പ്രധാനമന്ത്രിയുടെ ഓഫീസ്‌

മണിപ്പൂര്‍ ജലവിതരണ പദ്ധതിക്ക് പ്രധാനമന്ത്രി നാളെ (ജൂലൈ 23ന്) തറക്കല്ലിടും

Posted On: 22 JUL 2020 11:34AM by PIB Thiruvananthpuramമണിപ്പൂര്‍ ജലവിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 ജൂലൈ 23) വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഇംഫാലില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കും.

''എല്ലാ വീട്ടിലും കുടിവെള്ളം'' (ഹര്‍ ഘര്‍ ജല്‍) എന്ന മുദ്രാവാക്യമുയര്‍ത്തി, 2024-ഓടെ രാജ്യത്തെ ഗ്രാമങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ കുടിവെള്ളം ആവശ്യത്തിനു  ലഭ്യമാക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് ജല്‍ ജീവന്‍ ദൗത്യത്തിനു തുടക്കം കുറിച്ചിരുന്നു. മലിനജലം ശുദ്ധമാക്കി പുനരുപയോഗം, ജലസംരക്ഷണം, മഴവെള്ള സംഭരണം തുടങ്ങി വിവിധ നടപടികളും ഈ പദ്ധതിയുടെ ഭാഗമാണ്. ജലത്തോടുള്ള സാമൂഹ്യസമീപനം അടിസ്ഥാനപ്പെടുത്തിയാണ് ജല്‍ ജീവന്‍ ദൗത്യത്തിനു രൂപം നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ-ആശയവിനിമയതലവും ജല്‍ ജീവന്‍ ദൗത്യത്തിന്റെ മുഖ്യ ഘടകമാണ്. ഇത് ജലത്തിനായി 'ജന്‍ ആന്ദോളന്‍' സൃഷ്ടിക്കാനും അതിലൂടെ ജലം എല്ലാവരുടെയും മുഖ്യ പരിഗണനയാക്കാനും ശ്രമിക്കുന്നു.

ഇന്ത്യയില്‍ ഏകദേശം 19 കോടി കുടുംബങ്ങളാണുള്ളത്. ഇതില്‍ 24 ശതമാനത്തിനു മാത്രമാണ് ഗാര്‍ഹിക ശുദ്ധജല ടാപ്പ് കണക്ഷനുകള്‍ (എഫ്എച്ച്ടിസി) ഉള്ളത്. സംസ്ഥാന ഗവണ്‍മെന്റുകള്‍, പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍, പ്രാദേശിക സമൂഹം എന്നിവയുള്‍പ്പെടെയുള്ളവയുടെ പങ്കാളിത്തത്തിലൂടെ 14,33,21,049 കുടുംബങ്ങള്‍ക്ക് എഫ്എച്ച്ടിസി നല്‍കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

1,42,749 കുടുംബങ്ങളുള്ള 1,185 ജനവാസമേഖലകള്‍ക്കായി ഗാര്‍ഹിക ശുദ്ധജല ടാപ്പ് കണക്ഷനുകള്‍ നല്‍കുന്നതിന് ജല്‍ ജീവന്‍ ദൗത്യത്തിനു കീഴില്‍ മണിപ്പൂരിന് കേന്ദ്രഗവണ്മെന്റ് തുക അനുവദിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലാ വികസന വകുപ്പിന്റേതുള്‍പ്പെടെയുള്ള അധിക ധനസഹായ സ്രോതസ്സുകളിലൂടെ ബാക്കിയുള്ള കുടുംബങ്ങള്‍ക്കും മണിപ്പൂര്‍ ഗവണ്‍മെന്റ് കുടിവെള്ളം ഉറപ്പാക്കും.

പുറമെ നിന്നുള്ള ധനസഹായത്തോടുകൂടിയ പദ്ധതിയായ മണിപ്പൂര്‍ ജലവിതരണപദ്ധതിക്കു രൂപംനല്‍കിയത് ഗ്രേറ്റര്‍ ഇംഫാല്‍ പ്ലാനിങ് ഏരിയയില്‍ അവശേഷിക്കുന്ന കുടുംബങ്ങള്‍, 25 പട്ടണങ്ങള്‍, മണിപ്പൂരിലെ 16 ജില്ലകളിലെ 2,80,756 വീടുകള്‍ ഉള്‍ക്കൊള്ളുന്ന 1,731 ജനവാസകേന്ദ്രങ്ങള്‍ എന്നിവയില്‍ കുടിവെള്ള കണക്ഷന്‍ എത്തിക്കുന്നതിനു ലക്ഷ്യമിട്ടാണ്. 2024-ഓടെ 'എല്ലാവീട്ടിലും കുടിവെള്ള'മെന്ന ലക്ഷ്യം കൈവരിക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ മുഖ്യഘടകമാണ് മണിപ്പൂര്‍ ജലവിതരണ പദ്ധതി. ന്യൂ ഡെവലപ്മെന്റ് ബാങ്ക് നല്‍കുന്ന വായ്പയടക്കം 3054.58 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്.


***(Release ID: 1640389) Visitor Counter : 70