ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത് 2  കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും

Posted On: 03 JUL 2020 12:37PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, 03 ജൂലൈ 2020

കോവിഡ് 19 പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മഹാമാരിയെ തടയുന്നതിനായി ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് നടപടികള്‍ സ്വീകരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് തദ്ദേശീയമായി സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം, ടെക്സ്റ്റൈല്‍സ് മന്ത്രാലയം, ഫാര്‍മസ്യൂട്ടിക്കല്‍സ് മന്ത്രാലയം, ഡിആര്‍ഡിഒ തുടങ്ങിയവ പ്രോത്സാഹനം നല്‍കിയിരുന്നു. ആഭ്യന്തര വ്യവസായ മേഖലയും ഈ കാലയളവില്‍ അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ പിപിഇ, എന്‍ 95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും പ്രോത്സാഹനം നല്‍കിയിരുന്നു.'ആത്മനിഭര്‍ ഭാരത്', 'മേക്ക് ഇന്‍ ഇന്ത്യ' എന്നിവയുടെ ഭാഗമായി തദ്ദേശീയമായി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു.

 2020 ഏപ്രില്‍ 1 മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 2.02 കോടിയിലധികം എന്‍ 95 മാസ്‌കുകളും 1.18 കോടിയിലധികം പിപിഇ കിറ്റുകളും കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി വിതരണം ചെയ്തു. കൂടാതെ 6.12 കോടിയിലധികം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും വിതരണം ചെയ്തു.

ഇതുകൂടാതെ, ഇതുവരെ 11,300 'മേക്ക് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. അതില്‍ 6154 വെന്റിലേറ്ററുകള്‍ ഇതിനകം വിവിധ ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. കോവിഡ് ഐസിയുകളില്‍ വെന്റിലേറ്ററുകളുടെ ലഭ്യതയിലെ വലിയ അന്തരം നികത്താന്‍ ഇതിനാകും. 1.02 ലക്ഷം ഓക്സിജന്‍ സിലിണ്ടറുകളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിതരണം ചെയ്തു. അതില്‍ 72,293 എണ്ണം ആശുപത്രികളിലെ ഓക്സിജന്‍ നല്‍കാന്‍ സൗകര്യമുള്ള കിടക്കകള്‍ക്കായാണ് ഉപയോഗിക്കുക.

ഡല്‍ഹിയില്‍ ഇതുവരെ 7.81 ലക്ഷം പിപിഇകളും 12.76 ലക്ഷം എന്‍ 95 മാസ്‌കുകളും വിതരണം ചെയ്തു. 11.78 ലക്ഷം പിപിഇകളും 20.64 എന്‍ 95 മാസ്‌കുകളും മഹാരാഷ്ട്രയിലും, 5.39 ലക്ഷം പിപിഇകളും 9.81 ലക്ഷം എന്‍ 95 മാസ്‌കുകളും തമിഴ്‌നാട്ടിലും വിതരണം ചെയ്തു.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***


(Release ID: 1636163) Visitor Counter : 245