യുവജനകാര്യ, കായിക മന്ത്രാലയം

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിമാരുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രണ്ട് ദിവസത്തെ വീഡിയോ കോണ്‍ഫറന്‍സ് നടത്തും.

Posted On: 13 JUL 2020 3:23PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 13, 2020

കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ശ്രീ കിരണ്‍ റിജിജു എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കായിക, യുവജന വകുപ്പ് മന്ത്രിമാരുമായി ജൂലൈ 14,15 തീയതികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും. കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനതലത്തില്‍ തന്നെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും രാജ്യമെമ്പാടുമുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS), നെഹ്‌റു യുവ കേന്ദ്ര സംഗതനുകള്‍ (NYKS) എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ലോക് ഡൗണ്‍ കാലയളവില്‍, ഫീല്‍ഡ് പരിശീലനം ഇല്ലായിരുന്നെങ്കിലും അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനം നല്‍കിയതായി വീഡിയോ കോണ്‍ഫറന്‍സ് മീറ്റിങ്ങിനെപ്പറ്റി വിശദമാക്കവേ ശ്രീ റിജിജു പറഞ്ഞു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലാ ഭരണകൂടങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നമ്മുടെ  എന്‍.എസ്.എസ്. നെഹ്‌റു യുവകേന്ദ്ര സന്നദ്ധ പ്രവര്‍ത്തകര്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചത്. ബോധവല്‍ക്കരണ പരിപാടികളിലും മാസ്‌ക് വിതരണം ചെയ്യുന്നതിനും പ്രായമായവരെ സഹായിക്കുന്നതിനുമെല്ലാം 75 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.' ശ്രീ റിജിജു അറിയിച്ചു .

കോവിഡ് 19 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, സംസ്ഥാനതലത്തില്‍ കായിക പരിപാടികള്‍ പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുക, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബ്ലോക്ക്, ജില്ലാതലങ്ങളില്‍  കായിക മത്സരങ്ങള്‍ നടത്തി യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ശാരീരിക ക്ഷമത, കായികം എന്നിവ രാജ്യമെമ്പാടുമുള്ള വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. 'ഖേലോ ഇന്ത്യ' മത്സരങ്ങളും, യുവനജോത്സവങ്ങളും ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ നടത്താനുള്ള പദ്ധതികളും യോഗം തീരുമാനിക്കും.

2028 ഒളിമ്പിക്‌സില്‍, ഇന്ത്യയെ, ലോകത്തിലെ മികച്ച ആദ്യ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന്, താഴേത്തട്ടില്‍തന്നെ കായിക അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഖേലോ ഇന്ത്യ സ്‌റ്റേറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ( KISCE    ) സ്ഥാപിക്കാന്‍ കായികമന്ത്രാലയം ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലാതലത്തില്‍ 1000 ഖേലോ ഇന്ത്യസെന്ററുകള്‍ കൂടി രൂപീകരിക്കും. തദ്ദേശീയരായ കായിക പ്രതിഭകളെ കണ്ടെത്തി, ഒളിമ്പിക്‌സിലെ 14 ഇനങ്ങളിലും പാരമ്പര്യ കായിക ഇനങ്ങളിലും മത്സര സജ്ജരാക്കുകയാണ്  ലക്ഷ്യം. ഇതു കൂടാതെ ഒരു സംസ്ഥാനം, ഒരു കായികനയം എന്ന ഗവണ്‍മെന്റിന്റെ നയം ചര്‍ച്ച ചെയ്യുകയും വേഗത്തില്‍ നടപ്പാക്കുകയും വേണം. എല്ലാ സംസ്ഥാനങ്ങളുമായും ആശയങ്ങള്‍  കൈമാറുന്നതിലൂടെ ഇന്ത്യയെ കായികരംഗത്തെ 'സൂപ്പര്‍പവര്‍' ആക്കി മാറ്റാനുള്ള സംയോജിത മാര്‍ഗരേഖ രൂപീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ. കിരണ്‍ റിജിജു പറഞ്ഞു.



(Release ID: 1638338) Visitor Counter : 179