ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌ വിനിയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രമന്ത്രി ശ്രീ ഗിരിരാജ് സിംഗ് പുറത്തിറക്കി

Posted On: 16 JUL 2020 4:05PM by PIB Thiruvananthpuram


കേന്ദ്ര മൃഗസംരക്ഷണ,ഫിഷറീസ്‌,ക്ഷീരവകുപ്പു മന്ത്രി ശ്രീ ഗിരിരാജ് സിംഗ് , മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌ (എഎച്ച്‌ഐഡിഎഫ്‌) വിനിയോഗത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. 24.06.2020 ന്‌ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ്‌ ആത്‌മനിർഭർ ഭാരത്‌ ഉത്തേജന പദ്ധതിക്കു കീഴിൽ 15000 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകിയത്‌. കേന്ദ്ര മൃഗസംരക്ഷണ,ഫിഷറീസ്‌,ക്ഷീരവകുപ്പു സഹമന്ത്രി ശ്രീ പ്രതാപ്‌ ചന്ദ്ര സാരംഗി ചടങ്ങിൽ സന്നഹിതനായി.

ക്ഷീരമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി ക്ഷീര സഹകരണ മേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എം‌എസ്‌എം‌ഇകളും സ്വകാര്യ കമ്പനികളും സംസ്‌കരണത്തിനും മൂല്യവർദ്ധിത പദ്ധതികൾക്കുമുള്ള അടിസ്ഥാന സൗകര്യ പങ്കാളിത്തത്തിന് പ്രോത്സാഹനം നൽകുന്നതിനാണ് എഎച്ച്ഐഡിഎഫ് ഒരുക്കിയിരിക്കുന്നത്‌.

കുറഞ്ഞത് 10% മാർജിൻ മണി നിക്ഷേപിക്കുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒകൾ), എംഎസ്എംഇകൾ, സെക്ഷൻ 8 കമ്പനികൾ, സ്വകാര്യ കമ്പനികൾ, വ്യക്തിഗത സംരംഭകർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 90% ഷെഡ്യൂൾഡ് ബാങ്കുകൾ ലഭ്യമാക്കേണ്ട വായ്പക്കു വേണ്ടിയുള്ളതായിരിക്കും. യോഗ്യരായ ഗുണഭോക്താക്കൾക്ക് 3% പലിശ സബ്‌സിഡി കേന്ദ്ര സർക്കാർ നൽകും. പ്രധാന വായ്പ തുകയ്ക്ക് 2 വർഷത്തെ മൊറട്ടോറിയം കാലാവധിയും അതിനുശേഷം 6 വർഷത്തെ തിരിച്ചടവ് കാലാവധിയും ഉണ്ടായിരിക്കും.

കേന്ദ്ര ഗവൺമെന്റ് 750 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടും നബാർഡിനു കീഴില്‍ രൂപീകരിക്കും. എം‌എസ്‌എം‌ഇ പരിധിയിൽ വരുന്ന അനുവദനീയമായ പദ്ധതികൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. വായ്‌പാ സൗകര്യത്തിന്റെ 25% വരെ ഗ്യാരണ്ടി കവറേജ് ആയിരിക്കും. പാൽ, ഇറച്ചി സംസ്കരണം, മൂല്യവർദ്ധിത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനോ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന ഗുണഭോക്താക്കൾക്ക് സിഡ്ബിയുടെ “ഉദ്യാമി മിത്ര” പോർട്ടൽ വഴി ഷെഡ്യൂൾഡ് ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ള ഗുണഭോക്താക്കളുടെ സംസ്‌കരണം, മൂല്യവർദ്ധിത അടിസ്ഥാന സൗകര്യം എന്നിവയിലെ അത്തരം നിക്ഷേപങ്ങൾ മൂല്യവർദ്ധിത ചരക്കുകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. ഇന്ത്യയിലെ പാൽ ഉൽപാദനത്തിന്റെ അന്തിമ മൂല്യത്തിന്റെ 50-60% കർഷകരിലേക്ക് തിരികെ എത്തുന്നതിനാൽ, ഈ മേഖലയിലെ വളർച്ച കർഷകന്റെ വരുമാനത്തിൽ നേരിട്ടു സ്വാധീനം ചെലുത്തും.

മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌ വിനിയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്‌.(Release ID: 1639126) Visitor Counter : 13