പരിസ്ഥിതി, വനം മന്ത്രാലയം

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍  നഗരവനം ഉദ്ഘാടനം ചെയ്തു നഗരവനങ്ങള്‍ നഗരങ്ങളുടെ ശ്വാസകോശം; ഓക്സിജന്‍ ബാങ്കായും കാര്‍ബണ്‍ സിങ്കായും അവ പ്രവര്‍ത്തിക്കുന്നു: ശ്രീ. പ്രകാശ് ജാവദേക്കര്‍

Posted On: 02 JUL 2020 2:26PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 2 ജൂലൈ 2020

ന്യൂഡല്‍ഹിയിലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസ് ക്യാമ്പസില്‍ സവിശേഷമായ നഗര വനം (അര്‍ബന്‍ ഫോറസ്റ്റ്) കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ്-എക്യുഐ) ആശങ്കയുണര്‍ത്തുന്ന നിലയിലാണ്. ഇക്കാര്യം കണക്കിലെടുത്താണ് ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഓഫീസില്‍ നഗര വനം സ്ഥാപിച്ചത്.

പ്രാദേശികമായി ലഭ്യമായ ചെടികളാണു നാഗരിക വനത്തിനായി ഉപയോഗപ്പെടുത്തിയത്. ഇവ പരിസ്ഥിതിക്ക് അനുകൂലവും പ്രകൃതി സംരക്ഷണത്തിന് ഉതകുന്നതുമാണ്. കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും വലിയ മരങ്ങളും ഇവിടെയുണ്ട്.
59 തദ്ദേശീയ ഇനത്തില്‍പ്പെട്ട 12,000 സസ്യങ്ങള്‍ വളരുന്നതിലൂടെ ഇവിടെ ആകര്‍ഷണീയമായ ഒരു വനം തന്നെ ഉണ്ടാകുമെന്ന് ശ്രീ. പ്രകാശ് ജാവദേക്കര്‍  പറഞ്ഞു. ഓക്സിജന്‍ ബാങ്കായും കാര്‍ബണ്‍ സിങ്കായും വര്‍ത്തിക്കാന്‍ ഇത്തരം ചെറു കാടുകള്‍ ഉപയോഗപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ മറ്റു ഗവണ്‍മെന്റ് ഓഫീസുകല്‍ക്ക് അനുകരണീയമായ ഒരു മാതൃകയാണിതെന്നും ശ്രീ.പ്രകാശ് ജാവദേകര്‍ പറഞ്ഞു.

ഒരു ഏക്കറിലധികം സ്ഥലത്താണ് ഈ നഗര വനം സ്ഥാപിച്ചിരിക്കുന്നത്.

നഗരങ്ങളില്‍ കൂടുതല്‍ വനവല്‍ക്കരണത്തിനു തുടക്കം കുറിക്കാന്‍ ഈ പ്രവൃത്തിക്കാകുമെന്നാണ് സിഎജി അധികൃതരുടെ പ്രതീക്ഷ. ചെറുതെങ്കിലും ഡല്‍ഹിയുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്.

കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ രാജ്യത്താകമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 200 അര്‍ബന്‍ ഫോറസ്റ്റുകള്‍ (നഗര വനങ്ങള്‍) സൃഷ്ടിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
***



(Release ID: 1635929) Visitor Counter : 165