രി ശ്രീ മന്‍സുഖ് ലാല്‍ മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

രാജ്യത്തു കോവിഡ് 19ന്റെ നിലവിലെ അവസ്ഥ മന്ത്രിതലസമിതി വിലയിരുത്തി. ''ദശലക്ഷത്തിലധികം പേര്‍ രോഗമുക്തരാകുക എന്ന നാഴികക്കല്ലു പിന്നിടാന്‍ ഇന്ത്യക്കായി. ഇതിലൂടെ രോഗമുക്തി നിരക്ക് 64.54 ശതമാനമാകുകയും ചെയ്തു. ചികിത്സയിലുള്ളത് ആകെ 33.27 ശതമാനം മാത്രമാണ്. അതായത് ആകെ രോഗികളുടെ മൂന്നിലൊന്നുമാത്രം. രാജ്യത്തെ മരണനിരക്കും ക്രമേണ കുറഞ്ഞ്, നിലവില്‍ ആഗോളതലത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നായ 2.18 ശതമാനത്തില്‍ എത്തി.''- ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
 

''ചികിത്സയിലുള്ളതില്‍ 0.28% മാത്രമാണ് വെന്റിലേറ്ററുകളിലുള്ളത്. 1.61 ശതമാനത്തിന് ഐസിയുവും 2.32 ശതമാനത്തിന് ഓക്‌സിജന്‍ പിന്തുണയും ആവശ്യമാണ്''- നിലവില്‍ ചികിത്സയിലുള്ളവരുടെ അവസ്ഥയെക്കുറിച്ച് ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് പരിശോധനാ സംവിധാനങ്ങളും അതിവേഗം വര്‍ധിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 911 സര്‍ക്കാര്‍ ലാബുകളും 420 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 1331 ലാബുകളുടെ ശൃംഖലയിലൂടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 6,42,588 പരിശോധനകള്‍ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ രാജ്യമെത്തിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.  ഇതുവരെ നടത്തിയ യ പരിശോധനകളുടെ എണ്ണം 1.88 കോടിയിലധികമായി.
 

പിപിഇകള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍, എച്ച്‌സിക്യു പോലുള്ള മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി വിവിധ മേഖലകളിലെ ആഭ്യന്തര ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്ന കാര്യവും മന്ത്രിതല സമിതി വിലയിരുത്തി. ആരോഗ്യശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആകെ 268.25 ലക്ഷം എന്‍ 95 മാസ്‌കുകള്‍, 120.40 ലക്ഷം പിപിഇകള്‍, 1083.77 ലക്ഷം എച്ച്‌സിക്യു ഗുളികകള്‍ എന്നിവ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്തു.
 

രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമാണ്. ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് ഡല്‍ഹിയിലാണ്. 89.08 ശതമാനം. തൊട്ടുപിന്നാലെ ഹരിയാന (79.82 ശതമാനം). ഏറ്റവും കുറഞ്ഞ രോഗമുക്തി നിരക്കുള്ളത് കര്‍ണാടകത്തില്‍ (39.36%) ആണെന്നും മന്ത്രിതലസമിതി വ്യക്തമാക്കി. വിവിധയിടങ്ങളിലെ രോഗബാധയെക്കുറിച്ചു രാജ്യത്തെമ്പാടും നിലനിൽക്കുന്ന സാഹചര്യത്തെപ്പറ്റിയും ഗ്രാമ-നഗര മേഖലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ സാഹചര്യവും മന്ത്രിതല സമിതി വിലയിരുത്തി.

****


 



(Release ID: 1642595) Visitor Counter : 227