മന്ത്രിസഭ

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി വിപുലീകരിനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം - 2020 ജൂലൈ മുതൽ നവംബർ വരെയുള്ള അഞ്ച് മാസം കൂടി സൗജന്യഭക്ഷ്യധാന്യങ്ങൾ അനുവദിച്ചു

Posted On: 08 JUL 2020 4:21PM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 08, 2020

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി ദുർബല വിഭാഗങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ. വൈ) പദ്ധതി കൂടുതൽ വിപുലീകരിക്കാനും 2020 ജൂലൈ മുതൽ നവംബർ വരെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാനുമുള്ള തീരുമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

“പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന്റെ (പി‌എം‌ജി‌കെ‌പി) ഭാഗമായാണ് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി പ്രഖ്യാപിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, 81 കോടി ഗുണഭോക്താക്കൾക്ക് 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻ.‌എഫ്.‌എസ്‌.എ.) പ്രതിമാസം 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങൾ (അരി/ഗോതമ്പ്) ലഭ്യമാക്കുന്ന പദ്ധതിയാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മൂന്ന് മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ പാവപ്പെട്ടവർക്കും സാമ്പത്തിക പിന്തുണ ആവശ്യമുള്ളവർക്കും കൂടുതൽ കാലം സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി 2020 ജൂലൈ മുതൽ നവംബർ വരെയുള്ള അടുത്ത 5 മാസത്തേക്ക് കൂടി നീട്ടിയത്.

നേരത്തെ, പി‌.എം.‌ജി.‌കെ.‌എ.വൈ.യ്‌ക്ക് കീഴിൽ മൊത്തം 120 ലക്ഷം മെട്രിക് ടൺ (എൽ‌.എം.‌ടി.) ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യാനായി അനുവദിച്ചിരുന്നു. 2020 ഏപ്രിൽ മുതൽ ജൂൺ വരെ മൂന്ന് മാസത്തേക്ക് എഫ്‌.സി‌.ഐ.യും മറ്റ് സംസ്ഥാന ഏജൻസികളും 116.5 ലക്ഷം മെട്രിക് ടൺ (97%) ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനായി കൈമാറി. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ, അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ 89% അതായതു ഏകദേശം 107 ലക്ഷം മെട്രിക് ടൺ വിതരണം പൂർത്തിയാക്കിയിട്ടുണ്ട്.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന പദ്ധതി നവംബർ വരെയുള്ള 5 മാസത്തേക്ക് കൂടി നീട്ടിയതോടെ ഈ വർഷം കേന്ദ്രസർക്കാരിന് 76,062 കോടി രൂപ അധിക ചെലവ് വരും.
 



(Release ID: 1637284) Visitor Counter : 179