ധനകാര്യ മന്ത്രാലയം

സുഗമമായ ഉഭയകക്ഷി വിവര കൈമാറ്റത്തിനായി സി.ബി.ഐ.സി.യും സി.ബി.ഡി.ടി.യും തമ്മിൽ ധാരണാപത്രം ഒപ്പു വച്ചു

Posted On: 21 JUL 2020 12:40PM by PIB Thiruvananthpuram



കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡും (സി.ബി.ഡി.ടി)  കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോർഡും (സി.ബി.ഐ.സി.) തമ്മിൽ  വിവര കൈമാറ്റത്തിനായി ഇന്ന്‌ ഒരു  ധാരണാപത്രം ഒപ്പുവച്ചു.ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സി.ബി.ഡി.ടി. ചെയർമാൻ ശ്രീ പ്രമോദ് ചന്ദ്ര മോഡി, സി.ബി.ഐ.സി. ചെയർമാൻ ശ്രീ എം. അജിത് കുമാർ എന്നിവരാണ്  ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

സി.ബി.ഡി.ടി.യും സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് അഥവാ സി.ബി.ഇ.സി യും തമ്മിൽ 2015 ൽ ഒപ്പുവച്ച നിലവിലുള്ള ധാരണാപത്രം  ഇതോടെ അസാധുവാകും.ചരക്കു സേവന നികുതി,ചരക്ക് സേവന നികുതി ശൃംഖല എന്നീ  പരിഷ്‌ക്കാരങ്ങളും, സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോർഡ് ആയി മാറിയതും  2015 മുതൽ നിലവിലുള്ള  ധാരണാപത്രത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളാണ്.മാറിയ സാഹചര്യത്തിൽ  പുതിയ സാങ്കേതികവിദ്യകൾ  ഉൾപ്പെടെയുള്ള കാര്യങ്ങൾ  ഇന്ന് ഒപ്പുവച്ച ധാരണാപത്രത്തിൽ ഉചിതമായ രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വസ്തുതകളും വിവരങ്ങളും സി.ബി.ഡി.ടി.യും സി.ബി.ഐ.സി.യും തമ്മിൽ പതിവായും സ്വാഭാവികമായും  പങ്കിടുന്നതിന് ഈ ധാരണാപത്രം സഹായകമാകും. സി.ബി.ഡി.ടി.യുടെയും  സി.ബി.ഐ.സി.യുടെയും  ഡാറ്റാബേസുകളിൽ ലഭ്യമായ ഏത് വിവരവും ഇരു സ്ഥാപനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.

ഒപ്പു വച്ച തീയതി മുതൽ ധാരണാപത്രത്തിന്  പ്രാബല്യമുണ്ട്. വിവര കൈമാറ്റം സുഗമമാക്കാൻ ഡാറ്റാ എക്സ്ചേഞ്ച് സ്റ്റിയറിംഗ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഡാറ്റാ എക്സ്ചേഞ്ച് അവലോകനം ചെയ്യുന്നതിനും ഡാറ്റാ ഷെയറിംഗ് സംവിധാനത്തിന്റെ ഫലപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി  ഇടയ്ക്കിടെ  സ്റ്റിയറിംഗ് ഗ്രൂപ്പ്  യോഗം ചേരും.

****
 



(Release ID: 1640195) Visitor Counter : 373